ശ്രീലങ്കന്‍ തമിഴര്‍ക്ക് ക്രിക്കറ്റ് പരിശീലനത്തിന് വേദിയൊരുക്കി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്
DSport
ശ്രീലങ്കന്‍ തമിഴര്‍ക്ക് ക്രിക്കറ്റ് പരിശീലനത്തിന് വേദിയൊരുക്കി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th April 2013, 4:15 pm

കൊളംബൊ: ശ്രീലങ്കന്‍ തമിഴര്‍ക്ക്  ക്രിക്കറ്റ് ലോകത്തേക്ക് പുതിയ പ്രതിഭകളെ കണ്ടെത്താന്‍  ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ്  (എസ്.എല്‍.സി) ശ്രമം തുടങ്ങി.

ശ്രീലങ്കയുടെ വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ ഇതിനായി പ്രത്യക പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്.[]

യുവതാരങ്ങളെ കണ്ടെത്തുന്നതിനുള്ള ആദ്യ പടിയായി അടുത്ത മാസം ഉത്തര ശ്രീലങ്കയുടെ തലസ്ഥാനമായ ജാഫ്‌നയില്‍ 2 ദിവസത്തെ പരിശീലന ക്യാമ്പ് നടത്തുമെന്ന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

അണ്ടര്‍ 14, അണ്ടര്‍ 19 വിഭാഗങ്ങളായി തിരിച്ചാണ് പരിശീലന ക്യാമ്പുകള്‍ നടക്കുക. ജാഫ്‌നയിലെ പരിശീലന പരിപാടികള്‍ക്ക് ശേഷം ബാറ്റികലോവയിലും പരിപാടികള്‍ സംഘടിപ്പിക്കും.

മികച്ച കളിക്കാര്‍ക്കു പുറമെ പരിശീലകരെ കണ്ടെത്താനുമുള്ള ക്യാമ്പുകളും ശ്രീലങ്കന്‍ ക്രിക്കറ്റ്  ബോര്‍ഡ്   നടത്തും. രീലങ്കയില്‍ ഏറ്റവും പ്രചാരമുള്ള കായിക ഇനമാണ് ക്രിക്കറ്റ്.
മുപ്പതു വര്‍ഷത്തോളം നീണ്ട എല്‍.ടി.ടി.ഇ ശ്രീലങ്കന്‍ സേന സംഘര്‍ഷങ്ങള്‍ക്കിടയില്‍ വടക്ക് കിഴക്കന്‍ മേഖലകളിലെ യുവതാരങ്ങള്‍ക്ക് ഉയര്‍ന്നു വരാന്‍ കഴിഞ്ഞിരുന്നില്ല.

സംഘര്‍ഷങ്ങള്‍ക്കിടയിലും ജാഫ്‌നയിലെ സെന്റ് ജോണ്‍സ് കൊളേജും സെന്റ് ജോണ്‍സും തമ്മിലുള്ള ക്രിക്കറ്റ് മത്സരം എല്ലാ വര്‍ഷവും തുടരുന്നുണ്ടായിരുന്നു.

1981ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഐ.സി.സിയില്‍ സ്ഥിരാംഗത്വം ലഭിച്ചതിനു ശേഷം വളരെ കുറച്ച് തമിഴ് വംശജര്‍ക്ക് മാത്രമെ ദേശീയ ടീമിലിടം നേടാന്‍ സാധിച്ചിരുന്നുള്ളു.

ലോകം കണ്ട എക്കാലത്തെയും സ്പിന്‍ ഇതിഹാസങ്ങളില്‍ ഒരാളായ മുത്തയ്യ മുരളീധരനും റസല്‍ അര്‍നോള്‍ഡും ദേശീയ ടീമില്‍ ഇടം നേടീയ തമിഴ് വംശജരാണ്.

ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ഈ കോച്ചിംങ്  പരിശീലനത്തിലൂടെ ഭാവിയില്‍ മികച്ച പ്രതിഭകള്‍ക്ക് ക്രിക്കറ്റ്  ലോകതെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.