ന്യൂദല്‍ഹി: 20 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിനു ശേഷം കളിക്കളം വിടാന്‍ തീരുമാനിച്ച പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷോയിബ് മാലിക്കിന് സഹതാരങ്ങളുടെ ആശംസാപ്രവാഹം. ഇന്നലെ ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ പാക്കിസ്ഥാന്റെ അവസാന മത്സരത്തിനുശേഷമായിരുന്നു മാലിക് ഏകദിന ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. മത്സരത്തില്‍ മാലിക് കളിച്ചിരുന്നില്ല.
‘ഞാന്‍ ഇന്ന് ഏകദിന ക്രിക്കറ്റില്‍ നിന്നു വിരമിക്കുകയാണ്. ഒപ്പം കളിച്ച എല്ലാ കളിക്കാരോടും, പരിശീലകരോടും, കുടുംബത്തോടും, സുഹൃത്തുക്കളോടും, മാധ്യമങ്ങളോടും, സ്‌പോണ്‍സര്‍മാരോടും, ഏറ്റവും പ്രധാനമായി എന്റെ ആരാധകരോടും നന്ദി പറയുന്നു. ഐ ലവ് യൂ ഓള്‍.’- മാലിക് ട്വീറ്റ് ചെയ്തു.
ഒരു ടീംമേറ്റ് എന്ന നിലയില്‍ മാലിക്കിന്റെ സൗഹൃദം താന്‍ ആസ്വദിച്ചിരുന്നതായി പാക് ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസ് ട്വീറ്റ് ചെയ്തു.
രാജ്യത്തിന്റെ അംബാസഡറാണ് മാലിക്കെന്നും അദ്ദേഹം സ്വന്തമാക്കിയ നേട്ടങ്ങള്‍ രാജ്യത്തിന് എന്നും അഭിമാനമായിരുന്നെന്നും മുന്‍ പാക് താരം ഷാഹിദ് അഫ്രീദി അഭിപ്രായപ്പെട്ടു.
തനിക്കു ലഭിച്ച പിന്തുണയ്ക്കും ഉപദേശങ്ങള്‍ക്കും നന്ദിയെന്നായിരുന്നു പാക് സ്പിന്നര്‍ ഷദാബ് ഖാന്റെ ട്വീറ്റ്. വിരമിക്കലിനുശേഷവും താങ്കളുടെ മുഖത്തെ ചിരി അങ്ങനെയുണ്ടാവട്ടെ എന്നദ്ദേഹം പറഞ്ഞു.
ഫീല്‍ഡിലും ഡ്രസ്സിങ് റൂമിലും മാലിക്കിന്റെ സാന്നിധ്യം വല്ലാതെ മിസ്സ് ചെയ്യുമെന്നായിരുന്നു 10 വര്‍ഷം അദ്ദേഹത്തോടൊപ്പം കളിച്ച വഹാബ് റിയാസിന്റെ പ്രതികരണം.
വിരമിക്കലിനെക്കുറിച്ച് മാലിക്കിന്റെ ഭാര്യയും ഇന്ത്യന്‍ ടെന്നീസ് താരവുമായ സാനിയ മിര്‍സയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു- ‘എല്ലാ കഥയ്ക്കും ഒരവസാനമുണ്ടാകും. പക്ഷേ ജീവിതത്തില്‍ എല്ലാ അവസാനത്തിനും ഒരു പുതിയ തുടക്കമുണ്ടാകും. ഷോയിബ് മാലിക്, താങ്കള്‍ 20 വര്‍ഷം അഭിമാനത്തോടെ രാജ്യത്തിനുവേണ്ടി കളിച്ചു.’
കുടുംബത്തോടൊപ്പം കൂടുതല്‍സമയം ചെലവഴിക്കാനും ട്വന്റി20 ഫോര്‍മാറ്റില്‍ കൂടുതല്‍ ശ്രദ്ധേ കേന്ദ്രീകരിക്കാനുമാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും മാലിക് പറഞ്ഞു.
1999 ഒക്ടോബറിലായിരുന്നു മാലിക്കിന്റെ ആദ്യ ഏകദിനം. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ക്രിക്കറ്റര്‍മാരില്‍ കളിക്കളത്തില്‍ തുടര്‍ന്ന അവസാനത്തെ ആളുകളില്‍ ഒരാളാണ് അദ്ദേഹം. പാക് ക്യാപ്റ്റനായും അദ്ദേഹം കുറേക്കാലമുണ്ടായി.