തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണക്കടത്ത് കേസില്‍ സ്വമേധയ കേസെടുത്ത് ക്രൈംബ്രാഞ്ച്. മോഷണം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. സ്വര്‍ണക്കടത്തും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ക്രൈബ്രാഞ്ച് വീണ്ടും പരിശോധിക്കും.
കേരളത്തില്‍ സ്വര്‍ണക്കടത്ത് സംബന്ധിച്ച കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേസെടുത്തിരിക്കുന്നത്. സ്വര്‍ണം നഷ്ടമായവരോ മര്‍ദ്ദനമേറ്റവരോ പരാതി നല്‍കാന്‍ മുന്നോട്ടുവരാത്തത് അന്വേഷണത്തെ ബാധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തത്.
മലപ്പുറം ക്രൈം എസ്.പി. കെ.വി. സന്തോഷ് കുമാറാണ് കേസ് അന്വേഷിക്കുക. തിവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണത്തിന്റെ ഭാഗമാകും.
അതേസമയം, രാമനാട്ടുകര വാഹനാപകടം നടന്ന ദിവസം അര്‍ജുന്‍ ആയങ്കിയുടെ കാറിനെ പിന്തുടര്‍ന്ന കൂട്ടത്തില്‍ മഞ്ചേരിയില്‍ നിന്നുള്ള നാലംഗ സംഘവുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അര്‍ജുന്റെ നേതൃത്വത്തിലുള്ള സംഘത്തിന് രാമനാട്ടുകര വെച്ചുണ്ടായ വാഹനാപകടവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം. അപകടത്തില്‍പ്പെട്ട ചെര്‍പ്പുളശ്ശേരി സംഘം അര്‍ജുന്‍ സഞ്ചരിച്ച കാറിനെയാണ് പിന്തുടര്‍ന്നിരുന്നത്. ഇതിനിടെയാണ് അപകടമുണ്ടായത്. സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് പിടിയിലായ ഷഫീഖുമായി അര്‍ജുന് അടുത്ത ബന്ധമുണ്ടെന്നും പൊലീസ് സൂചന നല്‍കുന്നു.
എയര്‍പോര്‍ട്ടില്‍ വെച്ച് പിടിയിലായത് അറിഞ്ഞ അര്‍ജുനും സംഘവും കണ്ണൂരിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവരുടെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്ന് കരുതി ചെര്‍പ്പുളശ്ശേരി സംഘം ഇവരെ പിന്തുടര്‍ന്നത്. ഇതേത്തുടര്‍ന്നാണ് അപകടമുണ്ടായത്. അപകടം നടന്ന ദിവസം മുതല്‍ അര്‍ജുന്‍ ഒളിവിലായിരുന്നു.