കാന്‍ബറ: അഫ്ഗാനിസ്ഥാനുമായുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്നും പിന്മാറി ക്രിക്കറ്റ് ഓസ്‌ട്രേലിയ. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ടെസ്റ്റില്‍ നിന്നും പിന്മാറുന്ന വിവരം അറിയച്ചത്.
വനിതാ ക്രിക്കറ്റിനോടുള്ള താലിബാന്റെ സമീപനത്തില്‍ പ്രതിഷേധമറിയിച്ചാണ് അഫ്ഗാന്‍ പുരുഷ ടീമിനൊപ്പമുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്നും ടീം പിന്മാറിയിരിക്കുന്നത്. പരമ്പരയുടെ ആതിഥേയത്വം വഹിക്കാനാവില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. നവംബറില്‍ ഹൊബാര്‍ട്ടില്‍ വെച്ചാണ് മത്സരം നടക്കേണ്ടിയിരുന്നത്.
ലോകമമ്പാടുള്ള വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ച പ്രത്യാശയോടെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ നോക്കിക്കാണുന്നതെന്നും, അഫ്ഗാനില്‍ വനിതാ ക്രിക്കറ്റര്‍മാര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും ട്വീറ്റില്‍ പറയുന്നു. തങ്ങളുടെ തീരുമാനത്തിന് കൂട്ടുനിന്ന ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനും ടാന്‍സാനിയന്‍ സര്‍ക്കാരിനുമുള്ള നന്ദിയും ട്വീറ്റില്‍ രേഖപ്പെടുത്തുന്നു.
An update on the proposed Test match against Afghanistan ⬇️ pic.twitter.com/p2q5LOJMlw
— Cricket Australia (@CricketAus) September 9, 2021
ഓസ്‌ട്രേലിയന്‍ ജേര്‍ണലിസ്റ്റായ ട്രേസി ഹോല്‍മ്‌സ് അടക്കമുള്ള ഒട്ടേറെയാളുകള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തുന്നുണ്ട്.
സെപ്റ്റംബര്‍ ആദ്യമാണ് അഫ്ഗാനിലെ പുരുഷ കായിക താരങ്ങള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താലിബാന്‍ അനുമതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റിന് വഴിയൊരുങ്ങിയത്.
ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് മത്സരങ്ങള്‍ക്കൊപ്പം ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 15 വരെ യു.എ.ഇയില്‍ വെച്ച് നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി-ട്വന്റി മത്സരങ്ങളില്‍ പങ്കെടുക്കാനും താലിബാന്‍ ടീമിനെ അനുവദിച്ചിട്ടുണ്ട്. ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണ് ടൂര്‍ണമെന്റിലെ മറ്റ് ടീമുകള്‍.
എന്നാല്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങള്‍ക്കും പര്യടനങ്ങള്‍ക്കും അനുമതി നല്‍കിയ താലിബാന്‍, വനിതാ ക്രിക്കറ്റ് ടീമിനെ കുറിച്ചുള്ള വാര്‍ത്തകളോട് പ്രതികരിക്കാന്‍ ഇനിയും തയ്യാറായിട്ടില്ല. വനിതാ ക്രിക്കറ്റ് ടീമിനെ കുറിച്ച് തങ്ങള്‍ക്ക് ഈ നിമിഷം ഒന്നും പറയാനാകില്ല എന്നാണ് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസറായ ഹമീദ് ഷിന്‍വാരി പറഞ്ഞത്.
കഴിഞ്ഞ വര്‍ഷമാണ് അഫ്ഗാനില്‍ വനിതാ ക്രിക്കറ്റ് ടീം രൂപീകരിക്കുന്നത്. അഫ്ഗാന്റെ ഭരണം താലിബാന്‍ പിടിച്ചടക്കിയതോടെ വനിതാ ക്രിക്കറ്റ് ടീമിനെ പിരിച്ച് വിടുകയായിരുന്നു. ടീമിലെ പല അംഗങ്ങളും കാനഡയടക്കമുള്ള രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുകയാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
>
Content Highlight: Cricket Australia withdraws from Test series against Afghanistan