| Tuesday, 11th June 2019, 6:28 pm

ജാസ്മിന്‍ ഷാ ഒന്നാം പ്രതി; യു.എന്‍.എ സാമ്പത്തിക തിരിമറി കേസില്‍ ക്രൈം ബ്രാഞ്ച് കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ(യു.എന്‍.എ) സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് കേസെടുത്തു. യു.എന്‍.എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ അടക്കം അഞ്ചു പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ജാസ്മിന്‍ ഷാ ഒന്നാം പ്രതി പ്രതിയായ കേസില്‍, സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ഓഫീസ് ജീവനക്കാരന്‍ ജിത്തു, ഡ്രൈവര്‍ നിധിന്‍ മോഹന്‍ തുടങ്ങിയവരാണ് മറ്റു പ്രതികള്‍.

വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജാസ്മിന്‍ ഷാ മൂന്നരക്കോടി രൂപയോളം രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയെന്നും ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യു.എന്‍.എ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.

സംഘടനയുടെ അക്കൗണ്ടില്‍ നിന്നും മൂന്ന് കോടിയിലേറെ രൂപ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ അറിവോടെ തിരിമറി നടത്തിയതായാണ് പരാതി. മാസവരി സഖ്യ പിരിച്ച പണം മൂന്ന് അക്കൗണ്ടുകളിലായിട്ടാണ് നിക്ഷേപിച്ചിരുന്നത്. മൂന്ന് കോടിയിലധികം രൂപ അക്കൗണ്ടുകളില്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരു കോടി ചിലവഴിച്ചതിന് വ്യക്തമായ കണക്കുണ്ട്. എന്നാല്‍ ബാക്കി തുക അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചെങ്കിലും അതിന് വ്യക്തമായ കണക്കില്ലെന്നാണ് പരാതിയില്‍ പറയില്‍ പറയുന്നത്.

നഴ്‌സസ് അസോസിയേഷന്‍ നേതൃത്വം മൂന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ക്രൈം ബ്രാഞ്ച് രണ്ട് തവണ പ്രാഥമികാന്വേഷണം നടത്തിയിരുന്നു. സമഗ്ര അന്വേഷണത്തിന്റെ ഭാഗമായി രേഖകളുടെ ഫോറന്‍സിക് പരിശോധന നടത്തണമെന്ന് ആവശ്യം ക്രൈംബ്രാഞ്ച് മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.യുടെ ശുപാര്‍ശ ഡി.ജി.പി.ക്ക് കൈമാറിയതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ ഡി.ജി.പി.ഉത്തരവിറക്കിയത്.

അതേ സമയം കേസിന്റെ ആദ്യഘട്ടത്തില്‍ ജാസ്മിന്‍ ഷാ കേസ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് എ.ഡി.ജി.പി.യുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൂടാതെ അന്വേഷണത്തിനെതിരേ ജാസ്മിന്‍ ഷാ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

നഴ്‌സുമാരുടെ ലെവി പിരിച്ചതടക്കമുള്ള തുകയില്‍ നിന്നാണ് തിരിമറി. സംഘടനയുടെ ദേശീയ പ്രസിഡനന്റായ ജാസ്മിന്‍ ഷാ യുടെ ഡ്രൈവറാണ് അക്കൗണ്ടില്‍ നിന്ന് വലിയ തുക പിന്‍വലിച്ചിരിക്കുന്നത്. പല സമയങ്ങളിലായി വലിയ തുകകള്‍ പിന്‍വലിച്ചതായാണ് ആരോപണം. മറ്റ് പല കമ്പനികളുടെ പേരില്‍ സംഘടനയുടെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചിട്ടുണ്ട്. കൂടാതെ സംഘടനയുടെ മറ്റ് രണ്ട് അക്കൗണ്ടുകളിലേക്ക് പണം മാറ്റുകയും അതില്‍ നിന്നും വലിയ തുകകള്‍ പിന്‍വലിക്കുകയും ചെയ്തു.

ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ 59 ലക്ഷം രൂപ അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചതിനും ഒരു സ്വകാര്യ കമ്പനിക്ക് 20 ലക്ഷം നല്‍കിയതിനും ഒക്കെ രേഖയുണ്ടെങ്കിലും എന്ത് ആവശ്യത്തിനാണ് പണം പിന്‍വലിച്ചതെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടില്ല. പല തവണ നേതൃത്വത്തോട് കണക്ക് ആവശ്യപ്പെട്ടെങ്കിലും അവഗണിക്കുകയായിരുന്നുവെന്നും അതിനാലാണ് പരാതിയുമായി രംഗത്തുവന്നതെന്നും മുന്‍ വൈസ് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more