| Monday, 25th January 2021, 5:25 pm

വൈസ് ക്യാപ്റ്റന്‍ പദവി കിട്ടാത്തതില്‍ വിഷമമുണ്ടായിരുന്നോ?; മറുപടിയുമായി അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ ചരിത്രവിജയം നേടിയ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമായിരുന്നു ബൗളര്‍ ആര്‍. അശ്വിന്‍ കാഴ്ച വെച്ചത്. ഫോമില്‍ എത്തുന്നില്ലെന്ന വിമര്‍ശനങ്ങളുടെയുടെയെല്ലാം വായടപ്പിക്കുന്നതായിരുന്നു അശ്വിന്റെ പ്രകടനം.

ഇതിനിടയില്‍ തനിക്ക് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ പദവി ലഭിക്കാത്തതില്‍ അശ്വിന്‍ അസ്വസ്ഥനാണ് എന്ന നിലയില്‍ വാദങ്ങളുയര്‍ന്നിരുന്നു. ഇപ്പോള്‍ ഈ ആരോപണങ്ങളോടെല്ലാം പ്രതികരിക്കുകയാണ് അശ്വിന്‍. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഹ്‌ലി അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് അജിങ്ക്യ രഹാനെ ക്യാപ്റ്റനായപ്പോള്‍ ചേതേശ്വര്‍ പൂജാരയായിരുന്നു ആദ്യം വൈസ് ക്യാപ്റ്റനായത്. പിന്നീട് ആ സ്ഥാനത്തേക്ക് രോഹിത് ശര്‍മ എത്തി. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു വൈസ് ക്യാപ്റ്റനാകാത്തത്തില്‍ ചെറിയ വിഷമം പോലുമില്ലേയെന്ന അശ്വിനോടുള്ള ചോദ്യം.

വൈസ് ക്യാപ്റ്റനാകാത്തതില്‍ തനിക്ക് യാതൊരു വിഷമവുമില്ലെന്നായിരുന്നു അശ്വിന്റെ മറുപടി. ‘എനിക്ക് ഒരു വിഷമവുമില്ല. എനിക്ക് എന്റേതായ പ്ലാനുകളുണ്ട്. എന്റെ എല്ലാ ക്യാപ്റ്റന്മാരും വൈസ് ക്യാപ്റ്റന്മാരും എന്നെ നന്നായി പിന്തുണച്ചിരുന്നു.

നായകനാവുക എന്നു പറഞ്ഞാല്‍ സ്വയം മുന്നോട്ടുപോവുകയും ഏത് സാഹചര്യത്തിനനുസരിച്ചും പ്രവര്‍ത്തിക്കാന്‍ കഴിയുക എന്നതുമാണല്ലോ. ടീം അംഗത്തെ സഹായിക്കാന്‍ കഴിഞ്ഞാല്‍ അതും ലീഡര്‍ഷിപ്പ് തന്നെയല്ലേ.’ അശ്വിന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Cricketer R Ashwin about not getting the position of vice captain
We use cookies to give you the best possible experience. Learn more