| Thursday, 20th October 2022, 7:58 am

ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഞങ്ങള്‍ സഞ്ചരിക്കും, ഒരു ഭ്രാന്തനെ പോലെ; ഇതുവരെ ആരും ചിന്തിക്കിക്കുക പോലും ചെയ്യാത്ത വമ്പന്‍ ഐഡിയയുമായി ഓസീസ്

സ്പോര്‍ട്സ് ഡെസ്‌ക്

കാലങ്ങളായി ക്രിക്കറ്റ് മാറ്റങ്ങളുടെ പാതയിലാണ്. പുതിയ നിയമങ്ങള്‍ കൂട്ടിച്ചേര്‍ത്തും ചിലത് പൊളിച്ചെഴുതിയും ചിലത് കര്‍ശനമാക്കിയുമാണ് മോഡേണ്‍ ഡേ ക്രിക്കറ്റ് മുന്നോട്ട് കുതിക്കുന്നത്. അതില്‍ പ്രധാനമാണ് കുറഞ്ഞ ഓവര്‍ നിരക്കിനെ കുറിച്ചുള്ള നിയമങ്ങള്‍.

അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ തങ്ങളുടെ ഓവര്‍ ഓരോ ടീമും എറിഞ്ഞ് പൂര്‍ത്തിയാക്കണം. അല്ലാത്ത പക്ഷം ടീം ക്യാപ്റ്റനും അംഗങ്ങളും പിഴയൊടുക്കേണ്ടി വരുന്നതടക്കമുള്ള നിലയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുകയും ചെയ്യും.

കുട്ടിക്രിക്കറ്റിന്റെ ആവേശമുള്‍ക്കൊള്ളുന്ന ടി-20 ഫോര്‍മാറ്റില്‍ പരമാവധി 85 മിനിട്ടാണ് ഓരോ ടീമിനും തങ്ങളുടെ 20 ഓവറും എറിയാനായി ലഭിക്കുക. ഈ സമയത്തിനുള്ളില്‍ ഓവര്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ബൗളിങ് ടീമിന് കാര്യങ്ങള്‍ ഗുണകരമാവില്ല.

പല ടീമുകള്‍ക്കും ഇപ്പോള്‍ ഈ പണി കിട്ടിയിട്ടുണ്ട്. 85 മിനിട്ടിനകം തന്നെ 20 ഓവറും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടതായും വന്നിട്ടുണ്ട്.

കുറഞ്ഞ ഓവര്‍ റേറ്റിനെ മറികടക്കാന്‍ ടീം മാനേജ്‌മെന്റുകള്‍ പല തന്ത്രങ്ങളും ആവിഷ്‌കരിച്ചിരുന്നു. താരങ്ങളുടെ ബ്രേക്കിന്റെ സമയം വെട്ടിച്ചുരുക്കിയും വിക്കറ്റ് വീണാലുള്ള സെലിബ്രേഷന്റെ സമയം കുറച്ചുമെല്ലാം അവര്‍ സമയം ലാഭിക്കാനും കുറഞ്ഞ ഓവര്‍ നിരക്കിനെ മറികടക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ ഒന്നും വിലപ്പോയിരുന്നില്ല.

എന്നാല്‍, ഈ പ്രശ്‌നത്തെ മറികടക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ്. എല്ലാ ടീമുകളും ഉടന്‍ തന്നെ അനുകരിക്കാന്‍ സാധ്യതയുള്ള ഒരു തന്ത്രമാണ് നിയമത്തിനുള്ളില്‍ നിന്നുകൊണ്ടുതന്നെ ഓസീസ് നടത്തിയിരിക്കുന്നത്.

അക്ഷരാര്‍ത്ഥത്തില്‍ ഔട്ട് ഓഫ് ദി ബോക്‌സ് തിങ്കിങ് എന്ന് ഇതിനെയൊക്കെയാണ് വിളിക്കേണ്ടത് എന്ന് തോന്നിപ്പോവും വിധമാണ് കുറഞ്ഞ ഓവര്‍ നിരക്കിനെ മറികടക്കാനുള്ള വഴിയുമായി ഓസീസ് എത്തിയിരിക്കുന്നത്.

ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി സംസാരിക്കവെ ഓസീസ് താരം ആഷ്ടണ്‍ അഗറാണ് ടീമിന്റെ തന്ത്രങ്ങളെ കുറിച്ച് പറഞ്ഞത്. ബെഞ്ചിലിരിക്കുന്ന താരങ്ങളെ ബോള്‍ ബോയ്‌സാക്കിക്കൊണ്ടാണ് ഈ ഓസീസ് പുതിയ മാതൃക കാണിക്കുന്നത്.

‘മിക്ക സമയങ്ങളിലും, പ്രത്യേകിച്ച് പവര്‍ പ്ലേകളില്‍ ബൗണ്ടറിയില്‍ ചെന്ന് ബോള്‍ തിരിച്ചെടുത്തുകൊണ്ടുവരാനാണ് സമയം പാഴാകുന്നത്. ഇതുകൊണ്ടുതന്നെ സമയം പാഴാകുന്നത് തടയാന്‍ സബ്സ്റ്റ്യൂട്ട് ഫീല്‍ഡര്‍മാരെ ബൗണ്ടറി റോപ്പിന് സമീപം ഞങ്ങള്‍ നിര്‍ത്തിയിരിക്കുകയാണ്.

പവര്‍ പ്ലേ സമയത്ത് പന്ത് ഗ്രൗണ്ടിന്റെ നാല് പാടും പറക്കും. അതുകൊണ്ട് സമയം ലാഭിക്കാനായി ബെഞ്ചലിരിക്കുന്ന താരങ്ങളെ ബൗണ്ടറി റോപ്പിന് പിന്നിലായി ഗ്രൗണ്ടിലൊന്നാകെ വിന്യസിച്ചിരിക്കുകയാണ്. ഇതോടെ ആ പത്തോ പതിനഞ്ചോ സെക്കന്റുകള്‍ നമുക്ക് ലാഭം കിട്ടും,’ ആഷ്ടണ്‍ അഗര്‍ പറയുന്നു.

ടി-20 ലോകകപ്പ് നിലനിര്‍ത്താനൊരുങ്ങുന്ന ഓസീസിന്റെ ആവനാഴിയില്‍ തന്ത്രങ്ങള്‍ക്ക് പഞ്ഞമില്ലെന്ന് വ്യക്തമാക്കുന്ന സ്ട്രാറ്റജിയാണ് ടീം പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ 22ന് ന്യൂസിലാന്‍ഡിനെതിരെ ആദ്യ മത്സകരം കളിച്ചുകൊണ്ടാണ് ഓസീസ് തങ്ങളുടെ ലോകകപ്പ് ക്യാമ്പെയ്ന്‍ ആരംഭിക്കുന്നത്.

Content Highlight: Cricket Australia to use players as ball boys to avoid slow over-rate

We use cookies to give you the best possible experience. Learn more