| Thursday, 10th November 2022, 2:05 pm

'പണി വരുന്നുണ്ട് അവറാച്ചാ'; ലോകകപ്പില്‍ നിന്നും പുറത്തായ ബാവുമയെയും കൂട്ടരെയും ഇഴകീറി പരിശോധിക്കുമെന്ന് സൗത്ത് ആഫ്രിക്ക

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ നിന്നും സെമി കാണാതെ പുറത്തായ സൗത്ത് ആഫ്രിക്കന്‍ ടീമിനും കളിക്കാര്‍ക്കും നാട്ടിലെത്തിയാല്‍ നല്ല മുട്ടന്‍ പണി കിട്ടുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. ടീമില്‍ ഒരു അടിമുടി ഉടച്ചുവാര്‍ക്കലിനാണ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഒരുങ്ങുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ പുറത്തുവിട്ട പ്രസ്താവനയിലും ടീമിന്റെ നിലവിലെ പെര്‍ഫോമന്‍സിലുള്ള നിരാശ പ്രകടമായിരുന്നു. ടീമിനെ ഇഴകീറി പരിശോധിച്ച് വിലയിരുത്തലുകള്‍ സമര്‍പ്പിക്കാന്‍ ഒരു പുതിയ പാനലിനെ നിശ്ചയിച്ചിരിക്കുകയാണ് സി.എസ്.എ അധികൃതര്‍ ഇപ്പോള്‍.

2023ല്‍ ഇന്ത്യയില്‍ വെച്ച് നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുമ്പ് ടീമിനെ ശരിപ്പെടുത്തിയെടുക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് ഡയറക്ടര്‍ ഇനോക് നക്വേയും കൂട്ടരും.

നെതര്‍ലാന്‍ഡ്‌സിനോട് വരെ പരാജയപ്പെട്ട് ദുരന്തനായകര്‍ എന്ന തങ്ങളുടെ ലേബല്‍ ഒന്നു കൂടി ഉറപ്പിച്ചായിരുന്നു സൗത്ത് ആഫ്രിക്കയുടെ ടി-20 ലോകകപ്പില്‍ നിന്നുള്ള മടക്കം. സൂപ്പര്‍ 12 ഘട്ടത്തില്‍ തന്നെയുള്ള പുറത്താക്കല്‍ ടീം മാനേജ്‌മെന്റിനെ വലിയ രീതിയിലാണ് അസ്വസ്ഥപ്പെടുത്തുന്നത്.

‘എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചേ മതിയാകൂ. ഇത്തവണ കണിശമായി തന്നെ റിവ്യു നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. അതിനുവേണ്ടി പാനലിനെ തയ്യാറാക്കിയിട്ടുണ്ട്.

പക്ഷെ കഴിഞ്ഞുപോയ കാലങ്ങളെ കുറിച്ചോര്‍ത്തിരിക്കാതെ ഒരു റീസെറ്റ് ബട്ടണ്‍ അമര്‍ത്തി മുന്നോട്ടു പോകാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം. ഈ അധ്യായം അടച്ച് വരുംനാളുകളിലേക്ക് കണ്ണുതുറന്നു പിടിച്ച് മുന്നോട്ടുപോകും.

ഏകദിന ലോകകപ്പ് ജയിക്കാന്‍ ടീമിന് എന്താണോ ആവശ്യം അത് നല്‍കാനാണ് ഞങ്ങള്‍ ശ്രദ്ധിക്കുന്നത്. കൃത്യമായ സ്ട്രാറ്റജികള്‍ തയ്യാറാക്കും. ഇപ്പോള്‍ ഒരു മാറ്റത്തിന് പറ്റിയ സമയമാണ്, അത് ചെയ്യാനാണ് ശ്രമിക്കുന്നത്,’ നക്വേ പറഞ്ഞതായി ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിജയത്തിലും പരാജയത്തിലും ടീമിനൊപ്പം നില്‍ക്കുമെന്നും കൂടുതല്‍ പിന്തുണ നല്‍കുമെന്നും നാക്വേ ആവര്‍ത്തിച്ചെങ്കിലും, ടീം റീസെറ്റ് ചെയ്യുമെന്ന വാക്കുകള്‍ നിലവിലെ പലരും ടീമിന് പുറത്തുപോകുമെന്ന സൂചന തന്നെയാണ് നല്‍കുന്നത്.

നേരത്തെ പുറത്തുവിട്ട പ്രസ്താവനയിലും സമാനമായ സൂചനകളുണ്ടായിരുന്നു. വലിയ പ്രതീക്ഷകളോടെയാണ് ടീമിനെ ഓസ്‌ട്രേലിയയിലേക്ക് അയച്ചിരുന്നതെന്നും അതെല്ലാം തുലഞ്ഞുപോയെന്നുമാണ് അസോസിയേഷന്‍ പറഞ്ഞിരുന്നത്.

പ്രതീക്ഷിച്ച പോലെ കളിക്കാത്തത് തന്നെയാണ് ഈ നിരാശപ്പെടുത്തുന്ന പുറത്താകലിന് കാരണം. ടി-20 ലോകകപ്പില്‍ തുറന്നുകാണിക്കപ്പെട്ട എല്ലാ പോരായ്മകളും മനസിലാക്കി ടീമിനെ റീഗ്രൂപ്പ് ചെയ്യേണ്ട ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ട്, എന്നായിരുന്നു ഈ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നത്.

Content Highlight: Cricket South Africa against team after their shocking exit from T20 World Cup

We use cookies to give you the best possible experience. Learn more