| Tuesday, 10th October 2023, 8:26 am

128 വർഷത്തിന്റെ കാത്തിരിപ്പ്; ക്രിക്കറ്റ്‌ ഇനി ഒളിമ്പിക്സിലും

സ്പോര്‍ട്സ് ഡെസ്‌ക്

കായിക ചരിത്രത്തിൽ ഏറ്റവും ആവേശകരമായ നിമിഷങ്ങൾ സമ്മാനിച്ച ഇനമാണ് ക്രിക്കറ്റ്‌. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സിൽ ക്രിക്കറ്റിനെ മെഡലിനുള്ള ഒരു ഇനമായി പരിഗണിച്ചിരുന്നില്ല. ഇപ്പോഴിതാ 2028ൽ യുഎസ്എയിലെ ലോസ് ഏഞ്ചൽസിൽ നടക്കാനിരിക്കുന്ന ഒളിമ്പിക്സിൽ ക്രിക്കറ്റ്‌ ഒരു ഇവന്റായി ഉൾപ്പെടുത്തിയിരിക്കുകയാണ്.

1900 ലെ പാരീസ് ഒളിമ്പിക്സിലായിരുന്നു അവസാനമായി ക്രിക്കറ്റ് ഒളിമ്പിക്സിൽ ഉണ്ടായിരുന്നത്.

ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) നേതൃത്വത്തിലായിരുന്നു ക്രിക്കറ്റിനെ ഒരു ഇവന്റായി ഉൾപ്പെടുത്താൻ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) അംഗീകാരത്തിനായി വലിയ ശ്രമങ്ങൾ നടത്തിയത്.

ഐ.സി.സിയുടെ ചെയർമാൻ ഗ്രെഗ് ബാർക്ലേ ഒളിമ്പില് ക്രിക്കറ്റ് ഒരു ഇവന്റായി തെരഞ്ഞെടുത്തതിന്റെ ആവേശം പങ്കുവെച്ചു. ഇത് ഗെയിമിന്റെ സമ്പന്നമായ ചരിത്രത്തിന് ഒരു പ്രധാന നാഴികക്കല്ലാണെന്നാണ് അദ്ദേഹം പറഞ്ഞത്.

‘ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്താൻ LA28 ശുപാർശ ചെയ്തതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇത് ഒരു അവസാന തീരുമാനമല്ലെങ്കിലും, ഒരു നൂറ്റാണ്ടിലേറെയായി ആദ്യമായി ഒളിമ്പിക്‌സിൽ ക്രിക്കറ്റ് കാണാൻ സാധിക്കും. അതിനാൽ ഇത് വളരെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണ്,’ ഐസിസിയെ ഉദ്ധരിച്ച് ബാർക്ലേ പറഞ്ഞു.

‘കഴിഞ്ഞ രണ്ട് വർഷമായി കായിക ലോകത്തിലെ പുതിയ മാറ്റങ്ങൾക്കായി LA28 നൽകിയ പിന്തുണയ്‌ക്ക് ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു, അടുത്ത ആഴ്ച ഐ‌.സി‌.സി ഏകദിന ക്രിക്കറ്റ് ലോകകപ്പിനിടയിൽ ഇന്ത്യയിൽ നടക്കുന്ന ഐ‌.ഒ‌.സിയുടെ ചർച്ചയിലെ അന്തിമ തീരുമാനത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണ്,’ ബാർക്ലേ കൂട്ടിചേർത്തു.

Content Highlight: Cricket is included as an event in the Olympics 2028

We use cookies to give you the best possible experience. Learn more