| Saturday, 12th November 2022, 10:23 pm

എന്നാലും എന്റെ ഇംഗ്ലണ്ടേ, ഇങ്ങനെ നാണം കെടണമായിരുന്നോ? ക്രിക്കറ്റ് അയര്‍ലാന്‍ഡിന്റെ കയ്യില്‍ നിന്നും വയറു നിറയെ വാങ്ങിക്കൂട്ടി സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകമൊന്നാകെ. ഇതിഹാസ താരങ്ങളും സൂപ്പര്‍ താരങ്ങളും ഫൈനലിലെ തങ്ങളുടെ ഫേവറിറ്റുകളെ പ്രഖ്യാപിച്ച് കാത്തിരിപ്പിലാണ്.

ഇംഗ്ലണ്ടും  പാകിസ്ഥാനും തമ്മില്‍ മെല്‍ബണില്‍ നടക്കുന്ന ഫൈനലില്‍ തീ പാറുമെന്നുറപ്പാണ്. പാകിസ്ഥാന്റെ ബൗളിങ് നിരയും ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയും തമ്മിലുള്ള പോരാട്ടമായാണ് മത്സരം വിശേഷിപ്പിക്കപ്പെടുന്നത്.

ഇതിനിടെ മുന്‍ ഇംഗ്ലണ്ട് താരം രവി ബൊപ്പാരയുടെ ട്വീറ്റും അതിന് ക്രിക്കറ്റ് അയര്‍ലാന്‍ഡ് നല്‍കിയ മറുപടിയുമാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ വൈറലാവുന്നത്.

രവി ബൊപ്പാരയുടെ വമ്പന്‍ ട്വീറ്റിനെ വെറും രണ്ട് വാക്കുകകള്‍ കൊണ്ട് തകര്‍ത്തെറിഞ്ഞിരിക്കുകയാണ് ക്രിക്കറ്റ് അയര്‍ലന്‍ഡ്.

‘ശക്തിയും വന്യതയും പുറത്തെടുത്ത ഇംഗ്ലണ്ടിന്റെ മറ്റൊരു തകര്‍പ്പന്‍ പ്രകടനം. ഇംഗ്ലണ്ടിനെ വെല്ലുവിളിക്കാന്‍ ഒരേ ഒരു ടീമിന് മാത്രമേ സാധിക്കൂ. അത് പാകിസ്ഥാന് മാത്രമാണ്. ഇനി അഥവാ ലോകകപ്പില്‍ ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാം നിര സ്‌ക്വാഡിനെയും കളത്തിലിറക്കിയിരുന്നുവെങ്കില്‍ ഇംഗ്ലണ്ട് മെയ്ന്‍ ടീമും സെക്കന്‍ഡ് ഇലവനും തമ്മില്‍ ഫൈനല്‍ കളിക്കേണ്ടി വന്നേനെ,’ എന്നായിരുന്നു ബൊപ്പാരയുടെ ട്വീറ്റ്.

എന്നാല്‍ ഇതിന് ക്രിക്കറ്റ് അയര്‍ലന്‍ഡ് നല്‍കിയ മറുപടിയാണ് വൈറലാവുന്നത്. ബ്രാക്കറ്റുകള്‍ക്കുള്ളില്‍ ക്ലിയേഴ്‌സ് ത്രോട്ട് (Clears Throat) എന്നായിരുന്നു ക്രിക്കറ്റ് അയര്‍ലന്‍ഡിന്റെ ഔദ്യോഗിക ട്വറ്റര്‍ ഹാന്‍ഡിലില്‍ നിന്നും നല്‍കിയ മറുപടി.

ഈ ലോകകപ്പില്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടത് ഒരേ ഒരു മത്സരത്തിലായിരുന്നു. അതില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതാകട്ടെ അയര്‍ലാന്‍ഡും.

ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് 19.2 ഓവറില്‍ 157ന് ഓള്‍ ഔട്ടാവുകയായിരുന്നു.

158 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ ഇംഗ്ലണ്ട് ഇന്നിങ്‌സിനിടെ മഴയെത്തുകയും ഡി.എല്‍.എസ് നിയമപ്രകാരം അയര്‍ലാന്‍ഡ് അഞ്ച് റണ്‍സിന് ജയിക്കുകയുമായിരുന്നു.

ബൊപ്പാരയെ ഇല്ലാതാക്കിയ അയര്‍ലാന്‍ഡിന്റെ ട്വീറ്റ് ക്രിക്കറ്റ് ലോകം ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

Content Highlight: Cricket Ireland Trolls England Team and Former Star Ravi Bopara

We use cookies to give you the best possible experience. Learn more