കൊച്ചി: മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവിട്ട് ക്രൈംബ്രാഞ്ച്. സുധാകരന് നല്‍കാനായി അനൂപ് അഹമ്മദിനോട് 25 ലക്ഷം രൂപയാണ് മോന്‍സണ്‍ ആവശ്യപ്പെട്ടതെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കോണ്‍ഗ്രസ് നേതാവ് സുധാകരനെയും മോന്‍സണ്‍ പറ്റിച്ചുവെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുധാകരന് നല്‍കാനായി പരാതിക്കാരനായ അനൂപ് അഹമ്മദിനോട് മോന്‍സണ്‍ ആവശ്യപ്പെട്ടത് 25 ലക്ഷം രൂപയാണ്.
എന്നാല്‍ ഇതില്‍ നിന്ന് 15 ലക്ഷം രൂപ മോന്‍സണ്‍ എടുത്തുമാറ്റിയെന്നും ക്രൈംബ്രാഞ്ച് വെളിപ്പെടുത്തിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2018 നവംബര്‍ 22ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പരാതിക്കാര്‍ പണം കൈമാറിയതെന്നാണ് ഡിജിറ്റല്‍ തെളിവുകള്‍ സഹിതം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്.
പരാതിക്കാരായ അനൂപും ഷെമീറും മോന്‍സണിന്റെ വീട്ടിലെത്തി പണം നല്‍കിയ ദിവസം കെ. സുധാകരന്റെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നുവെന്നും ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ഗാഡ്ജറ്റുകളില്‍ നിന്നുള്ള ഫോട്ടോകളും ഇതിന് തെളിവായി അന്വേഷണ സംഘം വീണ്ടെടുത്തിട്ടുണ്ട്.
മോന്‍സണ് പണം നല്‍കുമ്പോള്‍ കെ. സുധാകരന്‍ അവിടെ ഉണ്ടായിരുന്നുവെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പരാതിക്കാര്‍. തൃശൂര്‍ സ്വദേശികളായ അനൂപും ഷാനിമോനുമാണ് ഈ ആരോപണം ഉന്നയിക്കുന്നത്. സുധാകരനെതിരെ രാഷ്ട്രീയപരമായി ഒരു വിദ്വേഷവും തങ്ങള്‍ക്കില്ലെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.
മോന്‍സണിന്റെ അടുത്ത് സുധാകരന്‍ ചികിത്സയ്ക്ക് പോയതാണെങ്കില്‍ മരുന്ന് കുറിപ്പടി ഉണ്ടാകില്ലേയെന്ന് ഷാനിമോന്‍ ചോദിച്ചു. ‘അത് പുറത്തുവിട്ടാല്‍ പ്രശ്‌നം തീരില്ലേ? വേറെ ബന്ധമൊന്നും ഇല്ലെങ്കില്‍ മോന്‍സണിനെതിരെ പരാതി കൊടുക്കാന്‍ സുധാകരന്‍ മടിക്കുന്നത് എന്തിനാണ്?
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ലക്ഷ്മണക്കും സുരേന്ദ്രനും അടക്കം മോന്‍സണ്‍ പണം നല്‍കിയതിന് രേഖകളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും ഉണ്ട്. അത് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്,’ ഷാനിമോന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, മോന്‍സണ്‍ മാവുങ്കലിനെതിരായ പുരാവസ്തു തട്ടിപ്പ് കേസിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും മോന്‍സണില്‍ നിന്ന് പണം കൈപ്പറ്റിയ പൊലീസുകാരെയും കേസില്‍ പ്രതി ചേര്‍ക്കണമെന്നും പരാതിക്കാരിലൊരാളായ പന്തീരാങ്കാവ് സ്വദേശി എം.ടി. ഷമീര്‍ ആവശ്യപ്പെട്ടു.
Content Highlights: Crime branch gives more evidence against k sudhakaran, kpcc president