കോഴിക്കോട്: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി എന്നിവര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് ക്രൈം ബ്രാഞ്ച് കേസെടുത്തു. സരിത എസ് നായര്‍ നല്‍കിയ പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
സോളാര്‍ അന്വേഷണ കമ്മീഷനായ ശിവരാജ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിരുന്നെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഓരോരുത്തര്‍ക്കും എതിരെ പ്രത്യേകം പ്രത്യേകം പരാതി നല്‍കുകയാണെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് സരിതയ്ക്ക് നിയമോപദേശം ലഭിച്ചിരുന്നു.
ഉമ്മന്‍ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പടെയുള്ള കുറ്റത്തിനും കെ സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിനുമാണ് കേസെടുത്തിരിക്കുന്നത്.
സോളാര്‍ കേസുമായി ബന്ധപ്പെട്ട ജുഡിഷ്യല്‍ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, മുന്‍മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ സരിത എസ് നായരെ പീഡിപ്പിച്ചതായി പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് കേസ് അന്വേഷിക്കാന്‍ ഉത്തര മേഖലാ എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. ഈ അന്വേഷണ സംഘത്തിന് സരിത എസ് നായര്‍ കഴിഞ്ഞ ദിവസം പ്രത്യേകം പരാതി നല്‍കിയിരുന്നു.
പ്രത്യേക അന്വേഷണ സംഘം തന്നെയായിരിക്കും ഈ കേസിന്റെ തുടരന്വേഷണം നടത്തുക. കേസിന്റെ ഭാഗമായി അടുത്ത ദിവസം അന്വേഷണമ സംഘം സരിത എസ് നായരുടെ മൊഴി എടുക്കും