ഒരിടവേളക്ക് ശേഷം തമിഴ് സിനിമയില്‍ ക്രിക്കറ്റ് തരംഗം അലയടിക്കുന്നു. ജീവ, കനാ എന്നീ സിനിമകള്‍ക്ക് ശേഷം ക്രിക്കറ്റ് മുഖ്യപ്രമേയമായി വരുന്ന ചിത്രങ്ങളാണ് ലാല്‍ സലാമും ബ്ലൂ സ്റ്റാറും.
ഒരിടവേളക്ക് ശേഷം തമിഴ് സിനിമയില്‍ ക്രിക്കറ്റ് തരംഗം അലയടിക്കുന്നു. ജീവ, കനാ എന്നീ സിനിമകള്‍ക്ക് ശേഷം ക്രിക്കറ്റ് മുഖ്യപ്രമേയമായി വരുന്ന ചിത്രങ്ങളാണ് ലാല്‍ സലാമും ബ്ലൂ സ്റ്റാറും.
അശോക് സെല്‍വന്‍, ശാന്തനു ഭാഗ്യരാജ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ബ്ലൂ സ്റ്റാറിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ചെന്നെയിലെ ആര്‍ക്കോണത്തെ രണ്ട് ക്രിക്കറ്റ് ടീമുകളുടെ കഥയാണ് സിനിമ പറയുന്നത്. പരിയേറും പെരുമാള്‍, റൈറ്റര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പാ.രഞ്ജിതിന്റെ നീലം പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന സിനിമ കൂടിയാണ് ബ്ലൂ സ്റ്റാര്‍.
എസ്.ജയകുമാര്‍ രചനയും സംവിധാനവും ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി പാണ്ഡ്യനാണ് നായിക. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം. സിനിമയിലെ ആദ്യ ഗാനമായ ‘റെയിലിന്‍ ഒളികള്‍’ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആയിരുന്നു. ഭഗവതി പെരുമാള്‍, ഇളങ്കോ കുമരവേല്‍, ദിവ്യ ദുരൈസാമി, ലിസി ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജനുവരി 25നാണ് സിനിമയുടെ റിലീസ്.
രജിനികാന്ത് അതിഥി വേഷത്തില്‍ എത്തുന്ന വിഷ്ണു വിശാല്‍-വിക്രാന്ത് ചിത്രം ലാല്‍ സലാം എന്ന സിനിമയും പറയുന്നത് ക്രിക്കറ്റന്റെ കഥ തന്നെയാണെന്ന് ടീസറില്‍ നിന്ന് വ്യക്തമായിരുന്നു. ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാമിന്റെ സംഗീതം എ.ആര്‍ റഹ്‌മാനാണ്. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ നിര്‍മിക്കുന്ന ചിത്രം പൊങ്കല്‍ റിലീസ് ആയി പ്രഖ്യാപിച്ചിരുന്നെങ്കിലും ഫെബ്രുവരി ഒമ്പതിലേക്ക് മാറ്റിയിരുന്നു. തമ്പി രാമയ്യ, സെന്തില്‍, ജീവിത, വിവേക് പ്രസന്ന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Content highlight: Cricket Trend again in Tamil cinema