ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീമില്‍ പാറ്റ് കമ്മിന്‍സിന് ഇടമില്ല, പകരം ക്യാപ്റ്റനായി സാക്ഷാല്‍ ബുംറ
Sports News
ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീമില്‍ പാറ്റ് കമ്മിന്‍സിന് ഇടമില്ല, പകരം ക്യാപ്റ്റനായി സാക്ഷാല്‍ ബുംറ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 31st December 2024, 2:58 pm

2024ലെ ടെസ്റ്റ് ടീമിനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ. ഈ കലണ്ടര്‍ ഇയറില്‍ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ഓസ്ട്രേലിയ ടീം ഒരുക്കിയിരിക്കുന്നത്.

ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ശ്രീലങ്ക, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക ടീമുകളില്‍ നിന്നുള്ള താരങ്ങളാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ടീം ഓഫ് ദി ഇയറില്‍ ഇടം നേടിയത്. ഇതില്‍ ഏറ്റവുമധികം താരങ്ങള്‍ ഇംഗ്ലണ്ടില്‍ നിന്നുമാണ്. മൂന്ന് പേര്‍. ഇന്ത്യ, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ ടീമുകളില്‍ നിന്നും രണ്ട് വീതം താരങ്ങള്‍ ടീമിലെത്തിയപ്പോള്‍ ശ്രീലങ്ക, സൗത്ത് ആഫ്രിക്ക ടീമില്‍ നിന്നും ഓരോരുത്തരും ഇലവന്റെ ഭാഗമായി.

 

സ്വന്തം നായകന്‍ പാറ്റ് കമ്മിന്‍സിനെ ഉള്‍പ്പെടുത്താതെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ടീം ഒരുക്കിയിരിക്കുന്നത് എന്നതാണ് ഒരേ സമയം രസകരവും വിചിത്രവുമായ കാര്യം. പകരം ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ 2024ലെ ഏറ്റവും മികച്ച ടീമിന്റെ ക്യാപ്റ്റന്‍സിയേല്‍പിച്ചിരിക്കുന്നത്.

ടീമിന്റെ ഓപ്പണര്‍മാരായി ഇന്ത്യന്‍ യുവതാരം യശസ്വി ജെയ്സ്വാളും ഇംഗ്ലണ്ട് സൂപ്പര്‍ താരം ബെന്‍ ഡക്കറ്റുമാണ് ക്രീസിലെത്തുക. 2024ലെ റണ്‍വേട്ടക്കാരില്‍ ഇരുവരും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ ഇടം നേടിയവരാണ്.

ഈ വര്‍ഷം ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരവും നിലവിലെ ടെസ്റ്റ് ബാറ്റര്‍മാരിലെ ഒന്നാം റാങ്കുകാരനും ഫ്യൂച്ചര്‍ ലെജന്‍ഡും ഫാബ് ഫോറിലെ കരുത്തനുമായ ജോ റൂട്ടാണ് വണ്‍ ഡൗണായി ക്രീസിലെത്തുക. നാലാം നമ്പറില്‍ ന്യൂസിലാന്‍ഡ് വണ്ടര്‍ കിഡ് രചിന്‍ രവീന്ദ്രയും കളത്തിലിറങ്ങും.

ടെസ്റ്റില്‍ റൂട്ടിന്റെ ക്രൈം പാര്‍ട്ണറും നിലവിലെ ടെസ്റ്റ് റാങ്കിങ്ങില്‍ രണ്ടാമനുമായ ഹാരി ബ്രൂക്കും 2024 ശ്രീലങ്കയ്ക്ക് സമ്മാനിച്ച കാമിന്ദു മെന്‍ഡിസുമാണ് അഞ്ച്, ആറ് സ്ഥാനങ്ങളില്‍ ഇടം നേടിയിരിക്കുന്നത്.

വിക്കറ്റ് കീപ്പറായി ഓസീസിന്റെ സ്വന്തം അലക്‌സ് കാരിയെത്തുമ്പോള്‍ രചിന് കൂട്ടായി ന്യൂസിലാന്‍ഡ് സ്പീഡ്സ്റ്റര്‍ മാറ്റ് ഹെന്‌റിയും ടീമിലുണ്ട്.

ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയ്ക്ക് പുറമെ ജോഷ് ഹെയ്‌സല്‍വുഡും പ്രോട്ടിയാസ് സൂപ്പര്‍ സ്പിന്നര്‍ കേശവ് മഹാരാജുമെത്തുന്നതോടെ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ബെസ്റ്റ് ടെസ്റ്റ് ഇലവന്‍ ഓഫ് 2024 പൂര്‍ത്തിയാകും.

ക്രിക്കറ്റ് ഓസ്‌ട്രേലിയ തെരഞ്ഞെടുത്ത ടെസ്റ്റ് ടീം ഓഫ് ദി ഇയര്‍ 2024

യശസ്വി ജെയ്‌സ്വാള്‍ (ഇന്ത്യ)
ബെന്‍ ഡക്കറ്റ് (ഇംഗ്ലണ്ട്)
ജോ റൂട്ട് (ഇംഗ്ലണ്ട്)
രചിന്‍ രവീന്ദ്ര (ന്യൂസിലാന്‍ഡ്)
ഹാരി ബ്രൂക്ക് (ഇംഗ്ലണ്ട്)
കാമിന്ദു മെന്‍ഡിസ് (ശ്രീലങ്ക)
അലക്‌സ് കാരി – വിക്കറ്റ് കീപ്പര്‍ (ഓസ്‌ട്രേലിയ)
മാറ്റ് ഹെന്‌റി (ന്യൂസിലാന്‍ഡ്)
ജസ്പ്രീത് ബുംറ – ക്യാപ്റ്റന്‍ (ഇന്ത്യ)
ജോഷ് ഹെയ്‌സല്‍വുഡ് (ഓസ്‌ട്രേലിയ)
കേശവ് മഹാരാജ് (സൗത്ത് ആഫ്രിക്ക)

 

Content Highlight: Cricket Australia’s Test Team Of The Year 2024