തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കോഴക്കേസില്‍ തെളിവ് തേടി തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് തെളിവെടുപ്പ്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും സി.കെ. ജാനുവിനുമെതിരായ കേസിലാണ് ജെ.ആര്‍.പി. നേതാവ് പ്രകാശന്‍ മൊറാഴയെ തലസ്ഥാനത്തെ സ്വകാര്യ ഹോട്ടലിലെത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തിയത്.
ജാനുവിന് സുരേന്ദ്രന്‍ കോഴ നല്‍കിയതിന്റെ ആദ്യ ഗഡു ഒരു ലക്ഷം കൈമാറിയത് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചാണെന്ന് ജെ.ആര്‍.പി. മുന്‍ നേതാവായിരുന്ന പ്രസീതയുടെ വെളിപ്പെടുത്തലുണ്ടായിരുന്നു. പിന്നാലെയാണ് ഇവിടെ തെളിവെടുപ്പ് നടക്കുന്നത്. പണം കൈമാറിയെന്ന് സാക്ഷിമൊഴികളിലുള്ള ഹോം സ്റ്റേയിലും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.
അതേസമയം, വയനാട് ജില്ലയിലെ ബി.ജെ.പി. നേതാക്കളുടെ സാമ്പത്തിക ഉയര്‍ച്ച പരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം പ്രസീത അഴീക്കോട് പറഞ്ഞിരുന്നു. ഇതുവരെ ഉന്നയിച്ച ആരോപണങ്ങളേക്കാള്‍ കൂടുതല്‍ പണമിടപാട് സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ നടന്നിട്ടുണ്ടെന്നും പ്രസീത പറഞ്ഞിരുന്നു.
സി.കെ. ജാനുവിന് കെ. സുരേന്ദ്രന്‍ തിരുവനന്തപുരത്ത് വച്ച് 10 ലക്ഷവും ബത്തേരിയില്‍ വച്ച് 25 ലക്ഷം രൂപയും നല്‍കിയെന്നാണ് പ്രസീത അഴീക്കോട് നേരത്തെ വെളിപ്പെടുത്തിയിരുന്നത്. ഇത് തെളിയിക്കാന്‍ പല ഘട്ടങ്ങളിലായി സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും പ്രസീത പുറത്തുവിട്ടിരുന്നു.
മാര്‍ച്ച് 26ന് ബത്തേരിയിലെ ഹോംസ്റ്റേയില്‍ വെച്ച് 25 ലക്ഷം രൂപ സഞ്ചിയിലാക്കി പൂജാ സാധനങ്ങള്‍ എന്ന വ്യാജേനെ ജാനുവിന് നല്‍കിയെന്നായിരുന്നു പ്രസീതയുടെ ആരോപണം.
കിട്ടിയ പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിന് പകരം സി.കെ. ജാനു സ്വന്തം ആവശ്യങ്ങള്‍ക്കായി മാറ്റിയെന്നുമായിരുന്നു പ്രസീതയുടെ പരാതി.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Crime branch in Thiruvananthapuram seeks evidence in election bribery case