ക്രിക്കറ്റില്‍ അവര്‍ക്കും ഇടമില്ലെങ്കില്‍ അഫ്ഗാനിസ്ഥാനെതിരെ പരമ്പരക്കില്ല; പഴയ നിലപാടിലുറച്ച് ഓസ്‌ട്രേലിയ
Sports News
ക്രിക്കറ്റില്‍ അവര്‍ക്കും ഇടമില്ലെങ്കില്‍ അഫ്ഗാനിസ്ഥാനെതിരെ പരമ്പരക്കില്ല; പഴയ നിലപാടിലുറച്ച് ഓസ്‌ട്രേലിയ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 4th July 2024, 4:45 pm

അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് നാഷണല്‍ ക്രിക്കറ്റ് ടീമിനെതിരെ പരമ്പര കളിക്കാന്‍ വിസമ്മതിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. 2021ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ അധികാരം പിടിച്ചടക്കിയതോടെ സ്ത്രീകളുടെ വിദ്യാഭ്യാസവും അവര്‍ കായികവിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനുമടക്കം വിലക്കേര്‍പ്പെടുത്തിയിരുന്നു.

താലിബാന്‍ ഭരണകൂടത്തിന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ച് ഓസ്‌ട്രേലിയ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ നിന്നും പിന്‍മാറിയിരുന്നു. രണ്ടര വര്‍ഷങ്ങള്‍ക്കിപ്പുറവും ഓസ്‌ട്രേലിയ ഇതേ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ്.

‘ഞങ്ങള്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. ലോകമെമ്പാടുമുള്ള പുരുഷ ക്രിക്കറ്റും വനിതാ ക്രിക്കറ്റും അഭിവൃദ്ധിപ്പെടാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

കാര്യങ്ങളില്‍ പുരോഗതിയുണ്ടാകുമെന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നത്. ഞങ്ങള്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി അടുത്ത ബന്ധം പുലര്‍ത്തുന്നത് ഇനിയും തുടരും. ഭാവിയില്‍ അഫ്ഗാനിസ്ഥാനെതിരെ ബൈലാറ്ററല്‍ പരമ്പര കളിക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നത്,’ ക്രിക്കറ്റ് ഓസ്‌ട്രേലിയ സി.ഇ.ഒ നിക് ഹോക്‌ലിയുടെ വാക്കുളെ ഉദ്ധരിച്ച് ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

‘ഈ ബൈലാറ്ററല്‍ മത്സരങ്ങളെ കുറിച്ച് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അടക്കമുള്ള ഉഭയകക്ഷികളുമായി ഞങ്ങള്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനെതിരായ രണ്ട് പരമ്പരകള്‍ മനുഷ്യാവകാശങ്ങളുടെ ഭാഗമായി മാറ്റിവെക്കാന്‍ തീരുമാനിക്കുകയും ചെയ്തിരിക്കുകയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2021ല്‍ തങ്ങള്‍ ആതിഥേയത്വം വഹിക്കാനിരുന്ന ബൈലാറ്ററല്‍ സീരിസില്‍ നിന്നുമാണ് ഓസ്‌ട്രേലിയ നേരത്തെ പിന്‍മാറിയിരുന്നത്. എക്‌സിലൂടെയാണ് തങ്ങള്‍ പരമ്പരയില്‍ നിന്നും പിന്‍മാറുന്നതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കിയത്.

 

ലോകമമ്പാടുള്ള വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ച പ്രത്യാശയോടെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ നോക്കിക്കാണുന്നതെന്നും, അഫ്ഗാനില്‍ വനിതാ ക്രിക്കറ്റര്‍മാര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നുമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്ന് പറഞ്ഞിരുന്നത്. തങ്ങളുടെ ഈ തീരുമാനത്തിന് പിന്തുണ നല്‍കിയ ഓസ്ട്രേലിയന്‍ സര്‍ക്കാരിനും ടാന്‍സാനിയന്‍ സര്‍ക്കാരിനുമുള്ള നന്ദിയും കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു.

അതേസമയം, അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ഐ.സി.സി ഇവന്റുകളില്‍ ഓസ്‌ട്രേലിയ മത്സരിച്ചിരുന്നു. 2023 ഏകദിന ലോകകപ്പിലും 2024 ടി-20 ലോകകപ്പിലുമാണ് ഇരു ടീമുകളും പരസ്പരമേറ്റുമുട്ടിയത്.

2023ല്‍ വിജയം മുമ്പില്‍ കണ്ട ശേഷമാണ് അഫ്ഗാനിസ്ഥാന്‍ പരാജയത്തിലേക്ക് വീണത്. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഇരട്ട സെഞ്ച്വറിയും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ അത്ഭുതകരമായ ചെറുത്തുനില്‍പുമാണ് ഓസ്‌ട്രേലിയക്ക് വിജയം സമ്മാനിച്ചത്.

എന്നാല്‍ 2023ല്‍ നഷ്ടപ്പെട്ട വിജയം 2024ല്‍ സ്വന്തമാക്കിയാണ് അഫ്ഗാന്‍ തിരിച്ചടിച്ചത്. ഗുല്‍ബദീന്‍ നയീബിന്റെ കരുത്തിലാണ് അഫ്ഗാന്‍ കങ്കാരുക്കളെ തോല്‍പിച്ചത്. ഈ വിജയത്തിന് പിന്നാല അഫ്ഗാന്‍ സെമിയില്‍ പ്രവേശിച്ചപ്പോള്‍ ഓസ്‌ട്രേലിയ സെമി കാണാതെ പുറത്തായി.

 

Also Read: തുടക്കം ഗംഭീരം! ഇംഗ്ലണ്ട് ലെജന്‍ഡ്‌സിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ തേരോട്ടം തുടങ്ങി

 

Also Read: സ്പെയ്നിനെതിരെയുള്ള കളിക്ക് ശേഷം അദ്ദേഹത്തെ ഞങ്ങൾ ഫുട്‍ബോളിൽ നിന്നും വിരമിപ്പിക്കും: ജോസേലു

 

Also Read: ലോകകപ്പിന് പിന്നാലെ ജഡേജയെക്കാള്‍ മികച്ച ഓള്‍ റൗണ്ടറായി വിരാട്!!! ഐ.സി.സി റാങ്കിങ്ങില്‍ ജഡ്ഡുവിനേക്കാള്‍ മേലെ

 

 

Content Highlight: Cricket Australia says that Australia will not play bilateral cricket with Afghanistan because of the Taliban government’s stance regarding the rights of women