വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2021-23 സൈക്കിളിന് ഈ ആഴ്ചയോടെ അന്ത്യമാവുകയാണ്. ഫൈനലില്‍ ഓസ്‌ട്രേലിയ ടെസ്റ്റ് മെയ്‌സിനായി ഇന്ത്യയെ നേരിടും. ഇംഗ്ലണ്ടിലെ ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ഇരുടീമുകള്‍ക്കും തുല്യ സാധ്യതയാണ് കല്‍പിക്കപ്പെടുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന്റെ ആവേശം കൊടുമ്പിരി കൊള്ളവെ ക്രിക്കറ്റ് ഓസ്‌ട്രേലിയ അവരുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി പങ്കുവെച്ച ഒരു ട്വീറ്റാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2021-23 സൈക്കിളിന്റെ ഇലവനെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ തെരഞ്ഞെടുത്തിരിക്കുന്നത്. എല്ലാ ടീമുകളില്‍ നിന്നുമുള്ള മികച്ച താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ഓസീസ് അണ്‍ ഓഫീഷ്യല്‍ ടീം ഓഫ് ദി ടൂര്‍ണമെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും മൂന്ന് വീതം താരങ്ങള്‍ ടീമില്‍ ഇടം പിടിച്ചപ്പോള്‍ രണ്ട് ഇംഗ്ലണ്ട് താരങ്ങളും ടീമിന്റെ ഭാഗമായി. ഇവര്‍ക്ക് പുറമെ ശ്രീലങ്ക, പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക ടീമിലെ ഓരോ താരങ്ങളുമാണ് ടീമിന്റെ ഭാഗമായിരിക്കുന്നത്.
The 2021-23 World Test Championship reaches its conclusion this week! #WTC23#WTCFinal
ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിനെയാണ് ഓസ്‌ട്രേലിയ ഈ ടീമിന്റെയും നായകസ്ഥാനമേല്‍പിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പറായി ഇന്ത്യയുടെ യുവതാരം റിഷബ് പന്തിനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പന്തിനെ ടീമിന്റെ ഭാഗമാക്കിയത് ഇന്ത്യന്‍ ആരാധകര്‍ ഏറെ വൈകാരികമായും അതിലുപരി ആവേശത്തോടെയുമാണ് സ്വീകരിച്ചിരിക്കുന്നത്. അപകടത്തില്‍ പരിക്കേറ്റ പന്തിന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നഷ്ടപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ക്കൂടിയാണ് ഓസീസ് ഈ ടീം പ്രഖ്യാപിച്ചിരിക്കുന്നത്.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അണ്‍ ഒഫീഷ്യല്‍ ടീം ഓഫ് ദി ടൂര്‍ണമെന്റ്
ഉസ്മാന്‍ ഖവാജ (ഓസ്‌ട്രേലിയ)
ദിമുത് കരുണരത്‌നെ (ശ്രീലങ്ക)
ബാബര്‍ അസം (പാകിസ്ഥാന്‍)
ജോ റൂട്ട് (ഇംഗ്ലണ്ട്)
ട്രാവിസ് ഹെഡ് (ഓസ്‌ട്രേലിയ)
രവീന്ദ്ര ജഡേജ (ഇന്ത്യ)
റിഷബ് പന്ത് – വിക്കറ്റ് കീപ്പര്‍ (ഇന്ത്യ)
രവിചന്ദ്ര അശ്വിന്‍ (ഇന്ത്യ)
പാറ്റ് കമ്മിന്‍സ് – ക്യാപ്റ്റന്‍ (ഓസ്‌ട്രേലിയ)
കഗീസോ റബാദ (സൗത്ത് ആഫ്രിക്ക)
ജെയിംസ് ആന്‍ഡേഴ്‌സണ്‍ (ഇംഗ്ലണ്ട്)
ട്വല്‍ത്ത് മാന്‍: മാര്‍നസ് ലബുഷാന്‍ (ഓസ്‌ട്രേലിയ)
അതേസമയം, വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം പ്രധാനമേറിയ ആഷസാണ് ഓസീസിനെ കാത്തിരിക്കുന്നത്. ചിരവൈരികളായ ഇംഗ്ലണ്ടിനെ അവരുടെ നാട്ടിലെത്തി നേരിടാനാണ് ഓസീസ് ഒരുങ്ങുന്നത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇംഗ്ലണ്ട് തന്നെയാണ് വേദിയാകുന്നത്.