ന്യൂദൽഹി: ഹോളി ആഘോഷത്തിനിടെ ലൈംഗികാതിക്രമത്തിനിരയായതായി ഇന്ത്യയിലെത്തിയ വിദേശയാത്രിക. ഹോളി ആഘോഷത്തിന്റെ പേരിൽ സ്ത്രീകളെ മോശമായി സ്പർശിക്കുന്നുവെന്ന വീഡിയോകളും മറ്റും പ്രചരിക്കുന്ന വേളയിലാണ് വിദേശ യാത്രികയുടെ പോസ്റ്റ് വൈറൽ ആയിരിക്കുന്നത്.
ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലേക്ക് എങ്ങനെ ബജറ്റ് ഫ്രണ്ട്‌ലിയായി യാത്രകൾ പോകാമെന്നുള്ള വീഡിയോകൾ നിർമിക്കുന്ന വ്ലോഗറാണ് ഡാനിയേൽ. ഇവർ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു പോസ്റ്റിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ ‘ഹോളി ആഘോഷത്തിന്റെ നേർക്കാഴ്ച, കരഞ്ഞുകൊണ്ടാണ് ഞാൻ ആഘോഷം അവസാനിപ്പിച്ചത് കാരണം പലരും എന്നെ മോശമായി സ്പര്ശിച്ചു’ എന്ന തലക്കെട്ടോടെയാണ് ഡാനിയേൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യയെക്കുറിച്ചുള്ള തന്റെ ആദ്യ പോസ്റ്റ് ആണിതെന്നും ഈ പോസ്റ്റിലൂടെ ഒരു നെഗറ്റീവ് ഇമേജ് സൃഷ്ടിക്കാൻ താത്പര്യവും ഇല്ലെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്.
കഴിഞ്ഞ രണ്ട് ആഴ്ചയായി താൻ ഇന്ത്യയിലുണ്ടെന്നും ഇവിടെ വളരെയധികം എൻജോയ് ചെയ്‌തെന്നും അവർ പറഞ്ഞു. എന്നാൽ ഇന്ത്യയിലെ ഒരു വിഭാഗം പുരുഷന്മാർ ഹോളി ആഘോഷത്തെ സ്ത്രീകളെ മോശമായി സ്പര്ശിക്കാനും ലൈംഗികമായി ഉപദ്രവിക്കാനുമുള്ള അവസരമായി എടുക്കുന്നു.
‘ഇത്രയും മനോഹരമായ ഒരു ആഘോഷത്തെ ദുരുപയോഗം ചെയ്യുന്നത് വളരെ മോശമാണ്. എനിക്ക് ഒരുപാട് മോശം അനുഭവം ഉണ്ടായി. എനിക്ക് മാത്രമല്ല, നിരവധി സ്ത്രീകളും എന്റെ അതെ അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ടാകാം. എനിക്ക് ഇവിടെ നിന്നുണ്ടായ ഒരുപാട് നല്ല അനുഭവങ്ങൾ ഒന്നുമല്ലാതായ അവസ്ഥയായിരുന്നു. കരഞ്ഞുകൊണ്ടായിരുന്നു ഞാൻ എന്റെ ഹോളി ആഘോഷം അവസാനിപ്പിച്ചത്. എങ്കിലും ഞാൻ ഇന്ത്യ മോശം ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുകയെന്ന് പറയില്ല. കാരണം വളരെ മനോഹരമായ നിരവധി ആളുകളെ ഞാൻ ഇവിടെ നിന്നും കണ്ടിട്ടുണ്ട്, പരിചയപ്പെട്ടിട്ടുണ്ട്,’ ഡാനിയേൽ പറഞ്ഞു.
അതേസമയം ഹോളി ആഘോഷങ്ങൾക്ക് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വരുന്ന വീഡിയോകളിൽ ആഘോഷത്തിനിടെ സ്ത്രീകൾ അതിക്രമങ്ങൾക്ക് ഇരയാകുന്നത് കാണിക്കുന്നു. നടനും ബ്ലോഗറുമായ തുഷാർ ശുക്ല പങ്കിട്ട ഒരു വീഡിയോ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി.
തെരുവിൽ ഹോളി ആഘോഷം നടക്കുമ്പോൾ ആഘോഷത്തിന്റെ പേരിൽ പലരും സ്ത്രീകളെ അനുചിതമായി സ്പർശിക്കുന്നതും അസഭ്യവാക്കുകൾ വിളിക്കുന്നതും വീഡിയോയിൽ കാണിക്കുന്നു. ഹോളി സമയത്ത് ഉണ്ടായ മോശം അനുഭവത്തിൽ പ്രതികരണവുമായി നിരവധി പേരെത്തി. ഇത്തരം മോശം അനുഭവങ്ങൾ ഹോളി ആഘോഷത്തിന്റെ പവിത്രത ഇല്ലാതാക്കുന്നുവെന്ന് നിരവധിപേർ അഭിപ്രായപ്പെട്ടു.
Content Highlight: Cried… got groped’: Solo traveller describes her Holi experience in India