| Friday, 22nd July 2022, 6:17 pm

ഇംഗ്ലണ്ട് ക്രിക്കറ്റ് ഗ്രൗണ്ടിന് ഇനി ഗവാസ്‌കറിന്റെ പേര്; ഇന്ത്യയ്ക്കിത് അഭിമാന മുഹൂര്‍ത്തം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് ലെജന്‍ഡ് സുനില്‍ ഗവാസ്‌കറിന് ആദരമൊരുക്കി ഇംഗ്ലണ്ടിലെ ക്രിക്കറ്റ് ടീം. ഇംഗ്ലണ്ടിലെ ലെസ്റ്റര്‍ ക്രിക്കറ്റ് അതോറിറ്റിയാണ് തങ്ങളുടെ ഗ്രൗണ്ടിന് സുനില്‍ ഗവാസ്‌കറിന്റെ പേര് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

അഞ്ച് ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഗ്രൗണ്ടാണിത്. ഗവാസ്‌കറിനോടുള്ള ആദരസൂചകമായി താരത്തിന്റെ ഒരു ചിത്രവും സ്‌റ്റേഡിയത്തിന്റെ ചുവരില്‍ വരച്ചുചേര്‍ത്തിട്ടുണ്ട്.

‘ലെസ്റ്ററിലെ ഗ്രൗണ്ടിന് എന്റെ പേര് നല്‍കാന്‍ തീരുമാനിച്ചതില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്. ക്രിക്കറ്റിനെ, പ്രത്യേകിച്ച് ഇന്ത്യന്‍ ക്രിക്കറ്റിനെ ഏറ്റവും മികച്ച രീതിയില്‍ സപ്പോര്‍ട്ട് ചെയ്യുന്ന നഗരമാണ് ലെസ്റ്റര്‍,’ താരം പറഞ്ഞു.

തന്റെ പേരിലുള്ള ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്യാന്‍ താനും സ്റ്റേഡിയത്തിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.

യൂറോപ്പില്‍ തന്നെ ആദ്യമായിട്ടാണ് ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന് ഇന്ത്യന്‍ ക്രിക്കറ്ററുടെ പേര് നല്‍കിയിരിക്കുന്നത്.

അമേരിക്കയിലും ടാന്‍സാനിയയിലും ഗവാസ്‌കറിന്റെ പേരില്‍ സ്റ്റേഡിയങ്ങളുണ്ട്. യു.എസ്സിലെ കെന്റക്കിയിലും ടാന്‍സാനിയയിലെ സാന്‍സിബാറിലുമാണ് സുനില്‍ ഗവാസ്‌കര്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമുള്ളത്.

യു.കെയിലെ എം.പിയായ കീത്ത് വാസാണ് ഗവാസ്‌കറിന്റെ പേര് സ്റ്റേഡിയത്തിന് നല്‍കാനുള്ള ആശയത്തിന് പിന്നില്‍.

‘തന്റെ പേര് ഗ്രൗണ്ടിനിടാന്‍ അദ്ദേഹം സമ്മതിച്ചതില്‍ ഞാന്‍ ഏറെ ആവേശത്തിലാണ്. അദ്ദേഹം ഒരു ലിവിങ് ലെജന്‍ഡ് തന്നെയാണ്. ഏറെ കാലം തന്റെ കളിയിലൂടെ ഇന്ത്യക്കാരെ ഏറെ സന്തോഷിപ്പിച്ച താരമാണ് ഗവാസ്‌കര്‍. ഞങ്ങളെ സംബന്ധിച്ചിടത്തോളം അദ്ദേഹം ലിറ്റില്‍ മാസ്റ്റര്‍ മാത്രമല്ല, ക്രിക്കറ്റിന്റെ തന്നെ മാസ്റ്ററാണ്,’ വാസ് പറഞ്ഞു.

ടെസ്റ്റില്‍ 10,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്ററാണ് ഗവാസ്‌കര്‍. ഇംഗ്ലണ്ടിനെതിരെ ഏറ്റവുമധികം റണ്‍സ് നേടുന്ന രണ്ടാമത് ബാറ്ററും ഗവാസ്‌കര്‍ തന്നെയാണ്.

ഇന്ത്യയ്ക്കായി 125 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഗവാസ്‌കര്‍ 51.12 ശരാശരിയില്‍ 10,122 റണ്‍സാണ് സ്വന്തമാക്കിയത്. 34 സെഞ്ച്വറിയും 45 അര്‍ധസെഞ്ച്വറിയും നേടിയ ഗവാസ്‌കറിന്റെ ഉയര്‍ന്ന സ്‌കോര്‍ 236* ആണ്.

108 ഏകദിനത്തില്‍ നിന്നും 35.13 ആവറേജില്‍ 3,092 റണ്‍സാണ് താരം നേടിയത്. ഒരു സെഞ്ച്വറിയും 27 അര്‍ധസെഞ്ച്വറിയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ 348 ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ നിന്നും 25,834 റണ്‍സാണ് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്.

Content highlight:  Cricket ground in England to be named after Sunil Gavaskar

We use cookies to give you the best possible experience. Learn more