മുംബൈ: ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍.
‘സി.ഡി.എസ് ബിപിന്‍ റാവത്തിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും അകാലവിയോഗത്തില്‍ അതിയായ ദുഃഖമുണ്ട്. അവരുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു,’ എന്നായിരുന്നു കോഹ്‌ലി ട്വീറ്റ് ചെയ്തത്.
ബിപിന്‍ റാവത്തിന്റെ മരണം രാജ്യത്തിന്റെ പ്രധാന നഷ്ടമാണെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു എന്നുമായിരുന്നു രവീന്ദ്ര ജഡേജയുടെ ട്വീറ്റ്. ചികിത്സയില്‍ കഴിയുന്ന ക്യാപ്റ്റന്‍ വരുണ്‍ സിംഗ് പെട്ടന്ന് തന്നെ സുഖം പ്രാപിക്കുന്നതിനായി പ്രാര്‍ത്ഥിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ദുഃഖകരമായ വാര്‍ത്ത, ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണവാര്‍ത്തയില്‍ അതിയായി ദുഃഖിക്കുന്നു. രാജ്യം എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും,’ മുഹമ്മദ് ഷമി പങ്കുവെച്ച ട്വീറ്റില്‍ പറയുന്നു.
ബിപിന്‍ റാവത്തിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മറ്റ് രാഷ്ട്രീയ നേതാക്കളും നേരത്തെ അനുശോചനമര്‍പ്പിച്ചിരുന്നു.
ഊട്ടിയില്‍ വെച്ചായിരുന്നു ബിപിന്‍ റാവത്തും ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്.
ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ. ഗുര്‍സേവക് സിങ്, എന്‍.കെ. ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി. സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.
സുലൂരില്‍ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകവെയായിരുന്നു അപകടം. വ്യോമസേനയുടെ M17V5 ഹെലികോപറ്ററാണ് തകര്‍ന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Cricketers pay tribute to Bipin Rawat