| Wednesday, 18th October 2017, 8:40 pm

'ക്ഷമിക്കണം, കണ്ണു കിട്ടിയതാ'; തലനാരിഴയ്ക്ക് റെക്കോര്‍ഡ് നഷ്ടപ്പെട്ട ഡിവില്യേഴ്‌സിന്റെ വെടിക്കെട്ട് പ്രകടനത്തിന് വീരുവിന്റെ കിടിലന്‍ കമന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജോഹന്നാസ് ബര്‍ഗ്: ഇന്ന് ക്രിക്കറ്റ് മൈതാനത്തുള്ള ഏറ്റവും മികച്ച താരമാരെന്ന് ചോദിച്ചാല്‍ അതില്‍ ഭൂരിപക്ഷം പേരും പറയുന്ന പേരുകളിലൊന്നായിരുന്നു പോര്‍ട്ടീസിന്റെ വെടിക്കെട്ടുകാരന്‍ എബി ഡിവില്യേഴ്‌സ്. ഇന്ന് അത് ഒരിക്കല്‍ കൂടി അടവരയിട്ട് തെളിയിച്ചിരിക്കുകയാണ് എബിഡി.

ബംഗ്ലാദേശിനെതിരെ 104 പന്തില്‍ നിന്നും 176 റണ്‍സുമായി ആടി തകര്‍ക്കുകയായിരുന്നു ഡിവില്യേഴ്‌സ്. പോര്‍ട്ടീസിന്റെ സ്‌കോര്‍ ആറിന് 353 എന്ന കൂറ്റന്‍ നിലയിലേക്ക് ഉയര്‍ത്തിയാണ് താരം ഗ്രൗണ്ട് വിട്ടത്. താരത്തിന്റെ കരിയര്‍ ബെസ്റ്റ് സ്‌കോറുമാണിത്.

85 റണ്‍സുമായി ഹാഷിം അംലയും 30 എടുത്ത് ഡുമിനിയും പിന്തുണ നല്‍കിയെങ്കിലും എബിഡിയുടെ മാസ് പ്രകടനത്തിന് മുന്നില്‍ അതെല്ലാം നിഴലുകളായി മാറുകയായിരുന്നു.

15 ഫോറും 7 സിക്‌സുമടങ്ങുന്നതുമായിരുന്നു ഡിവില്യേഴ്‌സിന്റെ ഇന്നിംഗ്‌സ്. ജൂണില്‍ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റോടെ കളിക്കളത്തു നിന്നും വിട്ടു നിന്ന താരം വമ്പിച്ച തിരിച്ചു വരവാണ് നടത്തിയത്. മധ്യനിരയില്‍ ഇറങ്ങി ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് കൈയ്യെത്തും ദൂരത്തു വച്ചാണ് പോര്‍ട്ടീസ് താരത്തിന് നഷ്ടമായത്.


Also Read: ‘അടിച്ചതിനേക്കാള്‍ കൂടുതല്‍ തളളി എത്തിച്ചു’; ഫോക്‌നറെ ഗ്യാലറിയും കടന്ന് 4312 മീറ്റര്‍ ദൂരത്തേക്ക് പറത്തി കട്ടിംഗിന്റെ പടുകൂറ്റന്‍ സിക്‌സര്‍, വീഡിയോ കാണാം


ഡിവില്യേഴ്‌സിന് അഭിനന്ദനവുമായി ക്രിക്കറ്റ് ലോകം മുഴുവന്‍ എത്തിയിരിക്കുകയാണ്. എന്നാല്‍ അതില്‍ ഏറ്റവും രസകരം മുന്‍ ഇന്ത്യന്‍ താരവും ഏകദിനത്തില്‍ ഡബ്ബിള്‍ സെഞ്ച്വറി നേടിയിട്ടുമുള്ള താരമായ വീരേന്ദര്‍ സെവാഗിന്റേതായിരുന്നു.

ആദ്യത്തെ ട്വീറ്റില്‍ എബിഡി മിഡില്‍ ഓര്‍ഡറില്‍ ഡബ്ബിള്‍ നേടുന്ന ആദ്യ താരമാകുമെന്ന് പറഞ്ഞ വീരുവിന് തൊട്ടുപിന്നാലെ അത് തിരുത്തേണ്ടി വന്നു. ഡിവില്യേഴ്‌സ് പുറത്തായതോടെ തന്റെ കണ്ണു കിട്ടിയതാണെന്ന് തോന്നുന്നു ക്ഷമിക്കണമെന്ന് പറഞ്ഞ് വീണ്ടും വീരു ട്വീറ്റ് ചെയ്യുകയായിരുന്നു.

We use cookies to give you the best possible experience. Learn more