| Saturday, 23rd April 2022, 2:41 pm

കണ്ടം കളിയല്ല പന്തേ, ഇത് ഇന്റര്‍നാഷണല്‍ ക്രിക്കറ്റാണ്; റിഷബ് പന്തിനെതിരെ ആഞ്ഞടിച്ച് ലോകക്രിക്കറ്റര്‍മാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ഐ.പി.എല്‍ മത്സരത്തിലെ അനിഷ്ട സംഭവങ്ങള്‍ ക്രിക്കറ്റിലൊന്നാകെ ചര്‍ച്ചയായിരുന്നു. ദല്‍ഹി ക്യാപിറ്റല്‍സ് ഇന്നിംഗ്‌സിലെ അവസാന ഓവറിലെ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെയായിരുന്നു ക്രിക്കറ്റ് ലോകമൊന്നാകെ ഐ.പി.എല്ലിലേക്ക് തിരിഞ്ഞത്.

വിന്‍ഡീസ് യുവതാരം ഒബെഡ് മക്കോയ് എറിഞ്ഞ അവസാന ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവങ്ങളുടെ തുടക്കം. അവസാന ഓവറില്‍ 36 റണ്‍സായിരുന്നു ക്യാപിറ്റല്‍സിന് ജയിക്കായി വേണ്ടിയിരുന്നത്. അവസാന ഓവറിലെ ആദ്യ മൂന്ന് പന്തിലും സിക്‌സര്‍ പറത്തിയായിരുന്നു വിന്‍ഡീസ് താരം പവല്‍ പ്രഷര്‍ സിറ്റുവേഷനെ കൈകാര്യം ചെയ്തത്.

മക്കോയ് എറിഞ്ഞ മൂന്നാം പന്ത് ഒരു ഹൈ ഫുള്‍ടോസായിരുന്നു, അത് നോബോള്‍ വിളിക്കാന്‍ ദല്‍ഹി ക്യാമ്പ് ഒന്നടങ്കം മുറവിളി കൂട്ടിയിരുന്നു. എന്നാല്‍ മാച്ച് അമ്പയര്‍ നോ ബോള്‍ വിളിക്കാന്‍ തയ്യാറായിരുന്നില്ല.

ഇതിന് പിന്നാലെ ദല്‍ഹി ക്യാപ്റ്റന്‍ പന്ത് സിനിമാറ്റിക് സ്റ്റൈലിലായിരുന്നു സന്ദര്‍ഭം കൈകാര്യം ചെയ്യാനിറങ്ങിയത്. നോ ബോള്‍ വിളിക്കാത്തതിനെ തുടര്‍ന്ന് താരങ്ങളോട് മത്സരം നിര്‍ത്തി ഇറങ്ങി പോരാനും പന്ത് ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ ദല്‍ഹിയുടെ സഹപരിശീലകനായ പ്രവീണ്‍ ആമ്രെ മൈതാനത്തേക്കിറങ്ങുകയും അമ്പയറോട് കയര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അമ്പയര്‍ തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

ഡഗ് ഔട്ടില്‍ പന്തിന്റെ ഷോ മുഴുവനും കണ്ടുകൊണ്ടിരുന്ന ജോസ് ബട്‌ലറും ക്യാപിറ്റല്‍സ് ഓഫീഷ്യലായ ഷെയ്ന്‍ വാട്‌സണും താരത്തോട് മര്യാദയുടെ അതിര് വിടാതിരിക്കാന്‍ പറയുന്നുമുണ്ടായിരുന്നു.

തുടര്‍ന്നുള്ള പന്ത് ഡോട്ട് ആയതോടെ രാജസ്ഥാന്‍ വിജയം ഉറപ്പിച്ചിരുന്നു. ഓവറിലെ അവസാന പന്തില്‍ പവല്‍ മക്കോയ്ക്ക് വിക്കന്റ് സമ്മാനിച്ചതോടെ രാജസ്ഥാന്‍ 15 റണ്‍സിന് ജയിക്കുകയും ചെയ്തു.

എന്നാല്‍ മാച്ചിന് പിന്നാലെ പന്തിനെതിരെ വ്യാപക വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നിരുന്നത്. അമ്പയറുടെ തീരുമാനകത്തെ വെല്ലുവിളച്ചത് മുതല്‍ വാക്കൗട്ടിനൊരുങ്ങിയതുവരെ ഗുരുതരമായ കുറ്റമായി തന്നെയാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.

ഇര്‍ഫാന്‍ പത്താന്‍ കെവീന്‍ പീറ്റേഴ്‌സണ്‍ ആര്‍.പി. സിംഗ്, പിയൂഷ് ചൗള തുടങ്ങി നിരവധി താരങ്ങളായിരുന്നു പന്തിനെതിരെ വിമര്‍ശനവുമായെത്തിയത്.

തന്റെ ബാറ്റര്‍മാരോട് തിരിച്ചുവരാന്‍ പന്ത് നിര്‍ദ്ദേശിച്ചത് തെറ്റാണെന്നായിരുന്നു ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞത്.

‘റിഷഭ് പന്ത് ബാറ്റര്‍മാരെ തിരികെ വിളിക്കുന്നതും കളി നിര്‍ത്താന്‍ കോച്ച് കളത്തിലിറങ്ങിയതും ഒരിക്കലും അംഗീകരിക്കാനാവില്ല. ഇനിയൊരിക്കലും ഇത്തരമൊരു കാര്യം കാണില്ലെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ കെവിന്‍ പീറ്റേഴ്സണ്‍ പറഞ്ഞു.

സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും ഒരു മത്സരത്തില്‍ നിന്നും വാക്കൗട്ട് ചെയ്യാന്‍ അനുവാദമില്ലാതിരിക്കെ റിഷഭ് പന്ത് സ്വയം നിയന്ത്രിക്കണമായിരുന്നു എന്നാണ് പിയൂഷ് ചൗള പറഞ്ഞത്.

‘ഇത് ക്രിക്കറ്റല്ല, പന്ത് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല,’ എന്നാണ് ആര്‍.പി.സിംഗ് സമൂഹമാധ്യമത്തില്‍ കുറിച്ചത്.

അതേസമയം, എട്ടിന്റെ പണിയാണ് പന്തിനും ടീമിനും കിട്ടിയിരിക്കുന്നത്. മാച്ച് ഫീയുടെ നൂറ് ശതമാനം പിഴയൊടുക്കാനാണ് പന്തിനോട് ഐ.പി.എല്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പന്തിനൊപ്പം തന്നെ സഹതാരം ശാര്‍ദൂല്‍ താക്കൂറിനും അമ്രെയ്ക്കും പിഴ കിട്ടിയിട്ടുണ്ട്. മാച്ച് ഫീയുടെ 50 ശതമാനമാണ് ഇരുവരും പിഴയായി ഒടുക്കേണ്ടത്.

Content Highlight: Cricket World against action of Rishab Pant in IPL Match against Rajasthan Royals

We use cookies to give you the best possible experience. Learn more