| Saturday, 2nd April 2022, 9:20 am

ബാറ്ററിയില്ല, ടയറും പഞ്ചര്‍, ദിലീപിന്റെ കാര്‍ ഓഫീസിലേക്കെത്തിക്കാനാവാതെ ക്രൈംബ്രാഞ്ച്; കെട്ടിവലിച്ചെങ്കിലും എത്തിക്കാന്‍ ശ്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചന നടന്നുവെന്ന് പൊലീസ് സംശയിക്കുന്ന നടന്‍ ദിലീപിന്റെ കാര്‍ കസ്റ്റഡിയിലെടുത്തിട്ടും ഓഫീസിലേക്ക് മാറ്റാനാവാതെ ക്രൈംബ്രാഞ്ച്. കാറിന്റെ രണ്ട് ടയര്‍ പഞ്ചറായതിനാലും ബാറ്ററിയില്ലാത്തതിനാലുമാണ് കാര്‍ ക്രൈംബ്രാഞ്ച് ഓഫീസിലേക്കെത്തിക്കാന്‍ സാധിക്കാതിരുന്നത്.

ഇതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപും പള്‍സര്‍ സുനിയും ഗൂഢാലോചന നടത്തിയത് ഈ കാറില്‍ വെച്ചാണെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.

മെക്കാനിക്കിനെ കൊണ്ടുവന്ന് പരിശോധിപ്പിച്ച ശേഷം കെട്ടിവലിച്ചെങ്കിലും കാര്‍ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ് പൊലീസ്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരി ഭര്‍ത്താവ് സുരാജിനെയും അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും. അടുത്ത ദിവസങ്ങളില്‍ തന്നെ ഇരുവരേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് വിവരം.

നടിയെ ആക്രമിച്ചെന്ന ആദ്യ കേസിന്റെ ഗൂഢാലോചനയില്‍ പങ്കുള്ളവരാണ് ദീലിപിന്റെ സഹോദരന്‍ അനൂപും, സഹോദരീ ഭര്‍ത്താവ് സുരാജുമെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.

കേസില്‍ ദിലീപിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇരുവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. ഇന്നല്ലെങ്കില്‍ തിങ്കളാഴ്ച ഇരുവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് ലഭ്യമാകുന്ന സൂചന.

ആലുവ പൊലീസ് ക്ലബ്ബിലായിരിക്കും ചോദ്യം ചെയ്യല്‍. ക്രൈംബ്രാഞ്ച് എസ്.പി സോജന്‍, ഡി.വൈ.എസ്.പി ബൈജു പൗലോസ്, എ.ഡി.ജി.പി എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാകും ചോദ്യം ചെയ്യുന്നത്.

Content Highlight: Crime branch cant move Dileep’s car to office, actress attack case
We use cookies to give you the best possible experience. Learn more