ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്ന കുറ്റസമ്മതവുമായി നിയമസഭയില്‍ യോഗി സര്‍ക്കാര്‍. സമാജ്‌വാദി പാര്‍ട്ടി എം.എല്‍.എ നഹീദ് ഹസന്റെ ചോദ്യത്തിനു മറുപടിയായാണു സര്‍ക്കാര്‍ നിയമസഭയില്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ നിയമസഭയില്‍ സമര്‍പ്പിച്ചത്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ ഇരട്ടിയോളം വര്‍ധിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി.കൂട്ടമാനഭംഗക്കേസില്‍ കുടുങ്ങിയ കുല്‍ദീപ് സിങ് സെങ്കര്‍ എംഎല്‍എയെ സംരക്ഷിക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെയാണു പുതിയ കണക്കുകള്‍ പുറത്ത് വരുന്നത്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 761 മാനഭംഗശ്രമങ്ങളും 3400 തട്ടികൊണ്ടു പോകലുകളും മൂവായിരത്തോളം ലൈംഗീക ചൂഷണവും നടന്നതായാണ് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നതിനെതിരെയും പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു.
Also Readപ്രഭാതഭക്ഷണം വിമാനത്തിനുള്ളില്‍, ഉച്ചഭക്ഷണം ചെന്നൈ എയര്‍പോര്‍ട്ടില്‍; നിരാഹാരം പ്രഖ്യാപിച്ച മോദിയുടെ ഇന്നത്തെ ഭക്ഷണമെനു പുറത്ത്
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏറ്റുമുട്ടലിലൂടെ 34 പേര്‍ കൊല്ലപ്പെട്ടതായും 265 പേര്‍ക്ക് പരിക്കേറ്റതായും സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കി. അതേസമയം യോഗി ആദിത്യനാഥിനെതിരെ വിമര്‍ശനവുമായി ആര്‍.എസ്.എസ് രംഗത്തെത്തിയിരുന്നു. യോഗി കാര്യങ്ങള്‍ ഒറ്റയ്ക്ക് തീരുമാനിക്കുന്നെന്നും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന സാഹചര്യങ്ങള്‍ മറികടക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ലെന്നുമാണ് ആര്‍.എസ്.എസ് ആരോപണം. പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഒന്നിച്ച് കൊണ്ടുപോവുന്നതില്‍ യോഗി പരാജയപ്പെട്ടെന്നും ആരോപണമുണ്ട്.
യോഗിയുടെ തീരുമാനങ്ങളില്‍ പാര്‍ട്ടിക്ക് നേരത്തെ തന്നെ അതൃപ്തിയുണ്ടെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാക്കള്‍ യു.പിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. ആര്‍.എസ്.എസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേഷ് ശര്‍മ എന്നിവര്‍ അതൃപ്തി തുറന്ന് പറഞ്ഞു.
ഏകപക്ഷീയമായാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നായിരുന്നു പ്രധാന ആരോപണം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിശദീകരണം തേടിയിട്ടുണ്ട്.