| Tuesday, 3rd October 2017, 10:15 am

'ഞങ്ങള്‍ കളത്തിലിറങ്ങും; തട്ടമിട്ടുകൊണ്ടുതന്നെ': മതമൗലികവാദികളുടെ ഭീഷണി വകവെക്കാതെ ക്രിക്കറ്റ് ഗ്രൗണ്ടിലിറങ്ങി കശ്മീരി പെണ്‍കുട്ടികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: സ്‌കൂട്ടിയോടിച്ച് കോളേജിലേക്കും പ്രാക്ടീസ് ഗ്രൗണ്ടിലേക്കും പോകുന്നതും ഹിജാബ് ധരിച്ച് പന്തിനെ അതിര്‍ത്തി കടത്തുന്നതും അവള്‍ക്ക് ഒരുപോലെ അനായാസമാണ്. ക്രിക്കറ്റ് ഫീല്‍ഡിലെന്ന പോലെ സമൂഹത്തിലേയും ശത്രുക്കളേയും മറികടന്നവള്‍ മുന്നേറുകയാണ്. പറഞ്ഞു വന്നത് ബരാമുള്ള ഗവ. വുമണ്‍സ് കോളേജിന്റെ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇന്‍ഷയെ കുറിച്ചാണ്. ജമ്മൂ-കാശ്മീരിലെ കൊച്ചു പട്ടണത്തില്‍ നിന്നും വനിതാ ക്രിക്കറ്റിന്റെ വ്യത്യസ്തമായ മുഖമായി മാറുകയാണ് ഇന്‍ഷ.

കഴിഞ്ഞ ആഴ്ച്ച നടന്ന ഇന്റന്‍ യുണിവേഴ്‌സിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ടീമിനെ കിരീടത്തിലേക്ക് നയിച്ചു കൊണ്ടാണ് 21 കാരിയായ ഇന്‍ഷ പറയുന്നത് ഭയമില്ലാതെ സ്വാതന്ത്ര്യത്തോടെ തനിക്ക് ജീവിക്കണമെന്നാണ്. നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയാണ് ഇന്‍ഷ. ഹിജാബ് ധരിച്ച് കളിക്കുന്ന വനിതാ താരം ഒരേ സമയം, കൗതുകവും മതമൗലികവാദി-യാഥാസ്ഥിതികര്‍ക്കുമെതിരെയുള്ള മറുപടിയുമായി മാറുകയാണ്.

നിരവധി പേരാണ് ഇന്‍ഷയുടെ പാത പിന്തുടര്‍ന്ന് മതത്തിന്റേയും സ്റ്റീരിയോടൈപ്പ് ചിന്തകളുടേയും കെട്ടിന് പുറത്തേക്ക് വന്നിരിക്കുന്നത്. ഹിജാബ് ധരിച്ചും ബുര്‍ഖ ധരിച്ചുമെല്ലാം ക്രിക്കറ്റ് കളിച്ചു കൊണ്ടവര്‍ കളിയോടുള്ള പാഷന്‍ എത്ര വലുതാണെന്നും ഒന്നിനും അതിനെ തകര്‍ക്കാന്‍ കഴിയില്ലെന്നും വിളിച്ചു പറഞ്ഞ് ഒരുപാട് സ്ത്രീകള്‍ ഇതോടെ മുന്നോട്ട് വന്നിരിക്കുകയാണ്.

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ റാബിയ ബുര്‍ഖ ധരിച്ചാണ് കളിച്ചിരുന്നത്. എന്നാല്‍ ബുര്‍ഖയേക്കാള്‍ നല്ലത് ഹിജാബാണെന്നാണ് റാബിയയുടെ അഭിപ്രായം. മത പണ്ഡിതര്‍ തന്നെ ഒരിക്കലും മറ്റ് കളിക്കാരെ പോലെ സാധാരണ വേഷം ധരിച്ച് കളിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ ഹിജാബ് ധരിച്ച് കളിക്കുന്നതാണ് ഒരേ വഴിയെന്നും അവര്‍ പറയുന്നു.


Also Read:  ‘അവര്‍ പരാതി പറയാറില്ല, ആ മനക്കരുത്തിന് എന്റെ സല്യൂട്ട്’; തന്റെ വീട്ടിലെ സുജാതയെ പരിചയപ്പെടുത്തി പാര്‍വ്വതി


ബാരാമുള്ളയിലെ കര്‍ഷക കുടുംബത്തില്‍ പിറന്ന റാബിയ ടീമിലെ മുഖ്യ ഓള്‍ റൗണ്ടറാണ്.

ഇന്‍ഷയും ആദ്യം കളിച്ചിരുന്നത് ബുര്‍ഖ ധരിച്ചായിരുന്നു. എന്നാല്‍ സമൂഹം അവളെ പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്തു. ഇതിലൊന്നും തളരാത്ത ഇന്‍ഷ ബുര്‍ഖയ്ക്ക് പകരം ഹിജാബ് സ്വീകരിച്ചു. കളി തുടര്‍ന്നു. ഇന്ന് അത്മവിശ്വാസത്തോടെ തന്റെ എതിരാളികളെ അവള്‍ അനായാസം മറി കടന്നു മുന്നേറുകയാണ്.

“യാത്ര അത്ര സുഖകരമായിരുന്നില്ല. ബാറ്റുമായി ഞാന്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോള്‍ എല്ലാവരും എന്റെ പിതാവിനോട് പരാതിപെടുമായിരുന്നു.” ഇന്‍ഷ പറയുന്നു. ” പക്ഷെ എന്റെ കുടുംബം എനിക്കൊപ്പം നിന്നു.” മള്‍ട്ടി ടാലന്റഡ് ആയ ഇന്‍ഷ ജമ്മു കാശ്മീരിനെ ക്രിക്കറ്റില്‍ മാത്രമല്ല വോളിബോളിലും പ്രതിനിധീകരിച്ചിട്ടുണ്ട്.

ഇന്‍ഷയിലെ ക്രിക്കറ്ററെ തിരിച്ചറിഞ്ഞതും വളര്‍ത്തിയതും കോളേജ് അധികൃതരാണ്. ക്രിക്കറ്റ് പ്രാക്ടീസിനായി കോളേജില്‍ പ്രത്യേകം ഗ്രൗണ്ടും നിര്‍മ്മിച്ചിട്ടുണ്ട്.

” ഇന്‍ഷയുടെ പ്രകടനം എന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. അവള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് തോന്നി. എന്നാല്‍ ഞങ്ങളുടെ കോളേജിലെ മോശം അടിസ്ഥാന സൗകര്യവും വ്യക്തമായ സ്‌പോര്‍ട്‌സ് പോളിസി ഇല്ലാതിരുന്നതും തിരിച്ചടിയായി.” അധ്യാപകനായ റഹ്മത്ത് ഉല്ല മിര്‍ പറയുന്നു.

” അതുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഫണ്ടും മറ്റ് സഹായവും അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ക്യാമ്പയിന്‍ തുടങ്ങി. പ്‌ക്ഷെ പുരുഷമേധാവിത്വമുള്ള സമൂഹത്തില്‍ നിന്നും ലഭിച്ചത് വളരെ മോശം പ്രതികരണമായിരുന്നു. ഇതോടെ കോളേജ് പ്രിന്‍സിപ്പാളിന്റെ സഹായത്തോടെ ഒരു ടീം രൂപീകരിച്ച് യൂണിവേഴ്‌സിറ്റി മത്സരത്തിന് ഇറക്കുകയായിരുന്നു.” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ടീം രൂപീകരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. കോളേജിലെ കായിക അധ്യാപകരമായ ഗുര്‍ദീപ് സിംഗും ഷൗക്കത്ത് അഹ്മദുമാണ് അതിന് സഹായിച്ചത്. ദേശീയ തലത്തില്‍ കളിച്ചിട്ടുള്ള ഇന്‍ഷയും പരിശീലനത്തില്‍ സഹായിച്ചു.

” സംസ്ഥാനത്തിന് പുറത്ത് കളിച്ച് പരിചയമുള്ളതിനാല്‍ വാം അപ്പ് പരിശീലനമൊക്കെ എനിക്ക് അറിയാമായിരുന്നു. എന്നാല്‍ അത് മതിയാകില്ലായിരുന്നു. ഒരു ട്രെയിനിംഗ് സെന്റര്‍ തുടങ്ങാന്‍ സര്‍ക്കാരിന് പല തവണ അപേക്ഷ നല്‍കിയെങ്കിലും ഫലം കണ്ടില്ല.” ഇന്‍ഷ പറയുന്നു. എന്നാല്‍ അതിലും വലിയ കടമ്പയായിരുന്നു കുടുംബത്തിന്റെ എതിര്‍പ്പ്.


Don”t Miss:  ഹിന്ദുവായതിനാലാണ് ഗുര്‍മീത് റാം റഹീം ജയിലിലായത്, കൂട്ടത്തോടെ ഇസ്‌ലാമിലേക്ക് മതം മാറുമെന്നും അനുയായികള്‍


” റാബിയയെ പോലുള്ള നല്ലതാരങ്ങള്‍ ടീമിലുണ്ട്. പക്ഷെ ബുര്‍ഖ ധരിച്ച് കളിക്കാമെങ്കില്‍ മാത്രമേ സമ്മതിക്കൂ എന്നായിരുന്നു അവളുടെ വീട്ടുകാര്‍ പറഞ്ഞത്. മറ്റ് കുട്ടികളുടേയും വീട്ടില്‍ നിന്നും സമ്മതം കിട്ടിയത് ഹിജാബ് ധരിച്ച് കളിക്കാം എന്നു പറഞ്ഞതു കൊണ്ടാണ്”. ഗുര്‍ദീപ് പറയുന്നു. നാല് കുട്ടികളില്‍ മൂത്തവളായ റാബിയ തന്റെ സഹോദരങ്ങള്‍ക്ക് ഒരു മാതൃകയായി മാറുക എന്ന ലക്ഷ്യത്തോടെയാണ് ക്രിക്കറ്റ് മൈതാനത്തേക്കിറങ്ങിയത്.

അതേസമയം, ഇന്‍ഷയുടെ പിതാവ് ബഷീര്‍ അഹ്മദ് മിര്‍ തന്റെ മകളെയോര്‍ത്ത് അഭിമാനിക്കുന്നയാളാണ്. അവള്‍ ക്രിക്കറ്റ് തുടര്‍ന്നും കളിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ” ആളുകള്‍ അങ്ങനെ പലതും പറയും, പറയുക എന്നതാണ് ആളുകളുടെ തൊഴില്‍” പഴയൊരു ബോളിവുഡ് ഗാനം ഓര്‍മ്മപ്പെടുത്തി കൊണ്ട് അദ്ദേഹം പറഞ്ഞു.

” ആളുകള്‍ പറയുന്നത് ഞാന്‍ ശ്രദ്ധിക്കാറില്ല. എന്റെ മകള്‍ക്ക് എന്താണ് വേണ്ടതെന്നാണ് എന്റെ ഫോക്കസ്. കുട്ടിക്കാലം മുതലേ അവളൊരു ടോം ബോയ് ആയിരുന്നു. അവള്‍ തന്റെ സ്വപ്‌നം സാക്ഷാത്കരിക്കുന്നത് കാണണമെന്നാണ് എന്റെ ആഗ്രഹം. അവളെ നന്നായി ട്രെയിന്‍ ചെയ്യുന്ന അധ്യാപകരോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. ക്രിക്കറ്റ് വെറുമൊരു കളിയായിരിക്കാം പക്ഷെ അവര്‍ അവളില്‍ ഒരു പൊരുതുന്ന മനസ് ഉണ്ടാക്കിയിരിക്കുകയാണ്.” ബഷീര്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more