| Monday, 22nd May 2023, 8:05 am

എനിക്കും പിള്ളേര്‍ക്കും വേണ്ടി ചെറുക്കന്‍ തകര്‍ത്തടിച്ചു; ഗില്ലിനെ വാരിപ്പുണര്‍ന്ന് സച്ചിന്‍ അടക്കമുള്ളവര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ചിന്നസ്വാമിയില്‍ വെച്ച് നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തില്‍ പരാജയപ്പെട്ട് ആര്‍.സി.ബി ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു. പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ വിജയം മാത്രം മതിയെന്നിരിക്കെ ആറ് വിക്കറ്റിനായിരുന്നു ബെംഗളൂരുവിന്റെ തോല്‍വി.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ടൈറ്റന്‍സിന് മുമ്പില്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ അപരാജിത സെഞ്ച്വറിയുടെ കരുത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് 198 റണ്‍സിന്റെ വിജയലക്ഷ്യം കുറിച്ചു. 61 പന്ത് നേരിട്ട് 13 ബൗണ്ടറിയും ഒരു സിക്‌സറും അടക്കം പുറത്താകാതെ 101 റണ്‍സായിരുന്നു വിരാട് നേടിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് വിരാട് സെഞ്ച്വറി നേടുന്നത്.

വിരാടിന്റെ സെഞ്ച്വറിക്ക് സെഞ്ച്വറി കൊണ്ടുതന്നെ ടൈറ്റന്‍സും മറുപടി നല്‍കിയിരുന്നു. യുവതാരം ശുഭ്മന്‍ ഗില്ലായിരുന്നു ടൈറ്റന്‍സിനായി ട്രിപ്പിള്‍ ഡിജിറ്റ് നേടിയത്. 52 പന്തില്‍ നിന്നും പുറത്താകാതെ 104 റണ്‍സാണ് ഗില്‍ സ്വന്തമാക്കിയത്. അഞ്ച് ബൗണ്ടറിയും എട്ട് സിക്‌സറും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്.

ഗില്ലിന്റെ ബലത്തില്‍ ആറ് വിക്കറ്റും അഞ്ച് പന്തും ബാക്കി നില്‍ക്കെ ടൈറ്റന്‍സ് വിജയം സ്വന്തമാക്കുകയായിരുന്നു. ഗില്ലിന്റെയും സീസണിലെ രണ്ടാം സെഞ്ച്വറിയാണിത്.

ഈ തകര്‍പ്പന്‍ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഗില്ലിന് അഭിനന്ദനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ഇതിഹാസങ്ങളൊന്നാകെ എത്തിയിരുന്നു. ഗില്ലിന് മാത്രമല്ല, വിരാട് കോഹ്‌ലിക്കും മുംബൈ ഇന്ത്യന്‍സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തില്‍ മൂന്നക്കം കണ്ട കാമറൂണ്‍ ഗ്രീനിനും ഇവര്‍ അഭിനന്ദനമറിയിച്ചിരുന്നു.

മുംബൈ ഇന്ത്യന്‍സിന് വേണ്ടി കാമറൂണ്‍ ഗ്രീനും ശുഭ്മന്‍ ഗില്ലും മികച്ച പ്രകടനം കാഴ്ചവെച്ചെന്നും വിരാട് കോഹ്‌ലി തുടര്‍ച്ചയായ മത്സരങ്ങളില്‍ സെഞ്ച്വറി നേടി ക്ലാസ് തെളിയിച്ചെന്നുമാണ് സച്ചിന്‍ കുറിച്ചത്.

ഗുജറാത്ത് ടൈറ്റന്‍സിന്റെ വിജയത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നു. ഇക്കാരണത്താലാണ് ഗില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി നന്നായി കളിച്ചെന്ന് സച്ചിന്‍ പറഞ്ഞത്.

സച്ചിന് പുറമെ സൗരവ് ഗാംഗുലി, വിരേന്ദര്‍ സേവാഗ്, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, ഇര്‍ഫാന്‍ പത്താന്‍, വെങ്കടേഷ് പ്രസാദ് തുടങ്ങിയവരും താരങ്ങള്‍ക്ക് അഭിനന്ദനവുമായി എത്തിയിരിരുന്നു.

മെയ് 23നാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ അടുത്ത മത്സരം. ചെന്നൈയിലെ ചെപ്പോക്കില്‍ വെച്ച് നടക്കുന്ന ഒന്നാം ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ടീമിന്റെ എതിരാളികള്‍. വിജയിക്കുന്ന ടീമിന് നേരിട്ട് ഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കും. തോല്‍ക്കുന്ന ടീമിന് ഫൈനല്‍ കളിക്കാന്‍ മറ്റൊരു അവസരവും ലഭിക്കും.

മെയ് 26ന് ഗുജറാത്തില്‍ വെച്ച് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ആദ്യ എലിമിനേറ്ററിലെ വിജയികളുമായി ഇവര്‍ ഏറ്റുമുട്ടുകയും ജയിക്കുന്നവര്‍ ഫൈനലില്‍ പ്രവേശിക്കുകയും ചെയ്യും.

Content Highlight: Cricket Legends praises Shubman Gill

We use cookies to give you the best possible experience. Learn more