ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധത്തെ അനുകൂലിച്ച ഗായിക റിഹാനയെ വിമര്‍ശിച്ചുകൊണ്ടുള്ള ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ പ്രസ്താവനയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റിന് പിന്നാലെ മാധ്യമവിമര്‍ശനവുമായി ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍.
‘വേട്ടക്കാരനെ ഇരയാക്കി മാറ്റുന്ന മാധ്യമ പ്രവര്‍ത്തനം’ എന്ന് വ്യക്തമാക്കുന്ന ചിത്രം ട്വീറ്റ് ചെയ്താണ് ഇര്‍ഫാന്‍ പ്രതിഷേധമറിയിച്ചത്. ഇതിന് അടിക്കുറിപ്പ് ആവശ്യമില്ലെന്നും അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചു.
നേരത്തെ റിഹാനയ്‌ക്കെതിരായ സച്ചിന്റെ ട്വീറ്റിന് പരോക്ഷവിമര്‍ശനവുമായി ഇര്‍ഫാന്‍ രംഗത്തെത്തിയിരുന്നു. ‘അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ പൊലീസുകാരാല്‍ കൊല്ലപ്പെട്ടപ്പോള്‍ ശരിയായ രീതിയില്‍ നമ്മുടെ രാജ്യം ദുഖം പ്രകടിപ്പിച്ചിരുന്നു’, എന്നായിരുന്നു പത്താന്റെ ട്വീറ്റ്.
ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ രാജ്യത്തിന് പുറത്തുള്ളവര്‍ അഭിപ്രായം പറയേണ്ടതില്ലെന്ന സച്ചിന്റെ പരാമര്‍ശത്തെയായിരുന്നു പത്താന്‍ വിമര്‍ശിച്ചത്.
കര്‍ഷകസമരത്തില്‍ സര്‍ക്കാരിന്റെ പക്ഷംപിടിച്ചുള്ള വാര്‍ത്തകള്‍ വരുന്ന മാധ്യമങ്ങളെയാണ് ഇര്‍ഫാന്‍ പത്താന്‍ വിമര്‍ശിച്ചിരിക്കുന്നതെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇരകളായ കര്‍ഷകരെ വേട്ടക്കാരാക്കുന്ന സമീപനമാണ് ഇത്തരം മാധ്യമങ്ങള്‍ സ്വീകരിക്കുന്നതെന്ന വിമര്‍ശനമാണ് പത്താന്‍ ഉന്നയിച്ചിരിക്കുന്നതെന്നും ചിലര്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content highlight: Cricketer Irfan Pathan Criticise Media