നെഞ്ചുവേദന; കപില്‍ദേവ് ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനായി
Cricket
നെഞ്ചുവേദന; കപില്‍ദേവ് ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd October 2020, 4:18 pm

ന്യൂദല്‍ഹി: നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം കപില്‍ ദേവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് ആന്‍ജിയോപ്ലാസ്റ്റി നടത്തിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 61 കാരനായ താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് വിവരം.

‘അദ്ദേഹം ഇപ്പോള്‍ ആരോഗ്യവാനാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയുമായി സംസാരിച്ചിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ശാരീരികമായ ചില അസ്വസ്ഥതകള്‍ തോന്നിയിരുന്നു. തുടര്‍ന്ന് ചെക്കപ്പുകള്‍ നടത്തിയിരുന്നതായാണ് അറിഞ്ഞത്’, മുന്‍ ടെസ്റ്റ് താരവും ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ അശോക് മല്‍ഹോത്ര പറഞ്ഞു.

കപില്‍ ദേവ് ആരോഗ്യവാനാണെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നുമാണ് ദല്‍ഹിയിലെ ഫോര്‍ടിസ് എസ്‌കോര്‍ട്‌സ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. നെഞ്ചുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും ഉടന്‍ തന്നെ ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കുകയായിരുന്നെന്നും അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് നെഞ്ചുവേദനയെത്തുടര്‍ന്ന് കപില്‍ ദേവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഖ്‌ലയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട്‌സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കുകയായിരുന്നു. കാര്‍ഡിയോളജി വിഭാഗം ഡയറക്ടര്‍ ഡോ. അതുല്‍ മാത്തൂറിന്റെ നേതൃത്വത്തിലാണ് ചികിത്സ.

ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് ശേഷം ഐ.സി.യുവില്‍ പ്രവേശിപ്പിച്ച ശേഷം കപില്‍ ദേവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്നും അദ്ദേഹം ഭാര്യ റൂമിയുമായി സംസാരിച്ചതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

1983ല്‍ വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് നേടിത്തന്ന ടീമിന്റെ ക്യാപ്റ്റനായിരുന്നു കപില്‍ ദേവ്. 131 ടെസ്റ്റുകളും 225 ഏകദിനങ്ങളും കളിച്ച കപില്‍ ദേവ് 434 വിക്കറ്റും 5000ലേറെ റണ്‍സും നേടിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Cricket legend kapil dev undergoes emergency coronary