DSport
കളിച്ച രണ്ടു ലോകകപ്പുകളും നേടാന്‍ കഴിഞ്ഞു, ഇനി ആ ഒരു ആഗ്രഹമേയുള്ളൂ: വിരമിക്കലിനെ കുറിച്ച് ശ്രീശാന്ത്
സ്പോര്‍ട്സ് ഡെസ്‌ക്
2021 Jan 13, 06:25 am
Wednesday, 13th January 2021, 11:55 am

ക്രിക്കറ്റിലേക്കുള്ള തന്റെ മടങ്ങിവരവ് ആഘോഷമാക്കുകയാണ് ശ്രീശാന്ത്. ഓരോ മാച്ചും ഓരോ ബോളും എന്‍ജോയ് ചെയ്യാനാണ് തന്റെ ശ്രമമെന്നാണ് താരം പറയുന്നത്. അടുത്ത മൂന്ന് വര്‍ഷം താന്‍ ഗ്രൗണ്ടില്‍ കാണുമെന്നും സയ്യിദ് മുഷ്താഖ് അലി ട്രോഫി മാത്രമല്ല, ദുലീപ്-ഇറാനി രഞ്ജി ട്രോഫികളാണ് ലക്ഷ്യമെന്നും താരം പറയുന്നു. ഇതിനൊപ്പം തന്റെ വലിയൊരു ആഗ്രഹം കൂടി താരം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

‘ ഐ.പി.എല്ലില്‍ ചില ടീമുകള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കേരളാ ടീമിനായുള്ള പെര്‍ഫോമന്‍സ് അനുസരിച്ചാകും സെലക്ഷന്‍. പിന്നെ വലിയൊരു ആഗ്രഹമുണ്ട്. 2023 ലെ ലോകകപ്പ് കളിക്കണം. കപ്പടിക്കണം. അതുമായി വിരമിക്കണം. അതുവരെ ഞാന്‍ നിര്‍ത്താതെ കളിക്കും. കളിച്ച രണ്ടു ലോകകപ്പുകളും എനിക്ക് നേടാന്‍ കഴിഞ്ഞു. ഓരോ മാച്ചും ഓരോ ബോളും എന്‍ജോയ് ചെയ്യാനാണ് ശ്രമം’, ശ്രീശാന്ത് പറയുന്നു.

കാലില്‍ അടക്കം 12 സര്‍ജറികള്‍ കഴിഞ്ഞാണ് കളി തുടങ്ങിയിരിക്കുന്നത്. ചിലപ്പോള്‍ വേദന തോന്നും. എന്നാലും അത് സുഖകരമായ വേദനയാണ്. മാറി നിന്നിരുന്ന കാലത്തും ഫിറ്റ്‌നെസ് ശ്രദ്ധിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കുമ്പോഴും അത് പ്രധാനമാണല്ലോ. അതിപ്പോള്‍ ഗുണകരമായി. 125-140 കിലോമീറ്റര്‍ വേഗം ഇപ്പോള്‍ ലഭിക്കുന്നുണ്ട്.

42ാം വയസില്‍ ഗ്രാന്‍സ്ലാം കിരീട് നേടിയ ലിയാന്‍ഡര്‍ പേയ്‌സും റോജര്‍ ഫെഡററും ആണെന്റെ ഹീറോസ്. മനസില്‍ ഞാന്‍ ഇപ്പോഴും ചൈല്‍ഡിഷാണ്. കേരളാ ടീമിന്റെ ക്യാപ് തന്നപ്പോള്‍ ഷെയ്ക്ക് ഹാന്‍ഡ് കൊടുക്കുംമുന്‍പേ ക്യാപ് എടുക്കാനായിരുന്നു എനിക്ക് ധൃതി. ആ സ്വഭാവം മാറില്ലെന്ന് തോന്നുന്നു. തിരിച്ചുവരവില്‍ ആദ്യ പന്ത് എറിയുംവരെ ടെന്‍ഷനാണ്. കുറച്ച് ഇമോഷണലാണ്, ശ്രീശാന്ത് പറയുന്നു.

കേരളാ ടീമിലെ ബേബിയാണ് 18കാരന്‍ വത്സന്‍. ഞാന്‍ നോക്കുന്നത് അവനൊപ്പം നില്‍ക്കാനല്ല. 38 വയസിലും അവന് ക്രിക്കറ്റില്‍ നില്‍ക്കാന്‍ ശ്രീശാന്ത് പ്രചോദനം ആകണമെന്നാണ് ആഗ്രഹം. പ്രിയപ്പെട്ടവരോട് ഒന്നുമാത്രമേ ആവശ്യപ്പെടാനുള്ളൂ. ഓരോ പന്തും എറിയുമ്പോള്‍ എനിക്കായ് പ്രാര്‍ത്ഥിക്കുക. ഇപ്പോഴും ഓരോ പന്തിനു മുന്‍പും ഞാന്‍ പറയാറുണ്ട്. ശ്രീ, യു ആര്‍ ദി ബെസ്റ്റ്, ശ്രീശാന്ത് പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Cricketer S Sreesanth about his  career