ആവേശകരമായ ഫൈനല്‍ മത്സരം സമ്മാനിച്ചാണ് 2023ലെ ഐ.പി.എല്‍ കിരീടം ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. അവസാന ഓവറിലെ അവസാന പന്ത് വരെ ആവേശം അലതല്ലിയ ഫൈനലില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഗുജറാത്തിനെ ചെന്നൈ പരാജയപ്പെടുത്തിയത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറുകളില്‍ 214/4 എന്ന സ്‌കോര്‍ നേടിയപ്പോള്‍ മഴയെത്തുടര്‍ന്ന് ചെന്നൈ സൂപ്പര്‍കിങ്സിന്റെ വിജയലക്ഷ്യം 15 ഓവറില്‍ 171 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു.
അവസാന ഓവറില്‍ രവീന്ദ്ര ജഡേജയുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രകടനം സി.എസ്.കെയെ അഞ്ചാം ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിടീക്കുകയായിരുന്നു.
അവസാന ഓവറില്‍ 13 റണ്‍സായിരുന്നു ചെന്നൈക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. മോഹിത് ശര്‍മയെയായയിരുന്നു ഗുജറാത്തിനായി പന്തെറിയാന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പണ്ഡ്യ ഏല്‍പ്പിച്ചത്. ആദ്യ പന്ത് ഡോട്ട് ബോളെറിഞ്ഞ മോഹിത്, രണ്ടാം പന്തില്‍ ഒരു റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. പന്നീടൂള്ള രണ്ട് പന്തും ബൗണ്ടറി വിട്ടുകൊടുക്കാതെ കളി ഗുജറാത്തിന്റെ വരുതിയിലാക്കാന്‍ മോഹിത്തിനായി. എന്നാല്‍ അവസാന രണ്ട് പന്തില്‍ ഒരു സിക്‌സും ഒരു ബൗണ്ടറിയും വിട്ടുകൊടുത്ത മോഹിത് മത്സരം കൈവിടുകയായിരുന്നു.
നാല് പന്ത് നന്നായി എറിഞ്ഞതിന് ശേഷം മോഹിതുമായി ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പണ്ഡ്യ സംസാരിച്ചിരുന്നു. ഇതാണ് ഗുജറാത്തിന്റെ തോല്‍വിക്ക് കാരണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ കോച്ച് സുനില്‍ ഗവാസ്‌കര്‍. നന്നായി പന്തെറിഞ്ഞ മോഹിത്തിന്റെ താളം ഹാര്‍ദിക്ക് നഷ്ടപ്പെടുത്തിയെന്നാണ് ഗവാസ്‌കറിന്റെ വാദം.
നല്ല രീതിയില്‍ പരിചയസമ്പന്നനെപോലെ ബൗള്‍ ചെയ്യുന്ന ആളുമായി ചര്‍ച്ച ചെയ്യേണ്ട ആവശ്യമെന്തായിരുന്നെന്നും ഗവാസ്‌കര്‍ ചോദിച്ചു. മോഹിത് ഉയര്‍ന്ന സമ്മര്‍ദം നേരിടുന്ന സമയത്ത്, പ്രത്യേകിച്ച് തന്റെ യോര്‍ക്കറുകള്‍ കൃത്യമായി പൂര്‍ത്തിയാക്കിയ സമയത്തുള്ള ചര്‍ച്ച വേണ്ടിയിരുന്നില്ലായിരുന്നെന്നും ഗവാസ്‌കര്‍ പറഞ്ഞു. കോച്ച് ആശിഷ് നഹ്‌റയുടെ പേര് കൂടെപറഞ്ഞാണ് ഗവാസ്‌കറുടെ വിമര്‍ശനമെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Cricket legend Sunil Gavaskar About the last over in the IPL final Mohit Sharma bowled well