2023 ലോകകപ്പിലെ 39ാം മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തുമെന്ന പ്രവചനവുമായി മുന്‍ താരങ്ങളും ക്രിക്കറ്റ് അനലിസ്റ്റുകളും.
വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 291 റണ്‍സാണ് നേടിയത്. ഇബ്രാഹിം സദ്രാന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും റാഷിദ് ഖാന്റെ തകര്‍പ്പന്‍ കാമിയോ ഇന്നിങ്‌സുമാണ് അഫ്ഗാനിസ്ഥാനെ മികച്ച ടോട്ടലിലേക്ക് നയിച്ചത്.
സദ്രാന്‍ 143 പന്തില്‍ പുറത്താകാതെ 129 റണ്‍സടിച്ചപ്പോള്‍ 18 പന്തില്‍ പുറത്താകാതെ 35 റണ്‍സാണ് റാഷിദ് ഖാന്‍ നേടിയത്.
അഫ്ഗാന്‍ ഇന്നിങ്‌സിന് ശേഷം സബ് കോണ്ടിനെന്റല്‍ ടീമിന്റെ ജയസാധ്യത വിലയിരുത്തുകയാണ് ഹര്‍ഭജന്‍ സിങ്ങും മുഹമ്മദ് കൈഫും അടങ്ങുന്ന എക്‌സ്‌പേര്‍ട്ട് പാനല്‍. മത്സരത്തില്‍ അഫ്ഗാന്‍ വിജയിക്കുമെന്നാണ് ഇവര്‍ പ്രവചിക്കുന്നത്.
‘അഫ്ഗാനിസ്ഥാന്‍ ഉറപ്പായും വിജയിക്കും. മഞ്ഞുവീഴ്ച ഉണ്ടായില്ലെങ്കില്‍ 291 റണ്‍സ് എന്നത് 330 റണ്‍സായി മാറും (330 റണ്‍സ് പിന്തുടരുന്നത് പോലെയാകും)’ ഹര്‍ഭജന്‍ സിങ് അഭിപ്രായപ്പെട്ടു.
മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫും പ്രോട്ടിയാസ് സൂപ്പര്‍ താരം ഇമ്രാന്‍ താഹിറും അഫ്ഗാനിസ്ഥാന് തന്നെയാണ് സാധ്യത കല്‍പിക്കുന്നത്.
‘അഫ്ഗാനിസ്ഥാന്‍ വിജയിക്കുമെന്നാണ് ഞാനും പറയുന്നത്. വലിയ ടോട്ടലാണ് അവര്‍ സ്‌കോര്‍ ബോര്‍ഡില്‍ പടുത്തുയര്‍ത്തിയത്,’ കൈഫ് പറഞ്ഞു.
‘ഓസ്‌ട്രേലിയ ഇതുവരെ 292 റണ്‍സ് ലോകകപ്പില്‍ ചെയ്‌സ് ചെയ്തിട്ടില്ല എന്ന കാരണത്താല്‍ ഞാനും അഫ്ഗാനിസ്ഥാനൊപ്പമാണ്,’ എന്നായിരുന്നു ഇമ്രാന്‍ താഹിറിന്റെ അഭിപ്രായം.
അതേസമയം, ഇവരുടെ അഭിപ്രായം അടിവരയിടുന്ന പ്രകടനമാണ് അഫ്ഗാനിസ്ഥാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 25 ഓവര്‍ പിന്നിടുമ്പോഴേക്കും ഏഴ് മുന്‍നിര ഓസീസ് വിക്കറ്റുകള്‍ വീഴ്ത്തിയാണ് അഫ്ഗാന്‍ മത്സരത്തില്‍ മുന്‍തൂക്കം നേടിയിരിക്കുന്നത്.
നിലവില്‍ 25 ഓവറില്‍ 126 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയിലാണ് അഫ്ഗാനിസ്ഥാന്‍. 49 പന്തില്‍ 46 റണ്‍സുമായി ഗ്ലെന്‍ മാക്‌സ്‌വെല്ലും 16 പന്തില്‍ ആറ് റണ്‍സുമായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സുമാണ് ക്രീസില്‍.
റാഷിദ് ഖാന്‍, അസ്മത്തുള്ള ഒമറാസി, നവീന്‍ ഉള്‍ ഹഖ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ട്രാവിസ് ഹെഡ്, മാര്‍നസ് ലബുഷാന്‍, ജോഷ് ഇംഗ്ലിസ്, മാര്‍കസ് സ്റ്റോയ്നിസ്, മിച്ചല്‍ സ്റ്റാര്‍ക് എന്നിവരുടെ വിക്കറ്റാണ് കങ്കാരുക്കള്‍ക്ക് നഷ്ടമായത്.
Content Highlight: Cricket experts predict that Afghanistan will defeat Australia