| Saturday, 24th August 2024, 4:44 pm

മഹാരാഷ്ട്രയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർധിക്കുന്നു: വഡെറ്റിവാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: മഹാരാഷ്ട്രയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്നും കുറ്റവാളികൾ നിയമത്തെ ഭയപ്പെടുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിജയ് നംദേവ്റാവു വഡെറ്റിവാർ. മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും കസേരകളിൽ ഇരിക്കുന്നവർ ആ സ്ഥാനത്തിന് അർഹരല്ലെന്നും അദ്ദേഹം വിമർശിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ സമീപകാല ലൈംഗിക കുറ്റകൃത്യങ്ങൾ, വൻ പ്രതിഷേധത്തിന് കാരണമായ ബദ്‌ലാപൂർ സംഭവം ഉൾപ്പെടെയുള്ള സംഭവങ്ങളെക്കുറിച്ച് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാനമില്ലെന്നും അടുത്തുണ്ടായ സംഭവങ്ങൾ മഹാരാഷ്ട്രയ്ക്ക് നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെക്ക് ലഡ്‌കി ബഹിൻ യോജന പരിപാടികൾ അഭിസംബോധന ചെയ്യാൻ സമയമുണ്ട്, എന്നാൽ ഇരകളുടെ കുടുംബങ്ങളെ കാണാൻ അദ്ദേഹത്തിന് സമയമില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

താനെയിലാണ് ഇത്തരം സംഭവങ്ങൾ കൂടുതലെന്നും ഒപ്പം നാഗ്പൂരിലും അതിക്രമങ്ങൾ വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘താനെയിലാണ് ഇത്തരം കുറ്റകൃത്യങ്ങൾ കൂടുതലും നടക്കുന്നത്. കുറ്റവാളികൾ ശിവസേന അനുഭാവികളാണ്. അവരുടെ നേതാവ് ഉന്നത പദവി വഹിക്കുന്നതിനാൽ അവർക്ക് നിയമത്തെയോ ഭരണകൂടത്തെയോ പേടിയില്ല. നാഗ്പൂരിലെ കുറ്റകൃത്യങ്ങളുടെ ഗ്രാഫും ഉയർന്നിട്ടുണ്ട്. ഉപമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ ജന്മനാടാണ് നാഗ്പൂർ. മുഖ്യമന്ത്രിയുടെയും ഉപ മുഖ്യമന്ത്രിയുടെയും സ്ഥാനത്തിരിക്കുന്നവർ ആ സ്ഥാനങ്ങൾ വഹിക്കാൻ അർഹതയില്ലാത്തവരാണ്,’ അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിൽ പ്രതിദിനം, സ്ത്രീകൾക്കെതിരായ ശരാശരി 121 കുറ്റകൃത്യങ്ങളും കുട്ടികൾക്കെതിരായ 55 കുറ്റകൃത്യങ്ങളും രജിസ്റ്റർ ചെയ്യുന്നുവെന്നുള്ള സ്റ്റേറ്റ് ഇക്കണോമിക് സർവേ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 2021 മുതൽ 2023 വരെ, സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ 1,32,238 കേസുകളും കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ 59,796 കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ലൈംഗികാതിക്രമ കേസുകളിൽ ഗണ്യമായ വർധനവുണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു .

മൊത്തത്തിൽ 2022 മുതൽ 2023 വരെ സ്ത്രീകൾക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളും 4.5 ശതമാനം വർദ്ധിച്ചപ്പോൾ, കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ 5 ശതമാനം വർദ്ധിച്ചു.

ഓഗസ്റ്റ് 13ന് താനെ ജില്ലയിലെ ബദ്‌ലാപൂർ പട്ടണത്തിൽ ഒരു പ്രാദേശിക സ്കൂളിൽ പുരുഷ അറ്റൻഡർ നാല് വയസ്സുള്ള രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. തുടർന്ന് കേസ് എടുക്കാൻ പൊലീസ് വിസമ്മതിച്ചെന്നാരോപിച്ച് ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങുകയും റെയിൽവേ ട്രാക്ക് ഉപരോധിക്കുകയും ചെയ്തിരുന്നു.

പ്രതിഷേധത്തിനിടെ റെയിൽവേ സ്റ്റേഷനിലും ബദ്‌ലാപൂരിൻ്റെ മറ്റ് ഭാഗങ്ങളിലും ഉണ്ടായ കല്ലേറിൽ 25 പോലീസുകാർക്ക് പരിക്കേറ്റിരുന്നു. സംഘർഷത്തിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 72 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Content Highlight: Crime against women, kids rising in Maha, perpetrators fearless: Wadettiwar

We use cookies to give you the best possible experience. Learn more