തിരുവനന്തപുരം: കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ക്കെതിരായ മെഡിക്കല്‍ കോഴ ആരോപണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. രമേശ് ചെന്നിത്തലയില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തിട്ടുണ്ട്.
നേരത്തെ തെളിവ് ലഭിക്കാത്തതിനെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടാത്ത ഒരു അഴിമതി ആയതിനാല്‍ ക്രൈം ബ്രാഞ്ച് അന്വേഷണമെന്ന ശുപാര്‍ശയോടെയാണ് വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചത്. ഇതൊടൊപ്പം പ്രതിപക്ഷ നേതാവ് നല്‍കിയ കത്ത് കൂടി ആയുധമാക്കിയാണ് ഒരു മാസം മുമ്പാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്.
അതേ സമയം ബി.ജെ.പിനേതാക്കളോട് മൊഴിരേഖപ്പെടുത്താന്‍ സമയം ചോദിച്ചുവെങ്കിലും പ്രചാരണ തിരക്കായതിനാല്‍ സമയം നല്‍കിയിട്ടില്ല.
സംസ്ഥാനത്ത് സ്വാശ്രയ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിനായി മെഡിക്കല്‍ കോളേജ് കൗണ്‍സിന്റെ അംഗീകാരം വാങ്ങിത്തരാന്‍ ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്‍ ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗമായ വി.വി രാജേഷ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയായിരുന്നു. സംഭവത്തില്‍ സസ്‌പെന്‍ഷനിലായ രാജേഷിനെ അടുത്തിടിടെ ബി.ജെ.പിയില്‍ തിരിച്ചെടുത്തിരുന്നു.
വര്‍ക്കല എസ്.ആര്‍.മെഡിക്കല്‍ കോളജ്, ചെര്‍പ്പുളശ്ശേരി കേരള മെഡിക്കല്‍ കോളജ് എന്നിവയുടെ അംഗീകാരത്തിനായി എം.ടി.രമേശ്, ബിജെപിയുടെ സഹകരണ സെന്‍ മുന്‍ കണ്‍വീനര്‍ എന്നിവര്‍ ഇടനിലക്കാരായി കോടികള്‍ നല്‍കിയെന്നായിരുന്നു ആരോപണം.