ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന്
Nun abuse case
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th September 2018, 8:50 am

കോട്ടയം: ബിഷപ്പ് ഫ്രാാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പരാതിയിലെ അനുബന്ധ കേസുകള്‍ ജില്ലാ ക്രൈംബ്രാഞ്ചിന്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസും പരാതിക്കാരിയുടെ ചിത്രം പ്രചരിപ്പിച്ച കേസുമാണ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്.

പ്രധാനകേസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ജോലിഭാരം കുറയ്ക്കുന്നതിനും വേണ്ടിയാണ് വൈക്കം ഡി.വൈ.എസ്.പിയെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയിരിക്കുന്നതെന്നാണ് വിശദീകരണം.

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ഫാദര്‍ ജെയിംസ് എര്‍ത്തയിലാണ് പ്രതിസ്ഥാനത്തുള്ളത്. കേസില്‍ നിന്ന് പിന്‍മാറാന്‍ പത്തേക്കര്‍ ഭൂമിയും മഠവുമാണ് എര്‍ത്തയില്‍ വാഗ്ദാനം ചെയ്തത്. വഴങ്ങിയില്ലെങ്കില്‍ പ്രതികാര നടപടികളുണ്ടാവുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. ബിഷപ്പിന്റെ അറിവോടെ സഭയില്‍ തന്നെയുള്ളവരാണ് ഇതിന് പിന്നിലെന്ന് വ്യക്തമായിരുന്നു.

കന്യാസ്ത്രീയെ തള്ളിപ്പറഞ്ഞുകൊണ്ട് മിഷനറീസ് ഓഫ് ജീസസ് പുറത്തുവിട്ട കമ്മീഷന്‍ റിപ്പോര്‍ട്ടിനൊപ്പമാണ് പരാതിക്കാരിയുടെ ചിത്രം സഭ പുറത്തുവിട്ടത്. സംഭവത്തില്‍ മിഷനറീസ് ഓഫ് ജീസസ് പി.ആര്‍.ഒ സിസ്റ്റര്‍ അമലയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.