ഭോപ്പാൽ: മധ്യപ്രദേശിൽ അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ വിവാദം. 2022 സെപ്‌റ്റംബർ-നവംബർ മാസങ്ങളിൽ ജബൽപൂരിൽ നടന്ന അഗ്നിവീറിൻ്റെ റിക്രൂട്ട്‌മെൻ്റ് പരീക്ഷയിൽ കൃത്രിമം നടന്നതായി ആരോപിച്ച് ഉദ്യോഗാർത്ഥികൾ രംഗത്തെത്തി.
കൂടുതൽ മാർക്കുണ്ടായിട്ടും തങ്ങളേക്കാൾ കുറഞ്ഞ മാർക്കുള്ള ഉദ്യോഗാർത്ഥികൾ ലിസ്റ്റിൽ ഇടം പിടിക്കുകയായിരുന്നുവെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു.ഇതിനു പിന്നാലെ ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചു.
തുടർന്ന് ജൂലൈ ഒന്നിന്, ജബൽപൂരിലെ അഗ്നിവീർ റിക്രൂട്ട്‌മെൻ്റിൽ തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഉദ്യോഗാർത്ഥികൾക്കും ലഭിച്ച മാർക്കിനെക്കുറിച്ചുള്ള വിവരങ്ങൾ 15 ദിവസത്തിനകം അപേക്ഷകർക്ക് നൽകണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി സൈന്യത്തോട് നിർദേശിക്കുകയായിരുന്നു.
രാജ്യത്തുടനീളം സർക്കാർ റിക്രൂട്മെന്റുകളിൽ വ്യാപക അഴിമതികൾ നടക്കുന്നതിനിടെയാണ് പുതിയ വിവാദം. സൈന്യത്തിൻ്റെ ജബൽപൂർ റിക്രൂട്ട്‌മെൻ്റ് റാലിയുടെ ഫിസിക്കൽ ടെസ്റ്റ് 2022 സെപ്റ്റംബറിൽ അഗ്നിപഥ് സ്കീമിന് കീഴിൽ നടന്നു. എഴുത്തുപരീക്ഷ ആ വർഷം നവംബർ 13നാണ് നടന്നത്.
നവംബറിലായിരുന്നു പരീക്ഷയുടെ ഫലം വന്നത്. എന്നാൽ ഫലത്തിൽ അതൃപ്തരായ ഉദ്യോഗാർത്ഥികൾ കോടതിയെ സമീപിക്കുകയായിരുന്നു. തങ്ങൾ നേടിയ മാർക്ക്, കട്ട് ഓഫ് എന്നിവ അറിയാൻ സൈന്യത്തിന് മുമ്പാകെ വിവരാവകാശ ഹരജി (ആർ.ടി.ഐ) ഫയൽ ചെയ്യുകയും ചെയ്തു.
എല്ലാ ഹരജിക്കാരും രേവയിലെ ബഹാദൂർ ഫിസിക്കൽ അക്കാദമിയിൽ സൈനിക റിക്രൂട്ട്‌മെൻ്റിന് തയ്യാറെടുത്തിരുന്നു. മുൻ സൈനികനായ ലാൽ ബഹദൂർ ഗൗതമാണ് അക്കാദമി നടത്തുന്നത്. വിവരാവകാശ നിയമ പ്രകാരമുള്ള മറുപടി പ്രകാരം മാർക്ക് കൂടുതലുള്ള ഉദ്യോഗാർത്ഥികൾ പുറത്തും കുറവുള്ളവർ ലിസ്റ്റിലും ഇടം നേടിയിരുന്നു.
‘വിവരാവകാശ പ്രകാരം, അഗ്നിവീർ സൈനികരെ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന എൻ്റെ സംശയം ശരിയാണെന്ന് തെളിഞ്ഞു.’എൻ്റെ വിദ്യാർത്ഥികളിൽ പലരും 160 നും 167 നും ഇടയിൽ മാർക്ക് നേടി. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ പട്ടികയിൽ ആരുടേയും പേരുകൾ വന്നില്ല, എന്നാൽ 159 സ്‌കോർ ചെയ്തയാളുടെ പേര് അതിൽ കാണാനുണ്ട്,’ ലാൽ ബഹദൂർ ഗൗതം പറഞ്ഞു. ഇതിനെതിരെ ഉദ്യോഗാർത്ഥികൾ കോടതിയിൽ പോയപ്പോഴാണ് സൈന്യം നടപടി സ്വീകരിച്ചതെന്നും ഗൗതം പറഞ്ഞു.
ആവശ്യപ്പെട്ട വിവരങ്ങൾ മൂന്നാം കക്ഷികളുടെ സ്വകാര്യ വിവരങ്ങളുടെ വിഭാഗത്തിൽ പെടുന്നതിനാൽ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ മാർക്ക് ഹരജിക്കാർക്ക് വെളിപ്പെടുത്താനാകില്ലെന്ന് സർക്കാരിന് വേണ്ടി കോടതിയിൽ ഹാജരായ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ (ഡി.എസ്.ജി) പുഷ്പേന്ദ്ര യാദവ് വാദിച്ചു.
എന്നാൽ കേസ് പരിഗണിച്ച ജസ്റ്റിസ് വിശാൽ ധഗത്, ഡി.എസ്.ജി യാദവിൻ്റെ വാദം തള്ളി. വിദ്യാർത്ഥികൾ പരസ്പരം മത്സരിക്കുന്ന ഏതെങ്കിലും മത്സര പരീക്ഷയിൽ അവരുടെ മാർക്ക് വെളിപ്പെടുത്തുന്നത് സ്വകാര്യ വിവരമല്ലെന്നും കോടതി പറഞ്ഞു.
മത്സര പരീക്ഷയിൽ തെരഞ്ഞെടുക്കപ്പെട്ടതും അല്ലാത്തതുമായ എല്ലാ ആളുകൾക്കും അവരുടെ മാർക്ക് അറിയാൻ അവകാശമുണ്ടെന്ന് കോടതി അറിയിച്ചു. വിവിധ പരീക്ഷകളിൽ നടന്നു കൊണ്ടിരിക്കുന്ന ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ ഇത്തരത്തിലൊരു ഉത്തരവ് പ്രസക്തമാണെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ എസ്.പി റൂപ്ര പറഞ്ഞു.
Content Highlight: Cries of ‘Agniveer Scam’ As Candidates Who Scored Below Cut-Off Mark Make it to Merit List