ക്രിക്കറ്റ് ലോകം ഇന്നും ആരാധനയോടെ മാത്രം ഓര്‍ക്കുകയും പറയുകയും ചെയ്യുന്ന പേരാണ് ജോണ്ടി റോഡ്‌സിന്റെത്. ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ റോഡ്‌സിനോളം മികച്ച ഒരു ഫീല്‍ഡര്‍ ഇതുവരെ ഉണ്ടായിട്ടില്ല എന്ന് നിസ്സംശയം പറയാം.
പാക് താരം മുഷ്താഖിനെ പുറത്താക്കിയ മാജിക്കല്‍ റണ്‍ ഔട്ടും പകരം വെക്കാനില്ലാത്ത ഒട്ടനവധി ക്യാച്ചുമായി ക്രിക്കറ്റ് ലോകത്ത് അദ്ദേഹം ഇന്നും രാജാവായി തന്നെ തുടരുകയാണ്.
ക്രിക്കറ്റില്‍ രണ്ട് തരത്തിലുള്ള ഫീല്‍ഡര്‍മാരുണ്ടെന്നാണ് സാധാരണയായി പറയാറുള്ളത്. അതില്‍ ഒന്ന് ജോണ്ടി റോഡ്‌സും രണ്ടാമത്തേത് മറ്റ്ഫീല്‍ഡര്‍മാരുമാണ്.
ഇപ്പോഴിതാ, ജോണ്ടി റോഡ്‌സിന്റെ പിന്‍മുക്കാരനാവാന്‍ യോഗ്യനായ ഒരു താരത്തെ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക തന്നെ കണ്ടെത്തിയിരിക്കുകയാണ്.
ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്ന ഇരുപത്തിയൊന്നുകാരനാണ് കഴിഞ്ഞ ദിവസം നടന്ന ഇംഗ്ലണ്ട് – ദക്ഷിണാഫ്രിക്ക മത്സരത്തിനിടെ നടന്ന ഒറ്റ ക്യാച്ചിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചത്.
ഇംഗ്ലണ്ട് ഇന്നിങ്‌സില്‍ മോയിന്‍ അലിയെ പുറത്താക്കിയ ഒരു സ്റ്റണ്ണിങ് ക്യാച്ചാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. സ്റ്റബ്‌സിന്റെ ഒറ്റക്കയ്യന്‍ ക്യാച്ച് ഇതിനോടകം തന്നെ ചര്‍ച്ചയായിട്ടുണ്ട്.
ഇംഗ്ലണ്ട് ക്രിക്കറ്റ് അടക്കം തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ സ്റ്റബ്‌സിന്റെ ക്യാച്ചിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
ബബിള്‍സ് എന്ന ഒറ്റ ചിത്രം കൊണ്ട് പ്രശസ്തിയുടെ കൊടുമുടിയേറിയ അതുല്യ ചിത്രകാരന്‍ ജോണ്‍ മില്ലിയസിനെ പോലെ ഒറ്റ ക്യാച്ചുകൊണ്ട് ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് ട്രിസ്റ്റണ്‍ സ്റ്റബ്‌സ്. ജോണ്ടി റോഡ്‌സിന്റെ പിന്‍ഗാമി എന്നടക്കമുള്ള ചര്‍ച്ചകളും ക്രിക്കറ്റ് ഗ്രൂപ്പുകളില്‍ സജീവമാവുന്നുണ്ട്.
അതേസമയം, മത്സരത്തില്‍ ഇംഗ്ലണ്ട് 90 റണ്‍സിന്റെ പടുകൂറ്റന്‍ തോല്‍വി വഴങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് 191 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലോകചാമ്പ്യന്‍മാര്‍ 101 റണ്‍സിന് പുറത്താവുകയായിരുന്നു.
ദക്ഷിണാഫ്രിക്കക്കായി സ്പിന്നര്‍ ഷംസി 24 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടി. ഇതോടെ പുതിയ ക്യാപ്റ്റന്‍ ജോസ് ബട്‌ലറിന്റെ കീഴില്‍ തുടര്‍ച്ചയായി മൂന്നാം പരമ്പര തോല്‍വിയാണ് ഇംഗ്ലണ്ട് നേരിട്ടത്. നേരത്തെ ഇന്ത്യക്കെതിരെ ട്വന്റി-20 പരമ്പരയും ഏകദിന പരമ്പരയും ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയത്തിന് ശേഷമായിരുന്നു ഇംഗ്ലണ്ട് പരമ്പര അടിയറവ് വെച്ചത്.
Content Highlight: Cricket world praises Tristan Stubbs catch