വാഷിങ്ടണ്‍: റഷ്യ ഉക്രൈനില്‍ ചെയ്തത് മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമാണെന്ന് അമേരിക്ക. ഒരു വര്‍ഷത്തോളം നീണ്ട ഉക്രൈന്‍ അധിനിവേശത്തിനിടെ റഷ്യ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു.
റഷ്യന്‍ സര്‍ക്കാര്‍ ഉക്രൈനിലെ ജനങ്ങള്‍ക്ക് നേരെ വ്യാപകമായ അക്രമം നടത്തിയതായി മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ കമല ഹാരിസ് പറഞ്ഞു.
‘റഷ്യ ഉക്രൈനില്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ കൃത്യമായ തെളിവുകളോടെ ഞങ്ങള്‍ വിലയിരുത്തിയതാണ്. ഇത് മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളായിരുന്നുവെന്നത് നിസംശയകരമാണ്. ഈ കുറ്റകൃത്യങ്ങള്‍ ചെയ്തവരും അവരുടെ മേലുദ്യോഗസ്ഥരും കണക്ക് ബോധിപ്പിക്കേണ്ടി വരും,’ കമല ഹാരിസ് പറഞ്ഞു.
ഉക്രൈന്‍ സംഘര്‍ഷം വിലയിരുത്താന്‍ ഫ്രാന്‍സ്, ജര്‍മനി, ചൈന തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുടെ മൂന്ന് ദിവസത്തെ കോണ്‍ഫറന്‍സിലാണ് കമല ഹാരിസിന്റെ വിലയിരുത്തല്‍.
ഉക്രൈനില്‍ മോസ്‌കോ സൈന്യം ചെയ്ത കുറ്റകൃത്യങ്ങള്‍ കോണ്‍ഫറന്‍സില്‍ കമല ഹാരിസ് എടുത്ത് പറഞ്ഞു. കൊലപാതകം, പീഡനം, ബലാത്സംഗം, നാടുകടത്തല്‍, വധശിക്ഷാ രീതിയിലുള്ള കൊലപാതകം, മര്‍ദനങ്ങള്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ റഷ്യ ചെയ്തതായി കമല ഹാരിസ് പറഞ്ഞു. ഗര്‍ഭിണിയായ സ്ത്രീയെ പ്രസവാശുപത്രിയില്‍ വെച്ച് കൊലപ്പെടുത്തിയതും മരിയപോളിലെ തിയേറ്ററില്‍ ബോംബാക്രമണം നടത്തിയതും കമല എടുത്ത് പറഞ്ഞു.
ഇപ്പോള്‍ സമയം പുടിന്റെ കൂടെയല്ലയെന്നും കമല ഹാരിസ് കൂട്ടിച്ചേര്‍ത്തു.
ഉക്രൈന്‍ അധിനിവേശത്തിന് മോസ്‌കോയെ ശിക്ഷിക്കാന്‍ ശ്രമിക്കുന്ന അമേരിക്കയുടെ ഭാഗത്തുള്ള ഏറ്റവും ശക്തമായ ആരോപണം ആണിത്.
റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന് ഒരു വര്‍ഷം തികയുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് കമല ഹാരിസിന്റെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.
2022 മുതല്‍ ഉക്രൈനിലെ യുദ്ധക്കുറ്റങ്ങളുടെയും മറ്റ് അതിക്രമങ്ങളുടെയും അന്വേഷണത്തെ പിന്തുണക്കാന്‍ അമേരിക്ക 30 മില്യണ്‍ ഡോളര്‍ നല്‍കിയതായി വൈറ്റ് ഹൗസ് വെളിപ്പെടുത്തി.
എത്ര കാലം വരെയും ഉക്രൈനെ പിന്തുണക്കുമെന്നും കമല ഹാരിസ് പ്രഖ്യാപിച്ചു.
യു.എസ്.എ.ഐ.ഡി പ്രകാരം 30,000 യുദ്ധ കുറ്റകൃത്യങ്ങള്‍ റഷ്യ യുദ്ധ സമയത്ത് ചെയ്തിട്ടുണ്ട്.
ഉക്രൈനില്‍ റഷ്യന്‍ സൈന്യം യുദ്ധക്കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെന്നും കുറ്റവാളികളെ ശിക്ഷിക്കാന്‍ മറ്റുള്ളവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ബൈഡന്‍ ഭരണകൂടം നേരത്തേ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ തങ്ങളുടെ സുരക്ഷയ്‌ക്കെതിരായ ഭീഷണികള്‍ ഇല്ലാതാക്കുന്നതിനും റഷ്യന്‍ സംസാരിക്കുന്നവരെ സംരക്ഷിക്കുന്നതിനുമായി ഉക്രൈനില്‍ പ്രത്യേക ഓപ്പറേഷന്‍ നടത്തുകയായിരുന്നുവെന്നാണ് റഷ്യ അറിയിച്ചത്. ഉക്രൈനുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ അന്വേഷിക്കുന്ന യു.എന്‍ പിന്തുണയുള്ള കമ്മീഷന്‍ യുദ്ധത്തിലെ കുറ്റകൃത്യങ്ങള്‍ മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളായി നിഗമനത്തിലെത്തിച്ചേര്‍ന്നിട്ടുമില്ല.
അതേസമയം, അടുത്ത മാസങ്ങളില്‍ ഉക്രൈന്‍ തിരിച്ച് പ്രതിരോധിക്കാന്‍ വേണ്ടി പദ്ധതിയിടുന്നുണ്ടെന്നും അതിന് വേണ്ടി അയല്‍രാജ്യങ്ങളില്‍ നിന്ന് ആയുധങ്ങള്‍ ശേഖരിക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.