|

പാറക്കടവ് പീഡനം: പെണ്‍കുട്ടി സ്വയം മുറിവേല്‍പ്പിച്ചതെന്ന് ക്രൈംബ്രാഞ്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

child-011നാദാപുരം: പാറക്കടവ് ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നാലരവയസുകാരി ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറിയും പ്രമുഖ മതപണ്ഡിതനുമായ പേരോട് അബ്ദുറഹിമാന്‍ സഖാഫിയുടെ ആവശ്യപ്രകാരം അന്വേഷണം ആരംഭിച്ച ക്രൈംബ്രാഞ്ച് സംഘത്തിന്റേതാണ് ഈ കണ്ടെത്തല്‍.

കുട്ടി ലൈംഗികാവയവത്തില്‍ സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.  ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു.

പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെയും തലശേരി സഹകരണ ആശുപത്രിയിലെയും ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ടു നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് മൂത്രനാളിയിലെ അണുബാധയെ തുടര്‍ന്ന് പെണ്‍കുട്ടി ചൊറിഞ്ഞതാണ് ലൈംഗികാവയവത്തില്‍ മുറിവേല്‍ക്കാന്‍ കാരണമെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൂടാതെ മാതാവിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ലൈംഗിക പീഡനക്കഥയുണ്ടാക്കിയതെന്ന വിലയിരുത്തലും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്.

പാറക്കടവ് കേസ് അട്ടിമറിക്കപ്പെട്ടെന്ന് വ്യക്തമാക്കുന്നതാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കേസ് അന്വേഷിച്ച താമരശേരി ഡി.വൈ.എസ്.പി ജെയ്‌സണ്‍ കെ. എബ്രഹാം അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പീഡനം നടന്നതായി സമ്മതിച്ചിരുന്നു. എന്നാല്‍ സ്‌കൂള്‍ ബസ് ക്ലീനര്‍ മുനീറാണ് പ്രതിയെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍.

മുനീറിനെ കേസില്‍ കുടുക്കാനുള്ള ശ്രമങ്ങള്‍ എറെ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിരുന്നു. മുനീറിനെ പ്രതിയാക്കി തടിയൂരാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് പീഡനമേ നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ടുണ്ടാക്കി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് ഇതേ സ്‌കൂളിനോടനുബന്ധിച്ച ഓര്‍ഫനേജില്‍ താമസിച്ച് മതപഠനം നടത്തുന്ന തലശേരി പാറോട് ചെറുപറമ്പ് സ്വദേശി കുണ്ടാരംചേരി മുത്തലിബ് സഖാഫിയുടെ മകന്‍ മുബഷീര്‍ (19), തലശേരി എരഞ്ഞോളി ചുങ്കത്തില്‍ പവിത്രം വീട്ടില്‍ സിറാജിന്റെ മകന്‍ ഷംസുദ്ദീന്‍ (18) എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. പെണ്‍കുട്ടി ഇവരെ തിരിച്ചറിയുകയും ചെയ്തിരുന്നു.

മലപ്പുറം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി മോഹനചന്ദ്രനാണ് കേസന്വേഷിച്ചിരുന്നത്. എന്നാല്‍ ഇദ്ദേഹത്തെ ഒഴിവാക്കി കേസ് കെ.വി സന്തോഷിനു നല്‍കുകയായിരുന്നു. കെ.വി സന്തോഷാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.

നേരത്തെ പീഡനത്തിനിരയായ പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തില്‍ പ്രഭാഷണം നടത്തിയ പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫിയുടെ നടപടി വിവാദമായിരുന്നു.

നാല് വയസുകാരിയെ പീഡിപ്പിച്ച സംഭവം: പേരോട് അബ്ദുറഹിമാന്‍ സഖാഫിയുടെ പ്രഭാഷണം (പൂര്‍ണ രൂപം)