| Saturday, 9th July 2022, 3:56 pm

ശ്രീലങ്കയില്‍ പ്രക്ഷോഭകര്‍ക്കൊപ്പം കൂടി ക്രിക്കറ്റ് ഇതിഹാസം ജയസൂര്യ; രാജ്യം ഇതുപോലെ ഒന്നിക്കുന്നത് ജീവിതത്തിലാദ്യമെന്ന് പ്രതികരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിനൊപ്പം ചേര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ. പ്രക്ഷോഭകര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ജയസൂര്യ തന്നെയാണ് തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി പങ്കുവെച്ചത്.

ശ്രീലങ്കയിലെ ജനങ്ങള്‍ക്കൊപ്പം എപ്പോഴും നില്‍ക്കുക. വൈകാതെ വിജയം ആഘോഷിക്കുകയും ചെയ്യും. പ്രക്ഷോഭം തുടരണമെന്നും ജയസൂര്യ ട്വീറ്റില്‍ കുറിച്ചു.

ഉപരോധം അവസാനിച്ചു. നിങ്ങളുടെ കോട്ട വീണിരിക്കുന്നു. ജനശക്തി വിജയിച്ചു. ദയവായി ഇപ്പോള്‍ രാജിവെക്കാനുള്ള മാന്യത ഉണ്ടായിരിക്കണമെന്നും ജയസൂര്യ മറ്റൊരു ട്വീറ്റിലൂടെ പ്രസഡന്റ് ഗോതബയ രജപക്‌സെയോട് ആവശ്യപ്പെട്ടു.

പരാജയപ്പെട്ട ഒരു നേതാവിനെ പുറത്താക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ രാജ്യം ഇതുപോലെ ഒന്നിക്കുന്നത് തന്റെ ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലെന്നും ജയസൂര്യ പറഞ്ഞു.

അതേസമയം, പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ പ്രക്ഷോഭകര്‍ രജപക്‌സെ കഴിഞ്ഞിരുന്ന മുറികളിലടക്കം കടന്ന് സാധനങ്ങള്‍ തല്ലിതകര്‍ത്തു.

കൊളംബോയിലുള്ള പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്കുള്ളിലെ ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളും ഇതിനുപിന്നാലെ വരുന്നുണ്ട്. ക്രിക്കറ്റ് താരം സനത് ജയസൂര്യക്കൊപ്പം പ്രക്ഷോഭകര്‍ സെല്‍ഫിയെടുക്കുന്ന ചത്രവും ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്.

ആയിരക്കണക്കിന് പ്രക്ഷോഭകര്‍ കൊളംബോയിലുള്ള പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയത്. സുരക്ഷ സേനകളുടെ എല്ലാ പ്രതിരോധവും മറികടന്നാണ് പ്രക്ഷോഭകര്‍ ഗെയ്റ്റ് കടന്ന് വസതിയിലേക്ക് പ്രവേശിച്ചത്.

ഇതോടെ രജപക്സെ വസതി വിട്ടിരിക്കുകയാണ്. അദ്ദേഹം എവിടേക്കാണ് പോയതെന്നത് വ്യക്തമല്ല. പ്രസിഡന്റ് രാജ്യം വിട്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്.

കൂടുതല്‍ പ്രക്ഷോഭകാരികള്‍ ട്രെയിനില്‍ കൊളംബോയിലേക്ക് തിരിക്കുകയാണ്. കാന്‍ഡി റെയില്‍വേ സ്റ്റേഷന്‍ സമരക്കാര്‍ പൂര്‍ണമായും പിടിച്ചെടുത്തു. ട്രെയിനുകളും പ്രതിഷേധക്കാര്‍ പിടിച്ചെടുത്തു. പ്രതിസന്ധിയെ തുടര്‍ന്ന് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിച്ചു.

CONTENT HIGHLIGHTS: Cricket legend Sanath Jayasuriya with protesters in Sri Lanka

Latest Stories

We use cookies to give you the best possible experience. Learn more