| Wednesday, 8th November 2017, 1:38 pm

കളി കാര്യവട്ടത്തെത്തുമ്പോള്‍ കയ്യടി കാണികള്‍ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുരു ശിഷ്യന്മാരോട് ചോദിച്ചു. കളിക്കാരനും കാണിയും തമ്മിലുള്ള വ്യത്യാസമെന്താണ്. ശിഷ്യന്മാരില്‍ പലരും പല ഉത്തരങ്ങളും പറഞ്ഞു. പക്ഷെ അതൊന്നും ഗുരുവിനെ തൃപ്തനാക്കിയില്ല. ഒടുവില്‍ ഗുരുവിന്റെ ചോദ്യത്തിന് ഒരു പാട് നാളത്തെ പ്രാര്‍ത്ഥനയ്ക്കു ശേഷം ഒരു ശിഷ്യന്‍ ഉത്തരം കണ്ടെത്തി.

കളിക്കാരന് മാത്രമേ വിജയകിരീടം സമ്മാനിക്കാനാവൂ. കാഴ്ക്കാരനായിരിക്കുക എന്നത് ആര്‍ക്കും എളുപ്പമായ കാര്യമാണ്. പക്ഷെ കളത്തിലേക്കിറങ്ങി വിജയകിരീടം നേടാന്‍ നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും പിന്‍ബലം വേണം. ശിഷ്യന്റെ ഉത്തരത്തില്‍ ഗുരു കൃതാര്‍ത്ഥനയി.

കഥയവിടെയിരിക്കട്ടെ. കാര്യത്തിലേക്ക് വരാം. കളി പോലെ പ്രധാന്യമുള്ളത് തന്നെയാണ് കാണികളുടെ സാന്നിദ്ധ്യവും . കളി ആര്‍ക്ക് വേണ്ടിയാണ് എന്ന ചോദ്യമുയരുമ്പോള്‍ കാണികള്‍ക്ക് കൂടിയു ള്ളത് എന്നത് സ്വാഭാവിക ഉത്തരങ്ങളിലൊന്നാണ്.

കളത്തിന് പുറത്തെ അവരുടെ പെരുമാറ്റ രീതികള്‍ കളത്തിനകത്തെ കളിക്കാരെയും മത്സരഗതിയെ തന്നെയും സ്വാധീനിക്കുന്നുവെന്നത് നിസ്തര്‍ക്കമായ കാര്യമാണ്. അത് കൊണ്ട് കൂടിയാണ് കളിക്ക് ശേഷം പൊരുതി നേടിയ കിരീടങ്ങള്‍ കളിക്കാര്‍ പലപ്പോഴും കാണികളോടുള്ള ആദരവ്  പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി, അവര്‍ക്കായി സമര്‍പ്പിക്കുന്നത്.

നൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ആദ്യ ട്വന്റി20 പരമ്പര സമ്മാനിച്ച തിരുവനന്തപുരത്തെ വിജയം ആ അര്‍ത്ഥത്തില്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ അര ലക്ഷത്തോളം കാണികള്‍ക്കുള്ള സമ്മാനമാണ്. അവര്‍ അത് അര്‍ഹിക്കുന്നു. സമീപകാലത്തൊന്നും ഇത്ര ആവേശത്തോടെ ഒരു സ്റ്റേഡിയവും കാണികളും ക്രിക്കറ്റിനെ വരവേറ്റിട്ടില്ല.

മഴയെ വകവയ്ക്കാതെ ഗ്രീന്‍ഫീല്‍ഡിനെ നീലകടലാക്കുകയായിരുന്നു കാണികള്‍. നിന്ന് പെയ്ത മഴ ഒരിക്കല്‍പ്പോലും അവരുടെ ആവേശത്തെ ഒട്ടും കെടുത്തിയില്ല. മഴയും മത്സരവും അനന്തപുരിയില്‍ അനന്തമായി നീണ്ടിട്ടും അവര്‍ അക്ഷമരായി കാത്തിരിന്നു. അതിനുള്ള പ്രതിഫലം കൂടിയാണ് 8 ഓവറെങ്കിലും അവസാനം വരെ ആവേശമുറ്റി നിന്ന മത്സരം.

കാണികളുടെ അനിഷ്ടവും അക്ഷമയും അപ്രീതിയും പലപ്പോഴും കളിക്കാരെയും കളിയെയും തന്നെ വിപരീതമായി ബാധിക്കാറുണ്ട്. തന്നെ കളിയാക്കിയ കാണിയെ ഫ്രഞ്ച് താരമായ പാട്രിക് എവ്‌റ കുങ്ങ് ഫു സ്റ്റെലില്‍ തൊഴിച്ചത് അടുത്തിടെയാണ്. ഉരുളക്കിഴങ്ങെന്ന് വിളിച്ച് കളിയാക്കിയ കാണിയെ പാക്കിസ്താന്‍ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് ബാറ്റ് കൊണ്ട് തല്ലാനോങ്ങിയതും, കളിയാക്കിയ കാണിയെ യൂസഫ് പത്താന്‍ തല്ലിയതുമെല്ലാം ക്രിക്കറ്റില്‍ നിന്ന് തന്നെയുള്ള വാര്‍ത്തകളാണ്.

കളി തോല്‍ക്കുമെന്നായപ്പോള്‍ കാണികള്‍ കളി തടസ്സപ്പെടുത്തിയത് ഇന്ത്യയില്‍ തന്നെ മുന്‍പൊരിക്കല്‍ സംഭവിച്ചിട്ടുണ്ട്. കാണികളുടെ അപക്വമായ പെരുമാറ്റത്തില്‍ മത്സരം പൂര്‍ത്തിയാക്കാതെ ഇന്ത്യ തോല്‍ക്കുന്നതിന് ക്രീസില്‍ സാക്ഷിയായ വിനോദ് കാംബ്ലിയുടെ കണ്ണീര്‍ പൊഴിക്കുന്ന ചിത്രം കളി കണ്ട ക്രിക്കറ്റ് പ്രേമി അത്രയെളുപ്പമൊന്നും മറക്കാനിടയില്ല. ഇന്ത്യയുടെ കഴിഞ്ഞ ശ്രീലങ്കന്‍ പര്യാടനത്തിലും കളി തോല്‍ക്കുമെന്നായപ്പോള്‍ ആതിഥേയ കാണികള്‍ കളി തടസ്സപ്പെടുത്തിയത് മൂലം ഒന്നര മണിക്കൂറോളം മത്സരം നിര്‍ത്തിവെയ്‌ക്കേണ്ടി വന്നിരുന്നു.

ഈ മുന്നനുഭവങ്ങളുടെ പാശ്ചാത്തലത്തില്‍ വേണം ക്ഷമ നശിക്കാന്‍ കാരണങ്ങളേറെയുണ്ടായിട്ടും അക്ഷമരായി മത്സരത്തിനായി കാത്ത് നിന്ന തിരുവനന്തപുരത്തെ കാണികളെ സ്തുതിക്കേണ്ടത്. മഴ കാരണം നിശ്ചയിച്ചതിലും ഒരു മണിക്കൂര്‍ നേരത്തെ കാണികളെ ഗ്രൗണ്ടിലേക്ക് കയറ്റി വിട്ടിരുന്നു. അതായത് ഏതാണ്ട് വൈകീട്ട് 5 മണിയോടെ.

മത്സരം തുടങ്ങേണ്ടിയിരുന്നത് രാത്രി 7 മണിക്ക്. പക്ഷെ തുടങ്ങുന്നതോ 9.30ന്. എതാണ്ട് നാലര മണിക്കൂര്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കളി തുടങ്ങുന്നത്. അന്നേരമത്രയും മഴ വകവയ്ക്കാതെ, പിരിഞ്ഞ് പോകാതെ ശുഭാപ്തി വിശ്വാസത്തോടെ കാത്തിരിക്കാന്‍ തയ്യാറായിരുന്നു കാണികള്‍.

ഇതൊക്കെ കൊണ്ടാണ് തിരുവനന്തപുരത്തെ കാണികള്‍ കളിയോടുള്ള സമീപനത്തിലും സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റിലും വേറിട്ട് നില്‍ക്കുന്നു എന്നു ചൂണ്ടിക്കാട്ടുന്നത്. കേരളത്തിന് ഉന്നതമായ ഒരു കായിക സംസ്‌ക്കാരുണ്ട്. ഇവിടേക്ക് വിരുന്നെത്തുന്ന മത്സരങ്ങളെയെല്ലാം ഇരുകയ്യും ഹൃദയവും നീട്ടി സ്വീകരിക്കുകയാണ് നമ്മുടെ പതിവ്.

ആ പാരമ്പര്യം നിലനിര്‍ത്താനും നമ്മുടെ കായിക സംസ്‌ക്കാരം എന്താണെന്ന് ഒരിക്കല്‍ കൂടി ലോകത്തിന് മുമ്പില്‍ പ്രദര്‍ശിപ്പിക്കാനും തിരുവനന്തപുരത്തെ കാണികള്‍ക്കായി . അത് കൊണ്ടാണ് പതിവിന് വിപരീതമായി കാണികളെ മുക്തകണ്ഠം പ്രത്യേകം പ്രശംസിക്കാന്‍ കമന്റേറ്റര്‍മാരും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണുമെല്ലാം മറക്കാഞ്ഞത്.

കളിക്കാരെ പ്രോത്സാഹിപ്പിക്കാന്‍ കയ്യടിക്കുക എന്നത് കാലങ്ങളായി കണ്ട് വരുന്ന ശീലമാണ്. ഇവിടെ തിരുവനന്തപുരത്തെ കാണികളെ നോക്കി, കളിക്കാരെ മറന്ന്, മൊത്തം മലയാളികളോടുമായി ഒന്നേ പറയാനുള്ളൂ. കമ്മട്ടിപ്പാടം സിനിമയിലെ ബാലന്‍ ചേട്ടന്റെ മാസ്റ്റര്‍ പീസ് ഡയലോഗ് കയ്യടിക്കെടാ

Latest Stories

We use cookies to give you the best possible experience. Learn more