| Thursday, 17th November 2022, 9:15 am

അര്‍ഷ്ദീപിനെ പാകിസ്ഥാന്‍ ഇതിഹാസവുമായി താരതമ്യം ചെയ്യുന്നതെന്തിന്? അവന് മികച്ചൊരു ഭാവിയുള്ളതാണ്; കലിപ്പായി പ്രോട്ടീസ് ലെജന്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പുത്തന്‍ താരോദയമാണ് അര്‍ഷ്ദീപ് സിങ്. ഐ.പി.എല്ലില്‍ നിന്നും ഇന്ത്യയുടെ കരിനീല ജേഴ്‌സിയിലെത്തിയ അര്‍ഷ്ദീപ് സിങ് ഇന്ത്യന്‍ പേസ് നിരയിലെ പകരം വെക്കാനില്ലാത്ത പ്രതിഭയാണ്.

ഇപ്പോഴിതാ അര്‍ഷ്ദീപ് സിങ്ങിനെ പാക് ഇതിഹാസ താരം വസീം അക്രമുമായി താരതമ്യം ചെയ്യുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ ജോണ്ടി റോഡ്‌സ്.

അര്‍ഷ്ദീപിനെ വസീം അക്രവുമായി താരതമ്യം ചെയ്യരുതെന്നും അങ്ങനെ ചെയ്യുന്നത് അര്‍ഷ്ദീപിന് മേല്‍ സമ്മര്‍ദ്ദമുണ്ടാക്കുമെന്നുമാണ് റോഡ്‌സ് പറയുന്നത്.

‘അര്‍ഷ്ദീപിനെ വസീം അക്രവുമായി താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കൂ. കാരണം അത് അവന് മേല്‍ അധിക സമ്മര്‍ദ്ദമുണ്ടാക്കും. അവന് മികച്ചൊരു ഭാവിയുണ്ട്, അവനെ കളിക്കാന്‍ അനുവദിക്കൂ,’ എന്നായിരുന്നു ജോണ്ടി റോഡ്‌സ് പറഞ്ഞത്.

രണ്ട് വര്‍ഷത്തിനിടെ ഒരു ബൗളര്‍ എന്ന നിലയില്‍ അര്‍ഷ്ദീപ് സിങ് ഏറെ പുരോഗമിച്ചിട്ടുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനുള്ള മനസ് അവനുണ്ടെന്നും പറഞ്ഞ റോഡ്‌സ് അര്‍ഷ്ദീപ് ഒരിക്കലും വസീം അക്രം അല്ല എന്നും കൂട്ടിച്ചേര്‍ത്തു.

‘കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അവനില്‍ വന്ന മാറ്റങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ അവന്‍ മറ്റൊരു ബൗളറായാണ് കാണപ്പെട്ടത്. അവന്‍ ഒരു യുവതാരമാണ്, കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്ന ഒരു താരമാണവന്‍.

അവന്‍ മികച്ച രീതിയില്‍ തന്നെ കളിക്കട്ടെ, അവന്‍ അര്‍ഷ് ദീപ് സിങ്ങാണ്, വേറെ ആരും തന്നെയല്ല,’ റോഡ്‌സ് പറയുന്നു.

നിലവില്‍ ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമാണ് അര്‍ഷ്ദീപ് സിങ്. ഐ.പി.എല്‍ 2023ന് മുന്നോടിയായി പഞ്ചാബ് കിങ്‌സ് നിലനിര്‍ത്തിയ താരങ്ങളില്‍ പ്രധാനിയും അര്‍ഷ്ദീപ് തന്നെയാണ്.

കഴിഞ്ഞ സീസണില്‍ 14 മത്സരത്തില്‍ നിന്നുമായി പത്ത് വിക്കറ്റാണ് താരം വീഴ്ത്തിയത്. 7.70 എക്കോണമിയിലായിരുന്നു താരം പന്തെറിഞ്ഞത്. 37 റണ്‍സിന് മൂന്ന് വിക്കറ്റാണ് താരത്തിന്റെ ബെസ്റ്റ് ബൗളിങ് ഫിഗര്‍.

Content Highlight: Cricket legend Jonty Rhodes says stop comparing Arshdeep Singh with Wasim Akram

We use cookies to give you the best possible experience. Learn more