കൊച്ചി: വാതുവെപ്പ് വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിടേണ്ടി വന്ന ശ്രീശാന്ത് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ തന്നെ കേരളത്തിനായി ശ്രീശാന്ത് വിക്കറ്റും സ്വന്തമാക്കിയിരുന്നു. പുതുച്ചേരി ഓപ്പണര്‍ ഫാബിദ് അഹമ്മദിനെയാണ് ശ്രീശാന്ത് വിക്കറ്റിനു മുന്നില്‍ കുടുക്കിയത്.
ഈ തിരിച്ചുവരവിന്റെ എല്ലാ സന്തോഷവും ശ്രീശാന്തിനുണ്ട്. ഇത് തന്റെ പുനര്‍ജന്മമാണെന്നാണ് ശ്രീശാന്ത് പറയുന്നത്. കളിച്ചുകൊണ്ടിരിക്കുമ്പോള്‍ മരിക്കാന്‍ പോലും താന്‍ തയ്യാറാണ് എന്നതാണ് സത്യമെന്നും അത്രയ്ക്ക് ആഗ്രഹിച്ചുള്ള തിരിച്ചുവരവാണിതെന്നും താരം പറയുന്നു.
ഏത് ഫോര്‍മാറ്റിലാണ് കളിക്കാന്‍ താത്പര്യപ്പെടുന്നതെന്ന് മുന്‍പ് തന്നോട് ചിലര്‍ ചോദിച്ചിരുന്നെന്നും എന്നാല്‍ അവരോട് താന്‍ പറഞ്ഞത് സഹാറ മരുഭൂമിയില്‍ ദാഹിച്ചു വലയുന്ന മനുഷ്യനോട് കുടിക്കാന്‍ ജ്യൂസില്ല, വെള്ളം കൊണ്ട് തൃപ്തിപ്പെടണം എന്നുപറയും പോലെയാണ് എന്നോട് ഫോര്‍മാറ്റിനെ കുറിച്ചൊക്കെ ചോദിക്കുന്നത് എന്നാണെന്നും ശ്രീശാന്ത് പറയുന്നു.
സ്വീറ്റ് റിവഞ്ച് ആണല്ലോ എന്നൊക്കെ ചിലര്‍ പറയും. സത്യം പറയാമല്ലോ. അങ്ങനെ ഉള്ള മാനസികാവസ്ഥ ഒന്നും ഇപ്പോള്‍ ഇല്ല. പണ്ട് അങ്ങനെയൊക്കെ ഉണ്ടായിരുന്നു. അഗ്രഷന്‍ എന്നത് കളിയുടെ ഭാഗം മാത്രമാണ്. ഒട്ടും വ്യക്തിപരമല്ല, ശ്രീശാന്ത് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ഇത് ഒരു പുനര്‍ജന്മം ആണ്. ഏറ്റവും നന്ദി അച്ഛനോടും അമ്മയോടുമാണ്. വേദനയുടെ കാലത്ത് അവരുടെ കണ്ണീരൊപ്പുകയായിരുന്നു ഏറ്റവും വലിയ ലക്ഷ്യം. അവരുടെ സന്തോഷത്തേക്കാള്‍ വലുതായൊന്നും ഇല്ല. എനിക്ക് ജീവിതത്തില്‍ തിരിച്ചുവരവിനുള്ള പ്രചോദനവും അതുതന്നെയായിരുന്നു.
ഒരുപാട് പേരോട് കടപ്പാടുണ്ട്. ബി.സി.സി.ഐ സെലക്ടര്‍മാര്‍, നാട്ടുകാര്‍, കൂട്ടുകാര്‍ അങ്ങനെ ഒരുപാട് പേര്‍. കേരള ടീമിന്റെ കോച്ച് ടിനു ചേട്ടന്‍ ജൂലൈ മുതല്‍ എനിക്ക് വേണ്ടി സമയം മാറ്റിവെച്ചു. സഞ്ജുവിന്റെ സപ്പോര്‍ട്ടും എടുത്ത് പറയേണ്ടതാണ്. പ്രായത്തില്‍ ഇളയതാണെങ്കിലും ഐ.പി.എല്ലിലൊക്കെ എന്നേക്കാള്‍ എക്‌സ്പീരിയന്‍സ് ആയി അവന്. രണ്ടുപേര്‍ക്കും പ്രത്യേക നന്ദി., ശ്രീശാന്ത് പറഞ്ഞു.
ഐ.പി.എല്ലില്‍ 2013 സീസണിലാണ് ശ്രീശാന്ത് അവസാനമായി കളിച്ചത്. ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളുടെയും ഭാഗമായിരുന്നു ശ്രീശാന്ത്. നീലകുപ്പായത്തില്‍ 53 ഏകദിന മത്സരങ്ങളും 10 ടി-20 മത്സരങ്ങളും കളിച്ച താരം 27 ടെസ്റ്റുകളിലും രാജ്യത്തെ പ്രതിനിധീകരിച്ചു.
2007ല്‍ ഇന്ത്യ പ്രഥമ ടി20 ലോകകപ്പ് നേടുമ്പോഴും 2011ല്‍ 28 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ രണ്ടാമത് ഏകദിന ലോകകപ്പ് നേടുമ്പോഴും ശ്രീശാന്ത് ടീമിലുണ്ടായിരുന്നു. 2011 ഓഗസ്റ്റിലാണ് താരം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Cricketer S. Sreesanth About His Comeback