| Wednesday, 22nd May 2013, 3:35 pm

കെ.ടി.ജയകൃഷ്ണന്‍ വധക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: കെ.ടി.ജയകൃഷ്ണന്‍ വധക്കേസ്  ഇനി ക്രൈംബ്രാഞ്ച്  അന്വേഷിക്കില്ല. കേസ് അന്വേഷിക്കാനാവില്ലെന്നും അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും ക്രൈംബ്രാഞ്ച്, എ.ഡി.ജി.പിയെ അറിയിച്ചു.[]

കേസ് സുപ്രീംകോടതി തീര്‍പ്പാക്കിയതാണെന്നും നേരത്തെ അന്വേഷിച്ചത് സംസ്ഥാന പൊലീസിലെ ഉന്നതരാണെന്നും ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷയില്‍ പറയുന്നു.

താനുള്‍പ്പെടെ കെ.ടി ജയകൃഷ്ണന്‍ വധക്കേസിലെ പ്രധാനപ്രതികളെ ഒഴിവാക്കിയാണ് അന്ന് നടപടി സ്വീകരിച്ചിരുന്നതെന്നും കേസിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടിയിട്ടില്ലെന്നും അന്വേഷണ സംഘത്തോട് ടി.പി വധക്കേസില്‍ ചോദ്യം ചെയ്യുന്നതിനിടെ ടി.കെ രജീഷ് മൊഴി നല്‍കിയിരുന്നു.

ജയകൃഷ്ണന്‍ മാസ്റ്ററെ വധിക്കാനായി നിയോഗിക്കപ്പെട്ട സംഘത്തിലെ പതിനാറ് പേരുടെ വിവരങ്ങള്‍ രജീഷ് വെളിപ്പെടുത്തിയിരുന്നു. ജയകൃഷ്ണന്‍ മാസ്റ്ററെ വെട്ടിക്കൊന്ന സംഘത്തില്‍ തനിയ്‌ക്കൊപ്പമുണ്ടായിരുന്ന അച്ചാരുപറമ്പത്ത് പ്രദീപ് മാത്രമായിരുന്നു പിടിയിലായതെന്നാണ് രജീഷ് മൊഴി നല്‍കിയത്.

ഇതേത്തുടര്‍ന്നാണ് കേസ് പുനരന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. അന്വേഷണം നടത്തുന്നതില്‍ അപാകതയില്ലെന്ന് കോടതിയും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കേസ് അന്വേഷിക്കാനാവില്ലെന്നും അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും കാണിച്ച് ക്രൈംബ്രാഞ്ച്, എ.ഡി.ജി.പിക്ക് കത്തയക്കുകകയായിരുന്നു.

1999 ഡിസംബര്‍ ഒന്നിന് പകല്‍ 10.30ന് മൊകേരി യു.പി. സ്‌കൂള്‍ ക്ലാസ് മുറിയിലാണ് ജയകൃഷ്ണന്‍ മാസ്റ്റര്‍ വെട്ടേറ്റുമരിച്ചത്. നാല്‍പതോളം കുട്ടികളുടെ മുന്നില്‍ പഠിപ്പിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന ജയകൃഷ്ണനെ ഒരു സംഘമാളുകള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

55 മുറിവുകള്‍ ജയകൃഷ്ണന്റെ മൃതദേഹത്തില്‍ കാണപ്പെട്ടുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസില്‍ പിടിയിലായ സി.പി.ഐ.എം. പ്രവര്‍ത്തകര്‍ക്ക് സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത് ഹൈക്കോടതിയും ശരിവച്ചു.

പിന്നീട് സുപ്രീം കോടതി ഒരാളെയൊഴികെ ബാക്കിയെല്ലാവരെയും വെറുതെ വിടുകയായിരുന്നു. ജീവപര്യത്തിന് ശിക്ഷിക്കപ്പെട്ട അച്ചാരത്ത് പറമ്പില്‍ പ്രദീപനെ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണകാലത്ത് ശിക്ഷാകാലയളവില്‍ ഇളവ് വരുത്തി ജയില്‍മോചിതനാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more