ന്യൂദല്‍ഹി: രാജ്യത്ത് ദളിതര്‍ക്കെതിരായ ആക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് യു.പിയിലും ബീഹാറിലും. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് കണക്ക് പുറത്തുവിട്ടത്. 2016 ലെ കണക്കുകള്‍ പ്രകാരം 9.5 ശതമാനം കുറ്റകൃത്യങ്ങളും നടക്കുന്നത് യു.പിയിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
2016 ല്‍ ദളിതര്‍ക്കെതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 10,426 കേസുകളാണ് യു.പിയില്‍ രജിസ്റ്റര്‍ ചെയ്തത്. യുപിയില്‍ 2015ല്‍ ഉണ്ടായിരുന്നതിനേക്കാളും 2.9 ശതമാനത്തിന്റെ വര്‍ധനയാണ് 2016ല്‍ ഉണ്ടായത്. രണ്ടാം സ്ഥാനത്തുള്ള ബീഹാറില്‍ 5,701 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. 5134 കേസുകളുമായി രാജസ്ഥാനാണ് തൊട്ടുപിറകിലുള്ളത്.
അതേസമയം ദല്‍ഹിയിലാണ് സ്ത്രീകള്‍ക്കെതിരെ ഏറ്റവുമധികം അതിക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ദേശീയ സൂചികയില്‍ 55.2 ശതമാനമാണ് കുറ്റകൃത്യം.
പീഡനക്കേസുകളിലും ഇന്ത്യയില്‍ വര്‍ധനവാണുണ്ടായത്. 2015ല്‍ 34,561 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടപ്പോള്‍ 2016ല്‍ ഇത് 38,947 ആയി ഉയര്‍ന്നു. ഉത്തര്‍പ്രദേശ് (4,882), മധ്യപ്രദേശ് (4,816), മഹാരാഷ്ട്ര (4,189) എന്നിങ്ങനെയാണ് കേസുകള്‍.
അതേസമയം കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളിലും മുന്‍പന്തിയില്‍ യു.പിയാണ്. തട്ടിക്കൊണ്ടു പോകലുമായി ബന്ധപ്പെട്ട് യുപിയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 9,657 കേസുകളാണ്. തൊട്ടുപിന്നിലുള്ള മഹാരാഷ്ട്രയില്‍ 7,596 ഉം മധ്യപ്രദേശില്‍ 6,106 കേസും റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു.
യുപിയില്‍ 4,954 പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളപ്പോള്‍ മഹാരാഷ്ട്രയില്‍ ഇത് 7,815 ഉം മധ്യപ്രദേശില്‍ 4,717 ഉം ആണ്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി കുട്ടികള്‍ക്കെതിരായ അക്രമങ്ങളില്‍ വന്‍വര്‍ധനയാണുണ്ടാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മെട്രോപൊളീറ്റന്‍ നഗരങ്ങളിലെ ക്രിമിനല്‍ കേസുകളില്‍ 38.8 ശതമാനവും റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത് ഡല്‍ഹിയിലാണ്. ബെംഗളൂരുവില്‍ 8.9 ശതമാനവും മുംബൈയില്‍ 7.7 ശതമാനവുമാണ് ക്രൈം റേറ്റ്.
ഏറ്റവും കൂടുതല്‍ കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലും റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നതും ദല്‍ഹിയില്‍ തന്നെയാണ്. ബെംഗളൂരുവാണ് കൊലപാതക നിരക്കില്‍ പിന്നിലുള്ളത്. 2015 ല്‍ 38,670 കേസുകളായിരുന്നു ദളിതര്‍ക്കെതിരായി റിപ്പോര്‍ട്ട് ചെയ്തിരുന്നത്.