|

പൊലീസില്‍ അഴിച്ചുപണി; ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി എസ്. ശ്രീജിത്തിനെയും മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഉന്നതപദവികളില്‍ അഴിച്ചുപണി. ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി എസ്. ശ്രീജിത്തിനെയും മാറ്റി. എസ്. ശ്രീജിത്തിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാക്കിയാണ് മാറ്റം, ഷേഖ് ദര്‍വേസ് സാഹിബാണ് ഇനി ക്രൈംബ്രാഞ്ച് മേധാവി.

ഡി.ജി.പി സുദേഷ് കുമാറിനെ ജയില്‍ മേധാവിയാക്കി. നിലവില്‍ വിജിലന്‍സ് ഡയറക്ടറാണ് സുദേഷ് കുമാര്‍. എം.ആര്‍. അജിത്ത് കുമാറാണ് പുതിയ വിജിലന്‍സ് മേധാവി.

നടിയെ ആക്രമിച്ച കേസുമായും വധഗൂഢാലോചന കേസുമായും ബന്ധപ്പെട്ട അന്വേഷണം വഴിത്തിരിവില്‍ നില്‍ക്കെയാണ് എസ്. ശ്രീജിത്തിന്റെ പദവി മാറ്റം എന്നതും ശ്രദ്ധേയമാണ്. നടിയെ ആക്രമിച്ച കേസില്‍ ശ്രീജിത്തിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകര്‍ പരാതി നല്‍കിയിരുന്നു.

അഡ്വക്കേറ്റ് ഫിലിപ്പ് ടി. വര്‍ഗീസാണ് സര്‍ക്കാരിന് പരാതി നല്‍കിയിരുന്നത്. അന്വേഷണ സംഘം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചാണ് ശ്രീജിത്ത് ഉള്‍പ്പെട്ട അന്വേഷണ സംഘത്തിനെതിരെ ദിലീപിന്റെ അഭിഭാഷകര്‍ പരാതി നല്‍കിയിരിക്കുന്നത്.

അന്വേഷണ സംഘം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി പരാതിയില്‍ ആരോപിക്കുന്നുണ്ട്. കേസിലെ പ്രതികളേയും ബന്ധുക്കളേയും ക്രൈംബ്രാഞ്ച് അപമാനിക്കാന്‍ ശ്രമിക്കുന്നു.

ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ അന്വേഷണ സംഘം അപവാദ പ്രചാരണം നടത്തുകയാണ്. ഇതിനുവേണ്ടി അന്വേഷണ സംഘം സായ് ശങ്കറിനെ കൂട്ടുപിടിച്ചു. സായ് ശങ്കറിന് മാധ്യമങ്ങളെ കാണാന്‍ അവസരമൊരുക്കിയത് എ.ഡി.ജി.പിയുടെ നിര്‍ദേശപ്രകാരമാണെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാറിനെതിരെ ഡി.ജി.പി ടോമിന്‍ തച്ചങ്കരി നേരത്തെ പരാതി നല്‍കിയിരുന്നു. പ്രമുഖ സ്വര്‍ണാഭരണ ശാലയില്‍ നിന്നും ആഭരണം വാങ്ങിയ ശേഷം കുറഞ്ഞ തുക നല്‍കിയെന്ന പരാതിയും വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെയുണ്ടായിരുന്നു. ആഭ്യന്തര സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞതോടെയാണ് പദവി മാറ്റം.

Content Highlights: Crime Branch ADGP S Sreejith’s post changed

Latest Stories

Video Stories