|

'പട്ടേലിന്റെ പേരില്‍ വോട്ട് ചോദിച്ച് നടന്നിട്ട് അദ്ദേഹത്തെ അപമാനിക്കുകയാണ്'; ബി.ജെ.പിയോട് ഗുജറാത്ത് പൊറുക്കില്ലെന്ന് ഹാര്‍ദിക് പട്ടേല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്നാക്കി മാറ്റിയ സര്‍ക്കാര്‍ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി പട്ടേല്‍ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍. സര്‍ദാര്‍ പട്ടേലിന്റെ പേരില്‍ വോട്ട് ചോദിച്ച് നടന്നവര്‍ ഇപ്പോള്‍ അദ്ദേഹത്തെ അപമാനിക്കുകയാണെന്ന് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

” ലോകത്തിലെ ഏറ്റവും വലിയ സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്നാക്കി മാറ്റിയിരിക്കുന്നു. ഇത് പട്ടേലിനെ അപമാനിക്കലല്ലേ? സര്‍ദാര്‍ പട്ടേലിന്റെ പേരില്‍ വോട്ട് ചോദിച്ച് നടന്ന ബി.ജെ.പി ഇപ്പോള്‍ സര്‍ദാര്‍ സാഹിബിനെ അപമാനിക്കുകയാണ്. പട്ടേലിനേറ്റ ഈ അപമാനം ഗുജറാത്തിലെ ജനങ്ങള്‍ പൊറുക്കില്ല,” ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

നിരവധി പേരാണ് ഹാര്‍ദിക് പട്ടേലിന്റെ പ്രതികരണത്തിന് പിന്തുണയുമായി മുന്നോട്ട് വന്നിരിക്കുന്നത്. പുതുതായി നവീകരിച്ച സ്റ്റേഡിയത്തിന്റെ പേര് മാറ്റിയതില്‍ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ഹാര്‍ദിക് പട്ടേലും രൂക്ഷ വിമര്‍ശനവുമായി മുന്നോട്ട് വന്നത്.

1,10,000 പേര്‍ക്കിരിക്കാന്‍ കഴിയുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് മൊട്ടേരയിലേത്. ബുധനാഴ്ചയാണ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ, കായിക വകുപ്പ് മന്ത്രി കിരണ്‍ റിജ്ജു, തുടങ്ങിയവരും സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

സ്റ്റേഡിയത്തില്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിലെ ദുഃഖം അറിയിച്ച് ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി ട്വീറ്റ് ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ എത്താന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും സ്റ്റേഡിയം മിസ് ചെയ്യുന്നുണ്ട് എന്നുമാണ് സൗരവ് ഗാംഗുലി ട്വീറ്റ് ചെയ്തത്.

ആന്‍ജിയോ പ്ലാസ്റ്റി കഴിഞ്ഞ് ചികിത്സയിലായതിനാലാണ് ബി.സി.സി.ഐ പ്രസിഡന്റുകൂടിയായ സൗരവ് ഗാംഗുലിക്ക് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നത്.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റായിരിക്കും ഇവിടെ ആദ്യമായി നടക്കുക. പ്രസിഡന്റ് രാംനാഥ് കോവിന്ദാണ് ഭൂമി പൂജ നടത്തി നവീകരിച്ച മൊട്ടേര സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 
Content Highlight: Cricket stadium in Motera renamed as Narendra Modi Stadium; Hardik Patel Criticizes BJP