| Monday, 6th March 2023, 5:21 pm

സഞ്ജുവടക്കം പലരും പുറത്ത്; അടുത്ത ജനറേഷനില്‍ ഇവരില്ല

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ നിന്നും അടുത്ത ജനറേഷനിലെ സൂപ്പര്‍ താരങ്ങളെ തെരഞ്ഞെടുത്ത് ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍. ഐ.പി.എല്‍ സംപ്രേക്ഷണം ചെയ്യുന്ന ജിയോ സിനിമയുടെ പാനല്‍ ഡിസ്‌കഷനിലാണ് അടുത്ത തലമുറയിലെ താരങ്ങളെ ഇവര്‍ തെരഞ്ഞെടുത്തത്.

ഇന്ത്യന്‍ ലെജന്‍ഡ് അനില്‍ കുംബ്ലെ, മുന്‍ ഇന്ത്യന്‍ താരങ്ങളായ ആകാശ് ചോപ്ര, പാര്‍ത്ഥിവ് പട്ടേല്‍, റോബിന്‍ ഉത്തപ്പ, ന്യൂസിലാന്‍ഡ് ഇതിഹാസ താരം സ്‌കോട് സ്‌റ്റൈറിസ്, വിന്‍ഡീസ് ലെജന്‍ഡ് ക്രിസ് ഗെയ്ല്‍ എന്നിവരായിരുന്നു ലെജന്‍ഡ്‌സ് ലോഞ്ച് എന്ന പാനല്‍ ഡിസ്‌കഷനിലുണ്ടായിരുന്നത്.

അടുത്ത ജെനറേഷനിലെ സൂപ്പര്‍ ബൗളറായി താന്‍ കാണുന്നത് പഞ്ചാബ് കിങ്‌സിന്റെ യുവതാരം അര്‍ഷ്ദീപ് സിങ്ങിനെയാണെന്നായിരുന്നു കുംബ്ലെ പറഞ്ഞത്. അര്‍ഷ്ദീപിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചയാളും ആ വളര്‍ച്ച നേരിട്ടു കാണുകയും ചെയ്തയാളാണ് കുംബ്ലെ.

ബാറ്റിങ്ങിലേക്ക് വരുമ്പോള്‍ ഇഷാന്‍ കിഷനെയാണ് കുംബ്ലെ തെരഞ്ഞെടുക്കുന്നത്. അടുത്തിടെ ഇഷാന്‍ കിഷന്‍ നേടിയ ഇരട്ട സെഞ്ച്വറിയടക്കം പരാമര്‍ശിച്ചുകൊണ്ടായിരുന്നു കുംബ്ലെ ഇഷാനെ തെരഞ്ഞെടുത്തത്.

ക്രിസ് ഗെയ്‌ലിനും ഇതേ ആളുകളെ തന്നെയായിരുന്നു തെരഞ്ഞെടുക്കാനുണ്ടായിരുന്നത്. ഇഷാന്‍ കിഷനെ ഇന്ത്യയുടെ ഭാവിയാണെന്നായിരുന്നു ഗെയ്ല്‍ വിശേഷിപ്പിച്ചത്.

ബൗളര്‍മാരുടെ നിരയില്‍ അര്‍ഷ്ദീപിനെ തന്നെയായിരുന്നു പാര്‍ത്ഥിവ് പട്ടേലിനും പറയാനുണ്ടായിരുന്നത്. എന്നാല്‍ അര്‍ഷ്ദീപിനെ കുറിച്ച് രണ്ട് പേര്‍ ഇതിനോടകം തന്നെ സൂചിപ്പിച്ചെന്ന് ആകാശ് ചോപ്ര ചൂണ്ടിക്കാണിച്ചപ്പോള്‍ ഉമ്രാന്‍ മാലിക്കിനെ പാര്‍ത്ഥിവ് പട്ടേല്‍ തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിലേക്ക് വരുമ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ യുവതാരം തിലക് വര്‍മയെയാണ് പാര്‍ത്ഥിവ് തെരഞ്ഞെടുത്തത്.

പാനല്‍ ഡിസ്‌കഷനിലുണ്ടായിരുന്ന റോബിന്‍ ഉത്തപ്പക്കും അര്‍ഷ്ദീപിന്റെ പേര് തന്നെയായിരുന്നു പറയാനുണ്ടായിരുന്നത്. ഇതിനൊപ്പം തന്നെ മൊഹസീന്‍ ഖാനെ കുറിച്ചും ഉത്തപ്പ പറഞ്ഞു. ആഭ്യന്തര തലത്തില്‍ മൊഹസീന്‍ ഖാനെതിരെ കളിച്ചതാണെന്നും മികച്ച രീതിയിലാണ് താരം പന്തെറിയുന്നതെന്നും ഉത്തപ്പ ചൂണ്ടിക്കാട്ടി. വളരെ ചെറിയ റണ്‍ അപ്പാണ് ഉള്ളതെങ്കില്‍ കൂടിയും അവനെറിയുന്ന ഓരോ ഡെലിവറിയുടെയും പവര്‍ അപാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത തലമുറയിലെ ബാറ്ററെ കുറിച്ച് ഉത്തപ്പക്കും പറയാനുണ്ടായിരുന്നത് തിലക് വര്‍മയുടെ പേരാണ്. കഴിഞ്ഞ സീസണില്‍ മുംബൈ വളരെ പരിതാപകരമായ അവസ്ഥയിലൂടെ പോകുമ്പോഴും തിലക് വര്‍മയുടെ പ്രകടനം മികച്ചുനിന്നെന്നും ഉത്തപ്പ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ ഏറ്റവും മികച്ച രീതിയില്‍ കളിച്ച സഞ്ജു സാംസണ്‍, ശുഭ്മന്‍ ഗില്‍ അടക്കമുള്ള പല താരങ്ങളെയും പാനലിലെ ഒരാള്‍ക്ക് പോലും ചൂണ്ടിക്കാണിക്കാനുണ്ടായിരുന്നില്ല.

കഴിഞ്ഞ സീസണില്‍ 150+ സ്‌ട്രൈക്ക് റേറ്റുള്ള രണ്ടേ രണ്ട് ഇന്ത്യന്‍ താരങ്ങളില്‍ ഒരാളായിരുന്നു സഞ്ജു സാംസണ്‍. ഈ വര്‍ഷം ഇരട്ട സെഞ്ച്വറിയടിച്ച ഗില്ലിനെയും ഇവര്‍ മറന്നിരുന്നു. ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ഇഷാന്‍ കിഷന്റെ റെക്കോഡ് മറികടന്നായിരുന്നു ഗില്ലിന്റെ നേട്ടം. ഇഷാന്റെ ഇരട്ട സെഞ്ച്വറി പരാമര്‍ശിച്ച എല്ലാവരും ഗില്ലിന്റെ ഈ നേട്ടത്തെ കാണാതെ പോയി.

Content Highlight: Cricket legends picks next generation stars in IPL

We use cookies to give you the best possible experience. Learn more