എന്തെല്ലാം ഏതെല്ലാം സ്വപ്‌നങ്ങളായിരുന്നു, ഒക്കെ തുലച്ചില്ലേടാ; പുറത്താകലിന് പിന്നാലെ സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്
Sports News
എന്തെല്ലാം ഏതെല്ലാം സ്വപ്‌നങ്ങളായിരുന്നു, ഒക്കെ തുലച്ചില്ലേടാ; പുറത്താകലിന് പിന്നാലെ സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 7th November 2022, 10:30 am

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ നെതര്‍ലാന്‍ഡ്സ് അട്ടിമറി ജയം സ്വന്തമാക്കിയതോടെ ദക്ഷിണാഫ്രിക്ക ടി-20 ലോകകപ്പില്‍ നിന്നും പുറത്തായതിനെ ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം നോക്കി കാണുന്നത്.

ദക്ഷിണാഫ്രിക്കയെ 13 റണ്‍സിനാണ് നെതര്‍ലാന്‍ഡ്സ് കീഴ്‌പ്പെടുത്തിയത്. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 145 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നെതര്‍ലാന്‍ഡ്‌സ് നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലാന്‍ഡ്സില്‍ കോളിന്‍ അക്കര്‍മാന്‍ ആണ് തിളങ്ങിയത്. 26 പന്തില്‍ നിന്ന് പുറത്താകാതെ അക്കര്‍മാന്‍ 41 റണ്‍സടിച്ചു.

സ്റ്റീഫന്‍ മൈബര്‍ഗും ടോം കൂപ്പറുമാണ് നെതര്‍ലാന്‍ഡ്സില്‍ മികച്ച പ്രകടനം കാഴ്ച വെച്ച മറ്റ് രണ്ട് താരങ്ങള്‍. 10, 4, 16, 15 എന്നിങ്ങനെയാണ് അവസാന നാല് ഓവറില്‍ നെതര്‍ലന്‍ഡ്‌സ് ടീം നേടിയത്.

നെതര്‍ലന്‍ഡ്‌സിനായി ഓപ്പണര്‍മാരായ സ്റ്റീഫന്‍ മിബറും മാക്‌സ് ഒഡൗഡും ഗംഭീര തുടക്കമാണ് നേടിയത്. ഇരുവരും 8.3 ഓവറില്‍ 58 റണ്‍സ് അടിച്ചുകൂട്ടി.

മിബര്‍ 30 പന്തില്‍ 37 ഉം ഒഡൗഡ് 31 പന്തില്‍ 29ഉം റണ്‍സ് നേടി. പ്രോട്ടീസിനായി കേശവ് മഹാരാജ് രണ്ടും ആന്റിച്ച് നോര്‍ക്യയും ഏയ്ഡന്‍ മാര്‍ക്രമും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ആര്‍ക്കും മികച്ച പെര്‍ഫോമന്‍സ് പുറത്തെടുക്കാനായില്ല.
25 റണ്‍സ് നേടിയ റീലി റൂസോ ആണ് ടോപ് സ്‌കോറര്‍. ഇതോടെ അഞ്ച് പോയിന്റ് ഉണ്ടായിരുന്ന ദക്ഷിണാഫ്രിക്ക തോറ്റ് പുറത്തായി.

ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയും ടീമിന്റെ പ്രകടനത്തില്‍ നിരാശ പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ടി20 ലോകകപ്പില്‍ നിന്നും പുറത്തായതിലെ ഞെട്ടലും പ്രസ്താവനയിലുണ്ട്.

‘ടീം പ്രതീക്ഷിച്ച പോലെ കളിക്കാത്തത് തന്നെയാണ് ഈ നിരാശപ്പെടുത്തുന്ന പുറത്താകലിന് കാരണം. ടി20 ലോകകപ്പില്‍ തുറന്നുകാണിക്കപ്പെട്ട എല്ലാ പോരായ്മകളും മനസിലാക്കി ടീമിനെ റീഗ്രൂപ്പ് ചെയ്യേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട്.

ഫൈനലിലെത്തുമെന്ന വലിയ പ്രതീക്ഷയോടെയാണ് ഞങ്ങള്‍ ടീമിനെ ലോകകപ്പിനയച്ചത്. എന്നാല്‍ ആ സ്വപ്നങ്ങളെല്ലാം തുലഞ്ഞു. സി.എസ്.എ ടീമിനെ പൂര്‍ണമായും പിന്തുണച്ചിരുന്നു. പക്ഷെ ഞങ്ങളുടെ പ്രതീക്ഷക്കൊത്ത പ്രകടനം അവര്‍ പുറത്തെടുക്കാത്തത് നിരാശ തന്നെയാണ്.

പക്ഷെ അവരെ തുടര്‍ന്നും സപ്പോര്‍ട്ട് ചെയ്യേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഇങ്ങനെയൊരു പരാജയത്തെ അഭിമുഖീകരിക്കേണ്ടി വരുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷെ ഭാവിയിലെ വിജയങ്ങള്‍ ലക്ഷ്യമാക്കി ടീമിനെ റീബില്‍ഡ് ചെയ്യാനാണ് തീരുമാനം.

ഈയൊരു അനുഭവത്തില്‍ നിന്നുള്ള പാഠങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ സ്ട്രാറ്റജിയിലൂടെ ബലഹീനതകളെല്ലാം മറികടന്ന് കരുത്തരായ ടീമിനെ വാര്‍ത്തെടുക്കുകയാണ് ഇനി ചെയ്യാനുള്ളത്,’ ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ പ്രസ്താവനയില്‍ പറയുന്നു.