ഏറെ ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം ഇന്ത്യന്‍ സൂപ്പര്‍ താരം റിഷബ് പന്ത് കാര്‍ അപകടത്തില്‍പ്പെട്ട വാര്‍ത്ത കേട്ടത്. ഉത്തരാഖണ്ഡില്‍ നിന്നും ദല്‍ഹിയിലേക്കുള്ള യാത്രക്കിടെ താരം സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.
ഡിവൈഡറിലിടിച്ച ശേഷം കാര്‍ പൂര്‍ണമായും കത്തി നശിച്ചു. കാറിന്റെ ഗ്ലാസ് തകര്‍ത്താണ് പന്തിനെ പുറത്തെടുത്തത്. തലക്കും കാലിനും പരിക്കേറ്റ പന്തിന്റെ പുറം ഭാഗത്ത് പൊള്ളലേറ്റിട്ടുമുണ്ട്.
നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന താരത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.
പന്തിന്റെ അപകട വാര്‍ത്തയറിഞ്ഞതിന് പിന്നാലെ ക്രിക്കറ്റ് ലോകമൊന്നാകെ താരത്തിന്റെ തിരിച്ചുവരവിനായാണ് പ്രാര്‍ത്ഥിക്കുന്നത്. താരത്തിന്റെ ഐ.പി.എല്‍ ടീമായ ദല്‍ഹി ക്യാപ്പിറ്റല്‍സ് അടക്കം നിരവധി പേരാണ് പന്തിന്റെ സ്പീഡി റിക്കവറിക്കായി പ്രാര്‍ത്ഥിക്കുന്നത്.
റിഷബ് പന്തിനെ കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്, വളരെ പെട്ടെന്നുതന്നെ സുഖം പ്രാപിക്കൂ സ്‌കിപ്പര്‍ എന്നായിരുന്നു ദല്‍ഹി ക്യാപ്പിറ്റല്‍സ് ട്വിറ്ററില്‍ കുറിച്ചത്.
‘റിഷബ് പന്ത് പെട്ടന്ന് തന്നെ സുഖം പ്രാപിച്ച് മടങ്ങി വരാന്‍ ആശംസിക്കുന്നു, അവനെ കുറിച്ചാണ് ഞാനിപ്പോള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്,’ എന്നായിരുന്നു ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കോച്ചും ഇതിഹാസ താരവുമായ റിക്കി പോണ്ടിങ് ട്വീറ്റ് ചെയ്തത്.
പന്തിനെ കുറിച്ച് ഞാന്‍ കേട്ട വാര്‍ത്ത സത്യമാണോ? അദ്ദേഹം പെട്ടെന്ന് തന്നെ സുഖം പ്രാപിച്ച് മടങ്ങിയെത്താനായി പ്രാര്‍ത്ഥിക്കുന്നു എന്നാണ് മുന്‍ ഇന്ത്യന്‍ താരം മുനാഫ് പട്ടേല്‍ കുറിച്ചത്.
ഇവര്‍ക്ക് പുറമെ ഗൗതം ഗംഭീര്‍, വിരേന്ദര്‍ സേവാഗ്, മുഹമ്മദ് ഷമി അടക്കമുള്ള താരങ്ങളും രാജസ്ഥാന്‍ റോയല്‍സ് അടക്കമുള്ള ഐ.പി.എല്‍ ടീമുകളും പന്ത് വളരെ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നുണ്ട്.
റിഷബ് പന്തിന് പരിക്കേറ്റ് ഏറെ താമസിച്ചാണ് ബി.സി.സി.ഐ സെക്രട്ടറിയായ ജയ് ഷാ വിഷയത്തില്‍ ഒരു ട്വീറ്റ് പങ്കുവെച്ചത്.
‘എന്റെ എല്ലാ പ്രാര്‍ത്ഥനകളും റിഷബ് പന്തിനൊപ്പമാണ്. അവന്‍ തിരിച്ചുവരവിനുള്ള പോരാട്ടത്തിന്റെ വഴികളിലാണ്. ഞാന്‍ അദ്ദേഹത്തിന്റെ കുടുംബവുമായും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായും സംസാരിച്ചു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ്. അവന്‍ ഇപ്പോള്‍ സ്‌കാനിങ്ങിന് വിധേയനാവുകയാണ്. ഞങ്ങള്‍ അവന്റെ ആരോഗ്യ സ്ഥിതിയിലെ പുരോഗതി സൂക്ഷ്മമായി വിലയിരുത്തുകയാണ്. ആവശ്യമായ എല്ലാ പിന്തുണയും നല്‍കുകയും ചെയ്യും,’ ജയ് ഷാ ട്വീറ്റ് ചെയ്തു.
അതേസമയം, ബി.സി.സി.ഐയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും ഒരു തരത്തിലുമുള്ള ട്വീറ്റ് ഇതുവരെ ഉണ്ടായിട്ടില്ല.
പന്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആരാധകര്‍ ആശങ്കപ്പെടുമ്പോള്‍ മോശം കമന്റുകളും അധിക്ഷേപ പരാമര്‍ശങ്ങളും ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട് എന്നത് ദുഖകരമായ ഒരു കാര്യമാണ്.
വളരെ പെട്ടെന്ന് തന്നെ പൂര്‍ണ ആരോഗ്യവാനായി തിരിച്ചു വരൂ ചാംപ്, കാരണം ഇന്ത്യന്‍ ടീമിനും ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഓരോരുത്തര്‍ക്കും നിങ്ങളെ ആവശ്യമുണ്ട്. ഞങ്ങളും നിങ്ങളുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു.
Content Highlight: Cricket World is praying for Rishabh Pant’s speedy recovery