| Sunday, 9th May 2021, 6:57 pm

കൊവിഡിനെ നേരിട്ട കുടുംബത്തിന്റെ അനുഭവം പങ്കുവെച്ച് അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ചെന്നൈ: കുടുംബത്തിലെ ഭൂരിഭാഗം ആളുകള്‍ക്കും കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നുണ്ടായ ഭീകരാവസ്ഥ തുറന്ന് പറഞ്ഞ് ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. ബന്ധുക്കള്‍ക്ക് കൊവിഡ് ബാധിച്ച വിവരം തന്നെ അറിയിച്ചിരുന്നില്ലെന്നും ഐ.പി.എല്ലിനിടെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയായിരുന്നു അങ്ങനെ ചെയ്തതെന്നും അശ്വിന്‍ പറഞ്ഞു.

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിനായി കളിക്കുമ്പോഴായിരുന്നു അശ്വിന്റെ കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് ബാധിച്ചത്. അശ്വിന്റെ മാതാപിതാക്കള്‍, മക്കള്‍, ഭാര്യയുടെ മാതാപിതാക്കള്‍, മറ്റ് രണ്ട് ബന്ധുക്കള്‍ എന്നിവര്‍ക്കാണ് കൊവിഡ് പോസിറ്റീവായിരുന്നത്.

‘ആദ്യത്തെ അഞ്ച് ദിവസം അച്ഛന് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഓക്സിജന്‍ ലെവല്‍ 85ലും താഴേയായി. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞാണ് ഓക്സിജന്‍ ലെവല്‍ നേരെയായത്. അച്ഛന്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചതുകൊണ്ടാണ് അദ്ദേഹത്തെ തിരികെ കിട്ടിയത്,’ അശ്വിന്‍ പറഞ്ഞു.

മക്കള്‍ക്ക് കടുത്ത പനിയും ഡയേറിയയുമായിരുന്നു. മൂന്നോ നാലോ ദിവസം തുടര്‍ന്നു. മരുന്ന് കഴിച്ചിട്ടും പനി മാറാതെ വന്നപ്പോള്‍ ഭാര്യയ്ക്കും പേടിയായെന്നും അശ്വിന്‍ പറഞ്ഞു. ഇതിനെല്ലാമുള്ള പരിഹാരമാര്‍ഗം വാക്സിന്‍ സ്വീകരിക്കുകയെന്നതാണ്. എല്ലാവരും വാക്സിന്‍ സ്വീകരിച്ച് സുരക്ഷിതരായിരിക്കണമന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ തന്റെ കുടുംബം കൊവിഡ് 19നെതിരെ പോരാട്ടം നടത്തുകയാണെന്നും അവരെ പിന്തുണയ്ക്കാന്‍ ഒരു ബ്രേക്ക് അത്യാവശ്യമായത് കൊണ്ട് പിന്‍മാറുകയാണെന്നും അശ്വിന്‍ അറിയിച്ചിരുന്നു. കുടുംബത്തോടൊപ്പം ചെന്നൈയിലാണ് ഇപ്പോള്‍ അശ്വിന്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 Content Highlights: Cricketer R Ashwin shares his family's experience with covid
We use cookies to give you the best possible experience. Learn more